
സ്വന്തം ലേഖകൻ: ഗ്രീൻ പട്ടികയിൽ ഇടംപിടിച്ച 22 രാജ്യങ്ങളിലെ യാത്രക്കാർക്ക് ജൂലൈ 1 മുതൽ അബുദാബിയിൽ ക്വാറന്റീൻ ഒഴിവാക്കും. എന്നാൽ കോവിഡ് രണ്ടാം തരംഗത്തിൽനിന്നു കരകയറുന്നതുവരെ ഇന്ത്യക്കാർ കാത്തിരിക്കേണ്ടിവരും. കഴിഞ്ഞ ഏപ്രിൽ 24 ന് നിലവിൽ വന്ന ഇന്ത്യക്കാർക്കുള്ള പ്രവേശന വിലക്ക് യുഎഇ അനിശ്ചിത കാലത്തേക്കു നീട്ടിയിരിക്കുകയാണ്.
ഇന്ത്യക്കാർക്കുള്ള വിലക്ക് താൽക്കാലികമാണെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ച് യഥാസമയം വേണ്ട മാറ്റം വരുത്തുമെന്നും അധികൃതർ അറിയിച്ചു. നിലവിൽ പത്ത് ദിവസമാണ് അബൂദബിയിലെത്തുന്ന വിമാന യാത്രക്കാർക്ക് ക്വാറൻറീൻ. ടൂറിസം രംഗം തിരിച്ചെത്തുന്നതിെൻറ ഭാഗമായി ഈ ക്വാറൻറീൻ ഒഴിവാക്കാനാണ് പദ്ധതി. ദുബായ് മാതൃകയിൽ നെഗറ്റിവ് സർട്ടിഫിക്കറ്റുമായി എത്തുന്നവരെ ക്വാറൻറീനിൽ നിന്നൊഴിവാക്കും.
നിലവിൽ വാക്സിനെടുത്തവർക്കും ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കും ക്വാറൻറീനിൽ ഇളവുണ്ട്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഗ്രീൻ ലിസ്റ്റിൽ ഇല്ലാത്തതിനാൽ ഇന്ത്യക്കാർക്ക് ക്വാറൻറീൻ നിർബന്ധമാണ്. യു.എ.ഇയിൽ കോവിഡ് ബാധിതർ കുറയുന്ന സാഹചര്യത്തിൽ കൂടിയാണ് പുതിയ തീരുമാനം.
അബൂദബിയിലെ ടൂറിസം പ്രവർത്തനങ്ങൾ ജൂലൈ ആദ്യം മുതൽ പുനരാരംഭിക്കുമെന്ന് അബൂദബി സാംസ്‌കാരിക ടൂറിസം വകുപ്പിലെ ടൂറിസം ആൻഡ് മാർക്കറ്റിങ് സെക്ടർ എക്‌സിക്യൂട്ടിവ് ഡയറക്ടർ അലി അൽ ഷെബ വ്യക്തമാക്കി. ലോകരാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളെയും അന്താരാഷ്ട്ര സന്ദർശകരെയും അബൂദബിയിലേക്ക് വീണ്ടും ആകർഷിക്കാൻ പദ്ധതിയൊരുക്കും.
ടൂറിസം വികസനത്തിെൻറ ഭാഗമായി അഞ്ച് വർഷത്തിനകം 5000 പുതിയ ഹോട്ടൽ മുറികൾ അബൂദബി ഹോട്ടൽ മേഖലയിൽ അധികമായി വരും.മഹാമാരിയുടെ സമയത്തും അബൂദബിയിലെ ഹോട്ടൽ ഒക്യുപൻസി നിരക്ക് 70 ശതമാനത്തിലെത്തിയതായും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല