
സ്വന്തം ലേഖകൻ: വാക്സിൻ എടുക്കാത്തവര്‍ക്ക് പൊതു ഇടങ്ങളില്‍ പ്രവേശന വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനവുമായി അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി മുന്നോട്ട്. പൊതുജനാരോഗ്യ സംരക്ഷണത്തിനായി കമ്മിറ്റി നടപ്പിലാക്കി വരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടി. വാക്സിന് എടുക്കാന്‍ അര്‍ഹതയുള്ള വിഭാഗങ്ങളില്‍ 93 ശതമാനത്തിലേറെ പേരും വാക്സിനേഷന് പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തിലാണ് തീരുമാനം.
അബുദാബിയിലെ സ്വദേശികള്‍, പ്രവാസികള്‍, വിദേശ രാജ്യങ്ങളില്‍ നിന്ന് വിസിറ്റ്, ടൂറിസ്റ്റ് വിസകളില്‍ എത്തുന്നവര്‍ തുടങ്ങിയ എല്ലാവര്ക്കും ഇത് ബാധകമാണ്. അല്‍ ഹുസ്ന് ആപ്പില്‍ പച്ച സ്റ്റാറ്റസ് തെളിയുന്നവര്‍ക്കു മാത്രമായിരിക്കും പ്രവേശനം. വാക്സിനെടുത്ത് ചുരുങ്ങിയത് 28 ദിവസം കഴിഞ്ഞവര്‍ പിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ആകുന്നതോടെയാണ് അല്‍ ഹുസ്ന് ആപ്പില്‍ പച്ച സ്റ്റാറ്റസ് തെളിയുക. അടുത്ത 30 ദിവസത്തേക്ക് ഇതിന് കാലാവധിയുണ്ടാകും.
30 ദിവസം കഴിഞ്ഞാല്‍ പച്ച നിറം മാറി ചാര നിറം വരും. വീണ്ടും പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം ലഭിച്ചാല്‍ മാത്രമേ ഗ്രീന്‍ സ്റ്റാറ്റസ് തിരിച്ചു വരികയുള്ളൂ. അതേസമയം, ആരോഗ്യപരമായ കാരണങ്ങളാല്‍ വാക്സിന് എടുക്കുന്നതില്‍ നിന്ന് ഇളവ് നല്‍കപ്പെട്ടിട്ടുള്ളവര്‍ക്ക് ഈ നിയമം ബാധകമാവില്ല. അവര്‍ പിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവായാല്‍ അല്‍ ഹുസ്ന് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് തെളിയും.
എന്നാല്‍ ഇതിന് ഏഴ് ദിവസം മാത്രമേ കാലാവധിയുണ്ടാവൂ. എന്നാല്‍ 16 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കും ഈ നിബന്ധന ബധകമാവില്ലയ അവര്‍ക്ക് പിസിആര്‍ പരിശോധന നടത്താതെ തന്നെ ഗ്രീന്‍ സ്റ്റാറ്റസ് ലഭിക്കും. പുതുതായി റെസിഡന്‍സി വിസ എടുത്തവര്‍ക്ക് വാക്സിനെടുക്കാന്‍ 60 ദിവസത്തെ സാവകാശം നല്‍കും. പിസിആര്‍ ടെസ്റ്റ് ഫലത്തിന്റെ കാലാവധി കഴിഞ്ഞ് അല്‍ ഹുസ്ന് ആപ്പില്‍ ഗ്രേ നിറം ഉള്ളവര്‍ക്ക് പൊതു ഇടങ്ങളില്‍ പ്രവേശനമുണ്ടാവില്ല.
അതിനിടെ, രണ്ടാം ഡോസ് വാക്സിന് എടുത്ത് ആറു മാസം കഴിഞ്ഞവരുടെ അല്‍ ഹുസ്ന് ആപ്പില്‍ വാക്സിനേറ്റഡ് സ്റ്റാറ്റസ് നിലനില്ക്കണമെങ്കില് അവര്‍ ഒരു ബൂസ്റ്റര്‍ ഡോസ് കൂടി എടുക്കണം. ഏത് തരം വാക്സിനാണ് എടുത്തത് എന്നതിന് അനുസരിച്ചായിരിക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുക. രണ്ടാം ഡോസ് എടുത്ത് ആറു മാസം പിന്നിട്ടവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ 30 ദിവസം ഗ്രേസ് കാലാവധി കൂടി അനുവദിക്കും.
അതിനിടെ ബൂസ്റ്റര്‍ ഡോസ് എടുത്തില്ലെങ്കില്‍ ആപ്പിലെ നിറം ഗ്രേ ആയി മാറുമെന്നും അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി അറിയിച്ചു. വാക്സിന് ട്രയലുകളില്‍ പങ്കെടുത്തവരെ ബൂസ്റ്റര്‍ ഡോസ് നിബന്ധനയില്‍ നിന്ന് ഒഴിവാക്കി. കഴിഞ്ഞ മാസമാണ് വാക്സിനെടുക്കാത്തവര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്താന്‍ അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി തീരുമാനമെടുത്തത്.
ഇതുപ്രകാരം ആദ്യ ഘട്ടത്തില്‍ ഷോപ്പിംഗ് സെന്ററുകള്‍, റെസ്റ്റൊറന്റുകള്‍, കഫേകള്‍, മറ്റ് റീട്ടെയില്‍ ഔട്ട്ലെറ്റുകള്, സ്പാകള്‍, ജിമ്മുകള്‍, വിനോദ കേന്ദ്രങ്ങള്‍, കായിക കേന്ദ്രങ്ങള്‍, ആരോഗ്യ ക്ലബ്ബുകള്‍, റിസോര്‍ട്ടുകള്‍, മ്യൂസിയങ്ങള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍, തീം പാര്‍ക്കുകള്‍, സര്‍വകലാശാലകള്‍, സര്‍ക്കാര്‍- സ്വകാര്യ സ്കൂളുകള്‍, നഴ്സറികള്‍ തുടങ്ങിയ ഇടങ്ങളിലാണ് പ്രവേശനം വാക്സിന് എടുത്തവര്‍ക്ക് മാത്രമാക്കുക.
അതേസമയം അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഫാര്‍മസികള്‍ എന്നിവിടങ്ങളില്‍ നിയമം ബാധകമാക്കില്ല. വിസിറ്റ്, ടൂറിസ്റ്റ് വിസകളില്‍ അബുദാബിയിലേക്ക് വരുന്നവര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ വെബ്സൈറ്റില്‍ യാത്രാനുമതിക്കായി മുന്‍കൂര്‍ അപേക്ഷ നല്‍കണം. അപേക്ഷയോടൊപ്പം വാക്സിനേഷന് സര്‍ട്ടിഫിക്കറ്റും അപ് ലോഡ് ചെയ്യണം.
ഇതു ചെയ്താല്‍ അല്‍ ഹുസ്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ലഭിക്കും. അബുദാബിയില്‍ എത്തിയ ശേഷം ലഭിക്കുന്ന യുഐഡി നമ്പറും രജിസ്ട്രേഷന് വേളയില്‍ നല്കിയ മൊബൈല്‍ നമ്പറും ഉപയോഗിച്ചാണ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. മൊബൈലില്‍ ലഭിക്കുന്ന ഒടിപി നല്‍കുന്നതോടെ രജിസ്ട്രേഷന് പൂര്‍ത്തിയാവും. അബുദാബിയിലെത്തി പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ആകുന്നതോടെയാണ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് തെളിയുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല