1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2021

സ്വന്തം ലേഖകൻ: ആഗോള പ്രതിഭകൾക്കു അവസരങ്ങളുടെ പറുദീസയൊരുക്കുന്ന ത്രൈവ് അബുദാബി പദ്ധതിയിലൂടെ 5, 10 വർഷത്തെ ദീർഘകാല വീസ നേടാൻ അവസരം. ഇന്ത്യക്കാർ ഉൾപ്പെടെ പ്രഫഷനൽസ്, മിടുക്കരായ വിദ്യാർഥികൾ, നിക്ഷേപകർ എന്നിവർക്കെല്ലാം പ്രതീക്ഷ നൽകുന്നതാണ് പദ്ധതി. അതിവിദഗ്ധർക്കും നൂതന കണ്ടുപിടിത്തം നടത്തുന്നവർക്കും പൗരത്വം നൽകാൻ പദ്ധതിയുണ്ട്.

കലാസാംസ്കാരിക, ആരോഗ്യ, നിക്ഷേപ മേഖലകളിൽ അബുദാബിയെ ആഗോള കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. സാമ്പത്തിക സേവനം, ആരോഗ്യം, ബയോഫാർമ, കൃഷി, ടൂറിസം, റിയൽ എസ്റ്റേറ്റ് മേഖലകളിൽ മികവുപുലർത്തുന്ന സംരംഭകരെയും നിക്ഷേപകരെയും പരിഗണിക്കും. ഇരട്ട പൗരത്വവും ആലോചനയുണ്ട്.

കലാസാംസ്കാരിക, ശാസ്ത്ര മേഖലകളിൽ മികവു പുലർത്തുന്ന ഹൈസ്കൂൾ വിദ്യാർഥികൾക്ക് 5 വർഷത്തെയും അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്ന് വ്യത്യസ്ത മേഖലകളിൽ ബിരുദമെടുത്തവർക്കു 10 വർഷത്തെയും വീസ നൽകും. കുറഞ്ഞത് 3.8 പോയിന്റ് ജിപിഎ ഉള്ള ബിരുദ വിദ്യാർഥികളെയാണ് പരിഗണിക്കുക. ഇതിനു വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരം വേണം. ഇങ്ങനെ എത്തുന്ന വിദ്യാർഥികൾക്കു ആശ്രിത വീസയിൽ കുടുംബത്തെ കൊണ്ടുവരാനും അനുമതിയുണ്ട്.

ഇൻവെസ്റ്റർ, റിയൽ എസ്റ്റേറ്റ് ഇൻവസ്റ്റർ എന്നീ 2 ഇനങ്ങളിലായാണ് നിക്ഷേപകർക്കുള്ള വീസ ലഭിക്കുക. കുറഞ്ഞത് 20 ലക്ഷം ദിർഹം മൂലധനമുള്ള ‍സ്വന്തം ബിസിനസോ തുല്യ തുക വീതമുള്ള പങ്കാളിത്ത ബിസിനസോ ഉള്ളവർക്കും അബുദാബിയിലെ ബാങ്കിൽ 20 ലക്ഷം ദിർഹം നിക്ഷേപം ഉള്ളവർക്കും വർഷത്തിൽ കുറഞ്ഞത് രണ്ടര ലക്ഷം ദിർഹം സർക്കാർ നികുതി അടയ്ക്കുന്നവർക്കും വീസ ലഭിക്കും. 2 വർഷമെങ്കിലും നിക്ഷേപം നിലനിർത്തണം.

റിയൽ എസ്റ്റേറ്റ് മേഖലയിലുള്ളവർക്കാണു 5 വർഷത്തെ വീസ നൽകുക. 20 ലക്ഷം ദിർഹത്തിന്റെ വസ്തു ഉള്ളവർ, വായ്പയെടുത്ത വസ്തുവാണെങ്കിൽ കുറഞ്ഞത് 20 ലക്ഷം ദിർഹമെങ്കിലും മുൻകൂറായി അടച്ചവർ, 5 ലക്ഷം ദിർഹം മൂലധനമുള്ള സ്വയം സംരംഭകർ എന്നിവർക്കും വീസ ലഭിക്കും.

ആരോഗ്യവിഭാഗത്തിന്റെ ലൈസൻസും 10 വർഷത്തെ തൊഴിൽ പരിചയവുമുള്ള കൾസൾട്ടന്റ്, സ്പെഷ്യലിസ്റ്റ് ഫിസിഷ്യൻ, 5% കൂടുതൽ പേർ സേവനരംഗത്തില്ലാത്ത അപൂർവ മേഖലകളിലെ ഡോക്ടർമാർ, സർക്കാർ വകുപ്പുകളുടെ അവാർഡ് ലഭിച്ചവർ, ഗവേഷണ വിഭാഗം അംഗങ്ങൾ, രാജ്യാന്തര ശാസ്ത്ര ജേണലുകളിൽ ഗവേഷണ പ്രബന്ധം പ്രസിദ്ധികരിച്ചവർ, രാജ്യാന്തര ആരോഗ്യവിദ്യാഭ്യാസ പദ്ധതികളിലെ അംഗങ്ങൾ.

എമിററ്റ്സ് സയന്റിസ്റ്റ്സ് കൗൺസിലോ മുഹമ്മദ് ബിൻ റാഷിദ് മെഡൽ ഫോർ സന്റിഫിക് ഡിസ്റ്റിങ്ഗ്വിഷ്മെന്റോ നാമനിർദേശം ചെയ്യുന്ന ശാസ്ത്രജ്ഞർക്കും അബുദാബിയിലെ സർക്കാർ ഏജൻസികൾ ശുപാർശ ചെയ്യുന്ന കലാ,സാംസ്കാരിക പ്രവർത്തകർക്കും 10 വർഷത്തെ വീസ നൽകും. അബുദാബിയുടെ സമ്പദ് വ്യവസ്ഥയ്ക്കു ഗുണകരമായ പേറ്റന്റ് ഉള്ളവർക്കും സാമ്പത്തിക വിഭാഗത്തിന്റെ ശുപാർശയോടെ വീസ ലഭിക്കും. അപൂർവ മേഖലകളിൽ മികവു പുലർത്തുന്നവരും രാജ്യാന്തര സമിതികളിൽ അംഗത്വവുമുള്ള വിദ്യാഭ്യാസ, കായിക മേഖലകലെ വിദഗ്ധർക്കും സ്പോർട്സ് മെഡിസിനിൽ പിഎച്ച്ഡി ഉള്ളവർക്കും വീസ ലഭിക്കും.

എപിഡെമിയോളജി, വൈറോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡേറ്റ, കംപ്യൂട്ടർ എൻജിനീയറിങ്, ഇലക്ട്രിക് എൻജിനീയറിങ്, സോഫ്റ്റ് വെയർ എൻജിനീയറിങ്, ഇലക്ട്രോണിക് എൻജിനീയറിങ്, ജനറ്റിക് എൻജിനീയറിങ്, ബയോടെക്നോളജി എൻജിനീയറിങ് എന്നിവയിൽ എൻജിനീയറിങ് ബിരുദ, ബിരുദാനന്തര ബിരുദമുള്ളവർക്കും വീസ ലഭിക്കും. ബാച്ചിലർ ബിരുദവും 5 വർഷത്തെ തൊഴിൽ പരിചയവും അബുദാബിയിൽ കുറഞ്ഞത് 50,000 ദിർഹം ശമ്പളവും വാങ്ങുന്നവർക്കും ദീർഘകാല വീസ നൽകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.