
സ്വന്തം ലേഖകൻ: പ്രവാസി തൊഴിലാളികൾക്ക് വേതനം ഉറപ്പാക്കുക, തൊഴിലിൽ സുരക്ഷിതത്വം ഉറപ്പാക്കുക എന്നീ ആവശ്യകതയിൽ അബുദാബി ഡയലോഗിന്റെ ഭാഗമായുള്ള ആറാമത് മന്ത്രിതലചർച്ച ധാരണയായതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. പ്രവാസി തൊഴിലാളികളുടെ ക്ഷേമത്തിന് പ്രത്യേക ഊന്നൽനൽകികൊണ്ടായിരുന്നു ഗൾഫ് മേഖലയിലെ മുഖ്യ തൊഴിൽദാതാക്കളായ ആറ് രാജ്യങ്ങൾ ഉൾപ്പെടെ 18 രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത അബുദാബി ഡയലോഗ്.
തൊഴിൽ മേഖലയിൽ പ്രാദേശിക സഹകരണം ഉറപ്പാക്കുന്ന കാര്യത്തിൽ യോജിപ്പിലെത്തിയതായും എന്നാൽ തീരുമാനം ഓരോ രാജ്യത്തിന്റെയും പരമാധികാരത്തെ ആശ്രയിച്ചിരിക്കുമെന്നും മന്ത്രി പറഞ്ഞു. സൗദി തൊഴിൽവകുപ്പു മന്ത്രിയുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. സൗദി വിഷൻ 2030-ന്റെ ഭാഗമായി ഏതാനും വർഷങ്ങൾക്കിടയിൽ 40 ലക്ഷം പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകും. അതിൽ വിദഗ്ധ ഇന്ത്യൻ തൊഴിലാളികൾക്ക് ധാരാളം സാധ്യതകളുണ്ടാകും.
തൊഴിലാളികളുടെ നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട കഴിവുകൾ കൈമാറാൻ ശ്രമങ്ങൾ ഊർജിതമാക്കും. ഇന്ത്യ യു.എ.ഇ.യുമായി ദീർഘകാലത്തെ ഉഭയകക്ഷി ബന്ധമാണുള്ളത്. വിവിധ മേഖലകളിൽ ഇന്ത്യയും യു.എ.ഇ.യും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ട്. അതിൽ പുതിയൊരു ചുവടുവെപ്പാണ് ബഹിരാകാശമേഖലയിലെ കാൽവെപ്പ്. ഇന്ത്യയും യു.എ.ഇ.യും ചേർന്ന് നടത്തുന്ന ശ്രമങ്ങൾ രണ്ട് രാജ്യക്കാർക്കും പ്രയോജനകരമാകുമെന്നാണ് കണക്കാക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കോവിഡ്19 പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതിനാൽ ഇന്ത്യയിലേയ്ക്കും പുറത്തേയ്ക്കുമുള്ള യാത്രാ നിയന്ത്രണങ്ങൾ വരും ദിവസങ്ങളിൽ ലഘൂകരിച്ചേക്കുമെന്നും മന്ത്രി ഇന്ത്യൻ പവലിയനിൽ മാധ്യമങ്ങളോട് പറഞ്ഞു. അബുദാബി ഡയലോഗിന്റെ ഭാഗമായി ഇൗ വിഷയത്തിൽ ചർച്ചകളും കൂടിയാലോചനകളും നടത്തിയിരുന്നു. ഔപചാരിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന ശുഭാപ്തിവിശ്വാസമുണ്ട്. അതുവഴി പ്രവാസികളുടെ യാത്ര സുഗമമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല