1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2021

സ്വന്തം ലേഖകൻ: ദേശീയ തിരിച്ചറിയൽ രേഖയായ എമിറേറ്റ്സ് ഐഡി പുതുക്കി ലഭിക്കുംവരെ ഡിജിറ്റൽ പകർപ്പ് ഉപയോഗിക്കാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്. കാലോചിതമായി സേവനം പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഐസിഎ യുഎഇ ആപ്പിലൂടെ ഡിജിറ്റൽ പകർപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം.

ഇതിലെ ക്യുആർ കോ‍‍ഡ് സ്കാൻ ചെയ്ത് അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകും. ഏതു സമയത്ത് എവിടെ നിന്ന് ആരാണ് ഉപഭോക്താവിന്റെ ഡിജിറ്റൽ ഐഡിയിലേക്കു പ്രവേശിച്ചതെന്ന് അതോറിറ്റിക്കു വ്യക്തമായി അറിയാം. എല്ലാ സുരക്ഷയും ഉറപ്പുവരുത്തിയ ശേഷമാണ് ഡിജിറ്റൽ പകർപ്പ് സജ്ജമാക്കിയതെന്ന് അധികൃതർ പറഞ്ഞു. അടിയന്തര ഘട്ടത്തിൽ ഈ പകർപ്പ് സ്വീകരിക്കാൻ വിവിധ വകുപ്പുകൾക്കു നിർദേശം നൽകി.

ത്രിമാന ചിത്രം ഉൾപ്പെടുത്തിയുള്ള കാർഡിലെ വിവരങ്ങൾ പെട്ടെന്നു മറ്റുള്ളവർക്കു മനസിലാകാത്ത വിധമാണ് സംരക്ഷിച്ചിരിക്കുന്നത്. 10 വർഷം ഡിജിറ്റൽ കാർഡ് ഉപയോഗിക്കാം. വ്യക്തികളുടെ തൊഴിൽ സംബന്ധിച്ച മറ്റു വിവരങ്ങളും ഇതിലുണ്ടാകും. യുഎഇയിൽ വിവിധ ഇടപാടുകൾക്ക് എമിറേറ്റ്സ് ഐഡി നിർബന്ധമാണ്.

ഡിജിറ്റൽ ഐഡി ഡൗൺലോഡ് ചെയ്യാൻ ആപ്സ്റ്റോർ, പ്ലേസ്റ്റോർ എന്നിവിടങ്ങളിൽനിന്ന് ICA UAE Smart app ഡൗൺലോഡ് ചെയ്യുക. തുടർന്ന് വ്യക്തിഗത വിവരങ്ങൾ നൽകി റജിസ്റ്റർ ‍ചെയ്യുക. ലോഗിൻ ചെയ്താൽ ഹോം സ്ക്രീനിൽ കാണുന്ന എമിറേറ്റ്സ് ഐഡി ക്ലിക്ക് ചെയ്യുക.

കാർഡിന്റെ മുൻവശത്ത് എമിറേറ്റ്സ് ഐഡി നമ്പർ, പേര്, ജനന തീയതി, ദേശീയത, കാലാവധി, ഒപ്പ് എന്നിവ കാണാം. പിൻവശത്ത് വ്യക്തിയുടെ തൊഴിലും തൊഴിലുടമയുടെ പേരുമുണ്ടാകും. ഡൗൺലോഡ് ചെയ്യുമ്പോൾ ക്യുആർ കോഡ് ആണ് ലഭിക്കുക. ഇതു സ്കാൻ ചെയ്താൽ എമിറേറ്റ്സ് ഐഡി വിവരങ്ങൾ ലഭിക്കും. UAE Pass appലൂടെയും ഡിജിറ്റൽ ഐഡി ഡൗൺലോഡ് ചെയ്യാം. പുതുക്കിയ കാർഡ് ലഭിക്കുംവരെ ഡിജിറ്റൽ പകർപ്പ് ഉപയോഗിക്കാം. കാർഡ് നഷ്ടപ്പെട്ടാലും നശിച്ചാലും ആപ്പ് വഴി പുതിയതിന് അപേക്ഷിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.