
സ്വന്തം ലേഖകൻ: ആയിരക്കണക്കിനു വിദ്യാർഥികൾക്കു സൗജന്യ പിസിആർ പരിശോധന നടത്തി അബുദാബി സർക്കാർ. 12 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾക്ക് സ്കൂളിൽ നേരിട്ടു ഹാജരാകാൻ 2 ആഴ്ചയിൽ ഒരിക്കൽ കോവിഡ് പരിശോധന നിർബന്ധമാക്കിയിരുന്നു. ഇതിനായി വിവിധ സ്കൂൾ വിദ്യാർഥികൾക്കു വ്യത്യസ്ത സമയം അനുവദിച്ചാണ് സൗകര്യമൊരുക്കുന്നത്.
നേരത്തെ വ്യത്യസ്ത കേന്ദ്രങ്ങളിലായിരുന്നു പരിശോധന. പിന്നീട് മസ്ദാർ സിറ്റിയിലെ ജി42 ഹെൽത്ത്കെയർ കമ്പനിക്കു കീഴിലുള്ള ബയോജെനിക് ലാബിലേക്കു മാറ്റുകയായിരുന്നു. ദിവസേന ആയിരങ്ങൾക്കു പരിശോധന നടത്താവുന്ന വിധം ലാപ് വിപുലീകരിച്ചു. വിദ്യാർഥികൾ, അധ്യാപകർ, ഇതര ജീവനക്കാർ, മറ്റു കമ്പനി ഉദ്യോഗസ്ഥർ എന്നിവർക്കെല്ലാം പ്രത്യേകം സ്ഥലം നിജപ്പെടുത്തിയതിനാൽ കൂടുതൽ സമയം കാത്തു നിൽക്കാതെ പരിശോധന നടത്താമെന്നതാണ് പ്രത്യേകത.
ഡിസംബർ മുതൽ ഇതുവരെ 10,000ത്തിലേറെ വിദ്യാർഥികൾ ഈ കേന്ദ്രത്തിൽ മാത്രം പരിശോധന നടത്തി. 12നു വയസ്സിനു താഴെയുള്ള കുട്ടികൾക്കു ഉമിനീർ (സലൈവ) ടെസ്റ്റും നടത്തിവരുന്നു. ഉമിനീർ പരിശോധനയ്ക്കു 30–45 മിനിറ്റ് മുൻപ് ഭക്ഷണം കഴിക്കാതിരുന്നാൽ കൂടുതൽ വ്യക്തതയോടെ ഫലം ലഭിക്കുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടി.
ഉമിനീർ പരിശോധനാ ഫലം 3 മണിക്കൂറിനകവും പിസിആർ ഫലം 8 മണിക്കൂറിനകവും ലഭിക്കുന്നു. ഇതിനെക്കാൾ വേഗത്തിൽ ഫലമറിയാവുന്ന നവീന സംവിധാനത്തിനായി ശ്രമിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല