
സ്വന്തം ലേഖകൻ: അബുദാബിയിലെ സ്വകാര്യ സ്കൂളുകളില്‍ സെപ്റ്റംബർ മുതൽ പുതിയ അധ്യയന വർഷത്തിലെ ക്ലാസുകൾ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ എല്ലാ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും കൊവിഡ് 19 പരിശോധന നടത്തണമെന്നും അബുദാബി എജുക്കേഷൻ ആൻഡ് നോളജ് (ആദെക്) വിഭാഗം വ്യക്തമാക്കി.
സ്കൂളുകൾക്ക് ഇതു സംബന്ധമായി മാർഗനിർദേശങ്ങൾ ലഭിച്ചു. സ്കൂളുകൾ തുറക്കുന്നത് സംബന്ധമായ കൂടുതൽ മാർഗനിർദേശങ്ങൾ വൈകാതെ ലഭ്യമാകുമെന്നും അറിയിച്ചു. അബുദാബിയിൽ ഒട്ടേറെ ഇന്ത്യൻ സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്.
എല്ലാ രക്ഷിതാക്കളും വിദ്യാർഥികളും അൽ ഹൊസൻ (AlHosn) ആപ്പ് തങ്ങളുടെ മൊബൈൽ ഫോണിൽ ഡൗൺ ലോഡ് ചെയ്യണം. കൂടാതെ, അടുത്തകാലത്ത് ഇവർ സഞ്ചരിച്ച വിവരങ്ങള്‍ രേഖപ്പെടുത്താനാണിത്. സ്കൂളുകളിലെത്തുന്ന എല്ലാവരും മാസ്ക് ധരിച്ചിരിക്കണം. ഉച്ചഭക്ഷണ സമയത്ത് മാത്രമേ ഇത് മാറ്റാൻ പാടുള്ളൂ എന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.
ഫീസ് ആനുകൂല്യം, ഒാൺലൈൻ പേയ്മെന്റ് സംവിധാനം, സ്പ്ലിറ്റിങ് ടേം, പ്രതിമാസ തവണകളായി ഫീസ് അടക്കാനുള്ള സൗകര്യങ്ങൾ എന്നിവയും സ്കൂൾ അധികൃതർ ഒരുക്കും. വിദ്യാഭ്യാസ മേഖലയുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കുന്നതിന് തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് അഡെക് അണ്ടർ സെക്രട്ടറി അമീർ അൽ ഹമ്മാദി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല