1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2021

സ്വന്തം ലേഖകൻ: കോവിഡ്-19 പ്രതിരോധ വാക്‌സിന്‍ എടുത്തവര്‍ക്കു മാത്രമേ പൊതു ഇടങ്ങളില്‍ പ്രവേശനം ലഭിക്കൂ എന്ന നിയമം പ്രാബല്യത്തില്‍ വന്നതോടെ അബൂദാബിയിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വന്‍ തിരക്ക്. വാക്‌സിന്‍ എടുക്കാന്‍ എത്തിയവരുടെ നീണ്ട നിരയാണ് അബൂദാബിയിലെയും ദുബായിലെയും വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ കാണപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അല്‍ ഹുസ്ന്‍ ആപ്പില്‍ പച്ച സ്റ്റാറ്റസ് തെളിയാത്തവര്‍ക്ക് പൊതു ഇടങ്ങളില്‍ പ്രവേശനമില്ലെന്ന് അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്സ് കമ്മിറ്റിയുടെ തീരുമാനം ഇന്നലെ ഓഗസ്ത് 20 മുതല്‍ നിലവില്‍ വന്നിരുന്നു. സ്വദേശികള്‍, പ്രവാസികള്‍, വിദേശ രാജ്യങ്ങളില്‍ നിന്ന് വിസിറ്റ്, ടൂറിസ്റ്റ് വിസകളില്‍ എത്തുന്നവര്‍ തുടങ്ങിയ എല്ലാവര്‍ക്കും ഇത് ബാധകമാണ്.

ഇതുപ്രകാരം ഷോപ്പിംഗ് സെന്ററുകള്‍, റെസ്റ്റൊറന്റുകള്‍, കഫേകള്‍, മറ്റ് റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍, സ്പാകള്‍, ജിമ്മുകള്‍, വിനോദ കേന്ദ്രങ്ങള്‍, കായിക കേന്ദ്രങ്ങള്‍, ആരോഗ്യ ക്ലബ്ബുകള്‍, റിസോര്‍ട്ടുകള്‍, മ്യൂസിയങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, തീം പാര്‍ക്കുകള്‍, സര്‍വകലാശാലകള്‍, സര്‍ക്കാര്‍- സ്വകാര്യ സ്‌കൂളുകള്‍, നഴ്സറികള്‍ തുടങ്ങി ഏതാണ്ടെല്ലാ സ്ഥലങ്ങളിലും പ്രവേശനം ലഭിക്കാന്‍ അല്‍ ഹുസ്ന്‍ ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് വേണമെന്നായതോടെയാണ് ജനങ്ങള്‍ കൂട്ടത്തോടെ വാക്‌സിന്‍ എടുക്കാന്‍ എത്തിയത്.

16 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പിസിആര്‍ പരിശോധന നടത്താതെ തന്നെ ഗ്രീന്‍ സ്റ്റാറ്റസ് ലഭിക്കും. രണ്ട് ഡോസ് വാക്‌സിനെടുത്ത് ചുരുങ്ങിയത് 28 ദിവസം കഴിഞ്ഞവര്‍ പിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ആകുന്നതോടെയാണ് അല്‍ ഹുസ്ന്‍ ആപ്പില്‍ പച്ച സ്റ്റാറ്റസ് തെളിയുക. ആരോഗ്യപരമായ കാരണങ്ങളാല്‍ വാക്സിന്‍ എടുക്കുന്നതില്‍ നിന്ന് ഇളവ് നല്‍കപ്പെട്ടിട്ടുള്ളവര്‍ പിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവായാലും അല്‍ ഹുസ്ന്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് തെളിയും.

ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉണ്ടോ എന്ന കാര്യം പരിശോധിക്കുന്നതിനായി വിപുലമായ സംവിധാനങ്ങള്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ തീരുമാനത്തെ കുറിച്ച് അറിയാതെ ഷോപ്പിംഗ് മാളുകളിലും മറ്റുമെത്തിയ പലര്‍ക്കും ഗ്രീന്‍ സ്റ്റാറ്റസ് ഇല്ലാതിരുന്നതിനാല്‍ പ്രവേശനം നിഷേധിക്കപ്പെട്ടു. യുഎഇയിലെ 72 ശതമാനത്തിലേറെ പേര്‍ക്കും ഇതിനകം രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.