
സ്വന്തം ലേഖകൻ: അബുദാബിയിൽ എത്തുന്നവർക്കായി ഒന്നര മണിക്കൂറിനകം ഫലം ലഭിക്കുന്ന റാപ്പിഡ് പിസിആർ പരിശോധനയ്ക്കു രാജ്യാന്തര വിമാനത്താവളത്തിൽ തുടക്കമായി. വിമാനമിറങ്ങി നടപടിക്രമങ്ങൾ പൂർത്തിയാക്കി വീട്ടിലെത്തുമ്പോഴേക്കും ഫലം എസ്എംഎസ് ആയി ലഭിക്കും. പിസിആർ പരിശോധനാ ഫലത്തിനായി ഇനി മണിക്കൂറുകളോളം കാത്തു നിൽക്കേണ്ടതില്ല.
90 മിനിറ്റിനകം ഫലം ലഭിക്കുന്ന സംവിധാനം വിമാനത്താവളത്തിൽ ഏർപ്പെടുത്തുന്നത് മേഖലയിൽ ആദ്യമാണെന്നു അബുദാബി എയർപോർട്ട് എക്സിക്യൂട്ടീവ് ഓഫിസർ ഷരീഫ് ഹാഷിം അൽ ഹാഷ്മി പറഞ്ഞു. ദിവസേന 20,000 പേരെ പരിശോധിക്കാൻ സംവിധാനമുണ്ട്. പ്യുവർ ഹെൽത്ത്, തമൂഹ് ഹെൽത്ത് കെയർ എന്നിവ സംയുക്തമായാണ് സംവിധാനം വികസിപ്പിച്ചത്.
അതേസമയം അബുദാബിയിലേക്കു വരുന്നവർക്കുള്ള നിബന്ധനകളിൽ മാറ്റമില്ല. ഐസിഎ ഗ്രീൻ സിഗ്നലും 96 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റും നിർബന്ധം. ഇവിടെ എത്തിയാൽ എല്ലാവർക്കും സൗജന്യ കോവിഡ് പരിശോധന. 1, 3 ടെർമിനലുകളിലാണ് ഇതിനു സൗകര്യം. ഒന്നര മണിക്കൂറിനകം ഫലം അൽഹൊസൻ ആപ്പിലൂടെയും അറിയാം.
അബുദാബിയുടെ ഗ്രീൻ പട്ടികയിലുള്ള രാജ്യങ്ങളിൽനിന്നു വരുന്നവർക്കു കോവിഡ് ഫലം നെഗറ്റീവാണെങ്കിൽ ക്വാറന്റീൻ വേണ്ട. ഇന്ത്യ ഉൾപ്പെടെ റെഡ് വിഭാഗം രാജ്യക്കാർക്കു 10 ദിവസം ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റീൻ നിർബന്ധം. വാക്സീൻ എടുത്തവരോ വൊളന്റിയറോ ആണെങ്കിലും റെഡ് രാജ്യങ്ങളിൽനിന്നാണ് വരുന്നതെങ്കിൽ 10 ദിവസം വീട്ടിൽ ക്വാറന്റീനിലിരിക്കണം. നിരീക്ഷണത്തിന്റെ ഭാഗമായി ഇവരെ സ്മാർട് വാച്ച് ധരിപ്പിച്ചാണ് വിടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല