1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2022

സ്വന്തം ലേഖകൻ: അബുദാബി നഗരത്തിലെ പ്രവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഖാലിദിയ്യയിലെ മലയാളി ഹോട്ടലില്‍ ഉണ്ടായ ഗ്യാസ് സിലിണ്ടര്‍ സ്‌ഫോടത്തില്‍ രണ്ട് പേര്‍ മരിച്ചു. 120ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 60ലേറെ പേരുടെ നില ഗുരുതരമാണെന്ന് പോലിസ് അറിയിച്ചു. ഖാലിദിയയിലെ ഫുഡ് കെയര്‍ റെസ്റ്റാറന്റിലാണ് സ്ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കെട്ടിടത്തിന്റെ താഴെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന റെസ്‌റ്റൊറന്റും തൊട്ടടുത്ത കടകളും തകര്‍ന്നു. എതിര്‍വശത്തുള്ള കടകളുടെ മുന്‍ഭാഗങ്ങളും തകര്‍ന്നിട്ടുണ്ട്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. വന്‍ സ്‌ഫോടന ശബ്ദത്തോടെയാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആദ്യം ചെറിയൊരു പൊട്ടിത്തെറിയുടെ ശബ്ദവും പിന്നീട് വന്‍ സ്‌ഫോടന ശബ്ദവുമാണ് കേട്ടതെന്ന് സമീപവാസികള്‍ പറഞ്ഞു. 12.45ഓടെ ആദ്യ ശബ്ദം കേട്ടയുടന്‍ ആളുകള്‍ പൊലീസിനെയും സിവില്‍ ഡിഫന്‍സിനെയും വിവരമറിയിച്ചു.

ഇതിനു പിന്നാലെ ഒരു മണിയോടെയായിരുന്നു കാതടിപ്പിക്കുന്ന ശബ്ദത്തോടെയുള്ള ഉഗ്ര സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ തീ സമീപ കെട്ടിടങ്ങളിലേക്കും വ്യാപിച്ചു. സമീപത്തെ കടകളിലെയും ഫ്‌ളാറ്റുകളിലെയും ഗ്ലാസുകളും മറ്റും സ്‌ഫോടനത്തിന്റെ ആഘാതതത്തില്‍ തകര്‍ന്നു വീണു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു. റെസ്റ്റോറന്റിനു പുറത്തുനിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കു മുകളില്‍ കെട്ടിട അവശിഷ്ടങ്ങള്‍ പതിച്ചാണ് നാശനഷ്ടങ്ങളുണ്ടായത്.

സമീപത്തെ ആറു താമസ കേന്ദ്രങ്ങളിലും നാശനഷ്ടങ്ങളുണ്ടായി. ഇവിടെ നിന്ന് ജനങ്ങളെ അധികൃതര്‍ ഒഴിപ്പിച്ചിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയെന്ന രീതിയിലായിരുന്നു ഇത്. ഇവര്‍ക്ക് താല്‍ക്കാലിക താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇവര്‍ സമീപത്തെ ആശുപത്രികളില്‍ ചികില്‍സയിലാണ്. രാത്രി വൈകിയും പോലിസിന്റെയും സിവില്‍ ഡിഫന്‍സിന്റെയും പരിശോധനകള്‍ തുടരുകയാണ്. ഖാലിദിയ്യയിലേക്കും പരിസര പ്രദേശനങ്ങളിലേക്കുമുള്ള റോഡുകള്‍ താല്‍ക്കാലികമായി അടച്ചിട്ടുണ്ട്.

റസ്റ്റോറന്റില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും സിവില്‍ ഡിഫന്‍സ് എത്തിയാണ് തീയണച്ചതെന്നും അബുദാബി പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. അബുദാബിയിലെ ഇന്ത്യക്കാര്‍ തിങ്ങിത്താമസിക്കുന്ന പ്രദേശമാണ് ഖാലിദിയ്യ. റെസ്‌റ്റൊറന്റുകളും താമസ ഇടങ്ങളും ഇടകലര്‍ന്ന് സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് ഇന്ത്യക്കാര്‍ക്കു പുറമെ, ഫിലിപ്പിനോകളും അറബ് രാജ്യക്കാരും താമസിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.