1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 16, 2021

സ്വന്തം ലേഖകൻ: ബലി പെരുന്നാള്‍ അവധിയോടെ യുഎഇ തലസ്ഥാനമായ അബൂദാബിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു. ജൂലൈ 19 തിങ്കളാഴ്ച മുതല്‍ അബൂദബിയില്‍ രാത്രികാല യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നതാണ് ഇവയില്‍ പ്രധാനം. രാത്രി 12 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് യാത്രാ നിയന്ത്രണം.

അബൂദാബിയിലേക്കുള്ള പ്രവേശനത്തിനും വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുഎഇയില്‍ ബലിപെരുന്നാള്‍ അവധി ആരംഭിക്കുന്ന ദിവസം തന്നെയാണ് നിയന്ത്രണവും നിലവില്‍ വരുന്നത്. അവധി ദിനങ്ങളില്‍ കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണ് രാത്രി സഞ്ചാര നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് അബൂദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.

രാത്രി 12 മണിക്കു ശേഷം ആളുകളോ വാഹനങ്ങളോ പുറത്തിറങ്ങാന്‍ പാടില്ല. ഭക്ഷണം, മരുന്ന്, ചികില്‍സ തുടങ്ങിയ അത്യാവശ്യങ്ങള്‍ക്ക് പുറത്തിറങ്ങേണ്ടി വരുന്നവര്‍ അബൂദാബി പൊലീസിന്റെ adpolice.gov.ae എന്ന വെബ്‌സൈറ്റ് വഴി മുന്‍കൂര്‍ അനുമതി നേടണം. യുഎഇയുടെ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബൂദാബിയിലേക്ക് പ്രവേശിക്കാന്‍ 24 മണിക്കൂറിനുള്ളിലെടുത്ത ഡിപിഐ പരിശോധനയിലോ, 48 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധയിലോ കൊവിഡ് നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

ഡിപിഐ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ മൂന്നാം ദിവസവും പിസിആര്‍ സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവര്‍ നാലാം ദിവസവും വീണ്ടും പിസിആര്‍ പരിശോധനക്ക് വിധേയരാകണം. ഒരു ഡിപിഐ സര്‍ട്ടിഫിക്കറ്റില്‍ ഒരു തവണ മാത്രമേ പ്രവേശനം അനുവദിക്കൂ. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും ഈ നിബന്ധനകള്‍ ബാധകമാണ്.

പുതുക്കിയ പെരുമാറ്റച്ചട്ടങ്ങളുടെ ഭാഗമായി പൊതു സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബീച്ചുകള്‍, പാര്‍ക്കുകള്‍, സ്വിമ്മിംഗ് പൂളുകള്‍, റെസ്റ്റൊറന്റുകള്‍, കഫേകള്‍, ജിമ്മുകള്‍ എന്നിവിടങ്ങളില്‍ 50 ശതമാനം ശേഷിയില്‍ മാത്രമേ ആളുകള്‍ക്ക് പ്രവേശനം അനുവദിക്കൂ.

ഷോപ്പിങ് മാളുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളില്‍ ശേഷിയുടെ 40 ശതമാനം ആളുകള്‍ക്കും സിനിമാശാലകളില്‍ 30 ശതമാനം പേര്‍ക്കും മാത്രമായിരിക്കും പ്രവേശനം. ബസ്സുകളില്‍ 50 ശതമാനം പേര്‍ക്ക് യാത്ര ചെയ്യാം. ടാക്‌സികളില്‍ മൂന്ന് പേര്‍ക്ക് മാത്രമേ യാത്ര അനുവദിക്കൂ.

അതിനിടെ ഇന്ത്യയിൽനിന്ന് യു.എ.ഇ.യിലേക്കുള്ള വിമാനവിലക്ക് ഈ മാസം അവസാനത്തോടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻപുരി പറഞ്ഞു. ആദ്യഘട്ടത്തിൽ കോവിഡ് വാക്സിൻ രണ്ട് ഡോസും സ്വീകരിച്ച യു.എ.ഇ. താമസവിസ ഉള്ളവർക്കാകും വരാനാവുക.

അതിനു ശേഷം ഘട്ടംഘട്ടമായി മറ്റുള്ളവർക്കും വരാം.
എക്സ്പോ 2020 തുടങ്ങുന്നതിന് മുന്നോടിയായി ഇന്ത്യയിൽനിന്ന് ആർക്കും യു.എ.ഇ.യിലേക്ക് വരാനാവുന്ന സ്ഥിതി ഉണ്ടാകും. വിമാനവിലക്ക് നീക്കുന്നത് സംബന്ധിച്ച് യു.എ.ഇ.- ഇന്ത്യ സർക്കാരുകൾ നടത്തുന്ന ചർച്ചകൾ മികച്ചരീതിയിൽ പുരോഗമിക്കുകയാണെന്നും അമൻപുരി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.