1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2022

സ്വന്തം ലേഖകൻ: വിമാന യാത്രക്കാരുടെ ലഗേജ് വീട്ടിലെത്തി ശേഖരിക്കുന്ന ഓഫ് എയർപോർട്ട് ചെക്ക്–ഇൻ സർവീസ് അബുദാബിയിൽ ആരംഭിക്കുന്നു. വിദേശയാത്ര കഴിഞ്ഞ് എത്തുന്നവരുടെ ലഗേജും എയർപോർട്ടിൽ നിന്നു ശേഖരിച്ച് വീട്ടിൽ എത്തിക്കും. ഇതുമൂലം നാട്ടിലേക്കു പോകുമ്പോൾ യാത്രക്കാർക്കു കൈയും വീശി വിമാനത്താവളത്തിൽ പോകാം.

‌ലഗേജ് ശേഖരിക്കുന്നതോടൊപ്പം ബോർഡിങ് പാസും ലഗേജ് ടാഗും നൽകുന്നതിനാൽ യാത്രക്കാരന് എയർപോർട്ടിൽ ചെക്ക്–ഇൻ കൗണ്ടറിൽ ക്യൂ നിൽക്കേണ്ടതില്ല. നേരെ സെക്യൂരിറ്റി ചെക്ക് കഴിഞ്ഞ് അകത്തുകടക്കാം. ടൂറിസം 365ഉം ഒയാസിസ് മി എൽഎൽസിയും ചേർന്ന് ഒരുക്കുന്ന നൂതന സേവനം ജൂലൈ പകുതിയോടെ തുടങ്ങും. ഇതിനു പുറമെ സിറ്റി ചെക്ക്–ഇൻ സൗകര്യവുമുണ്ടാകും.

നിശ്ചിത കേന്ദ്രത്തിലെത്തി ലഗേജ് നൽകിയാൽ എയർപോർട്ടിൽ എത്തിക്കുന്നതാണ് സിറ്റി ചെക്ക്–ഇൻ സൗകര്യം. സേവനം ആവശ്യപ്പെടാനും ലഗേജിന്റെ നീക്കം നിരീക്ഷിക്കാനും മൊബൈൽ ആപ്പും പുറത്തിറക്കും. ഒന്നിലേറെ യാത്രക്കാരുണ്ടെങ്കിൽ ഗ്രൂപ്പ് ചെക്കിങ്ങിനും അവസരമുണ്ട്. ആപ് വഴി സേവന ഫീസും അടയ്ക്കാം.

സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാന്റെ സാന്നിധ്യത്തിലാണ് ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടത്. വിമാന യാത്രക്കാർക്ക് ആയാസരഹിത സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണു നടപടിയെന്ന് അബുദാബി നാഷനൽ എക്സിബിഷൻസ് കമ്പനി സിഇഒയും എംഡിയുമായ ഹുമൈദ് അൽ ദാഹിരി പറഞ്ഞു.

ഒയാസിസുമായി സഹകരിച്ചുള്ള നവീന സേവനം അബുദാബിയുടെ സ്ഥാനം മെച്ചപ്പെടുത്താൻ സഹായകമാണെന്നു ടൂറിസം 365 സിഇഒ റൗല ജോണി അഭിപ്രായപ്പെട്ടു. യാത്രക്കാർക്ക് ഏറെ സൗകര്യവും സുരക്ഷയും മനസ്സമാധാനവും നൽകുന്ന പദ്ധതി മധ്യപൂർവ ദേശത്തേക്കു വ്യാപിപ്പിക്കാൻ ടൂറിസം 365മായുള്ള സഹകരണം ഗുണം ചെയ്യുമെന്ന് ഒയാസിസ് മി എൽഎൽസി ചെയർമാനും സിഇഒയുമായ ടിറ്റൻ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.