
സ്വന്തം ലേഖകൻ: അബുദാബി വിദ്യാഭ്യാസ വകുപ്പ് രക്ഷിതാക്കള്‍ക്കിടയില്‍ സംഘടിപ്പിക്കുന്ന അബുദാബി പാരെന്റ്‌സ് സര്‍വേയുടെ പ്രോത്സാഹനത്തിനായി വന്‍ സമ്മാന പദ്ധതി. മക്കളുടെ ഒരു വര്‍ഷത്തെ ട്യൂഷന്‍ ഫീസ് ഉള്‍പ്പെടെയുള്ള സമ്മാനങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസം, ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ നേരിടുന്ന വെല്ലുവിളികള്‍, ഈ രംഗത്തെ സാധ്യതകള്‍, പ്രശ്‌നപരിഹാരവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍, വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് 15 മിനുട്ട് നീളുന്ന സര്‍വേ.
സര്‍വേയില്‍ പങ്കെടുത്ത് നിങ്ങളുടെ വെല്ലുവിളികളും ആവശ്യങ്ങളും അധികൃതരുമായി പങ്കുവയ്ക്കൂ എന്ന് വിദ്യാഭ്യാസ വകുപ്പ് ട്വിറ്ററിലൂടെ രക്ഷിതാക്കളെ ആഹ്വാനം ചെയ്തു. നവംബര്‍ 22നു മുമ്പായി സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാന്‍ അധികൃതര്‍ രക്ഷിതാക്കളോട് അഭ്യര്‍ഥിച്ചു. സര്‍വേയില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് 2022- 2023 അധ്യയന വര്‍ഷത്തെ കുട്ടി പഠിക്കുന്ന സ്‌കൂളിലെ വാര്‍ഷിക ട്യൂഷന്‍ ഫീസ് സമ്മാനമായി ലഭിക്കുക.
ഇതിനു പുറമെ, ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള താമസ സഹിതമുള്ള വൗച്ചറുകള്‍, ഷോപ്പിംഗ് മാളുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനുള്ള വൗച്ചറുകള്‍, തീം പാര്‍ക്കുകളിലെ ടിക്കറ്റുകള്‍, മൂന്ന് മാസത്തെ ജിംനേഷ്യം ക്ലബ്ബ് അംഗത്വം തുടങ്ങിയ സമ്മാനങ്ങളും അധികൃതര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
കുട്ടികളുമായി ഏറ്റവും അടുത്ത് ഇടപഴകുന്നവര്‍ എന്ന നിലയില്‍ കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും അവരുടെ കഴിവുകളും സാധ്യതകളും വികസിപ്പിക്കുന്നതിലും രക്ഷിതാക്കള്‍ വലിയ പങ്കാണ് വഹിക്കുന്നത്. അതുകൊണ്ട് തന്നെ മക്കളുടെ വിദ്യാഭ്യാസ കാര്യത്തില്‍ രക്ഷിതാക്കള്‍ നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും എന്തൊക്കെയാണെന്ന് തിരിച്ചറിയപ്പെടേണ്ടത് അനിവാര്യമാണ്. ഇത് മനസ്സിലാക്കിയെടുക്കുക എന്നതാണ് പാരെന്റ്‌സ് സര്‍വേയിലൂടെ ലക്ഷ്യമിടുന്നത്.
രക്ഷിതാക്കളുടെ പ്രശ്‌നങ്ങള്‍ക്ക് ആവശ്യമായ പരിഹാര നിര്‍ദ്ദേശങ്ങള്‍ കണ്ടെത്താന്‍ സര്‍വേ സഹായിക്കുമെന്നും അബൂദാബി വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. മാതാവും പിതാവും സര്‍വേയില്‍ പങ്കെടുക്കുകയാണെങ്കില്‍ കൂടുതല്‍ ഉപകാരപ്രദമാവുമെന്നും സമ്മാനം ലഭിക്കാനുള്ള സാധ്യത ഇത് വര്‍ധിപ്പിക്കുമെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു.
പേര്, വയസ്സ്, അഡ്രസ് തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ക്കു പുറമെ, പഠിക്കുന്ന സ്‌കൂള്‍, ക്ലാസ്സ്, നിലവിലെ സ്‌കൂള്‍ തെരഞ്ഞെടുക്കാൻ കാരണം, മക്കള്‍ പഠിക്കുന്നത് സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളിലാണോ, മിക്‌സഡ് സ്‌കൂളിലാണോ അല്ലയോ തുടങ്ങിയ വിവരങ്ങളും നല്‍കണം. കുട്ടികള്‍ എത്രത്തോളം സ്‌കൂള്‍ പഠനം ആസ്വദിക്കുന്നു, സ്‌കൂളിലെ വിദ്യഭ്യാസം മികച്ചതാണോ, സ്‌കൂള്‍ അന്തരീക്ഷം സുരക്ഷിതമാണോ, സ്‌കൂളില്‍ ചേരുന്ന നടപടിക്രമങ്ങള്‍ എന്തൊക്കെയാണ്, രക്ഷിതാക്കളുമായുള്ള സ്‌കൂള്‍ അധികൃതരുടെ ആശയവിനിമയം എങ്ങനെ തുടങ്ങിയ കാര്യങ്ങളിലും അഭിപ്രായം രേഖപ്പെടുത്തണം. കുട്ടികളില്‍ എന്തെങ്കിലും പെരുമാറ്റ വൈകല്യങ്ങളുണ്ടോ, ഭിന്നശേഷിക്കാരാണെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍, അധ്യാപകരെ കുറിച്ചുള്ള അഭിപ്രായം തുടങ്ങിയ കാര്യങ്ങളും സര്‍വേ ചോദ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
https://adek.qualtrics.com/jfe/form/SV_ahojgvWmQhUyaHQ എന്ന ലിങ്ക് വഴി രക്ഷിതാക്കള്‍ക്ക് സര്‍വേയില്‍ പങ്കെടുക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല