
സ്വന്തം ലേഖകൻ: സെപ്റ്റംബർ 5 മുതൽ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് അബുദാബി ക്വാറന്റൈൻ ഒഴിവാക്കി. വാക്സിൻ എടുത്ത യാത്രക്കാർക്കാണ് ഇളവ് ലഭിക്കുകയെന്ന് അബുദാബി സർക്കാർ മീഡിയ ഓഫീസ് ട്വിറ്ററിൽ അറിയിച്ചു. വാക്സിൻ എടുക്കാത്തവർക്ക് 10 ദിവസം ക്വാറന്റൈൻ തുടരും. വിമാനത്താവളത്തിലെ പി.സി.ആറിന് പുറമെ നാലാം ദിവസവും എട്ടാം ദിവസവും പി.സി.ആർ എടുക്കണം.
നേരത്തെ ഗ്രീൻലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിെന്നത്തുന്നവർക്ക് മാത്രമായിരുന്നു ഈ ആനുകൂല്യം ഉണ്ടായിരുന്നത്. പുതിയ നിർദേശം ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ യാത്രക്കാർക്ക് ഉപകാരപ്രദമാകും. നിലവിൽ യുഎഇയിൽ അബുദാബിയിൽ മാത്രമാണ് ക്വാറൻറീൻ നിർബന്ധമായിരുന്നത്. വാക്സിനെടുക്കാത്തവർക്ക് പത്ത് ദിവസവും എടുത്തവർക്ക് ഏഴ് ദിവസവുമായിരുന്നു ക്വാറൻറീൻ.
വാക്സിൻ എടുക്കാത്തവർക്ക് പത്ത് ദിവസം ക്വാറൻറീൻ തുടരുന്നതിനാൽ ഇവർ ഒമ്പതാം ദിവസം പി.സി.ആർ പരിശോധന നടത്തണം. വാക്സിൻ എടുത്തവർക്ക് ക്വാറൻറീൻ ഒഴിവാക്കിയിട്ടുണ്ടെങ്കിലും അബുദാബിയിൽ എത്തി നാലാം ദിവസവും എട്ടാം ദിവസവും പി.സി.ആർ പരിശോധന നിർബന്ധമാണ്.
പുതിയ നിബന്ധനകൾ റസിഡൻറ് വിസക്കാർക്കും സന്ദർശക വിസക്കാർക്കും ബാധകമാണ്. ദുബായ്, ഷാർജ ഉൾപെടെയുള്ള മറ്റ് എമിറേറ്റുകളിൽ എത്തുന്ന യാത്രികർക്ക് കോവിഡ് പരിശോധന ഫലം വരുന്നത് വരെ (പരമാവധി 24 മണിക്കൂർ) മാത്രമാണ് ക്വാറൻറീൻ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല