
സ്വന്തം ലേഖകൻ: അബുദാബിയില്‍ ട്രഫിക് ലംഘനങ്ങള്‍ക്കെതിരായ ശിക്ഷാ നടപടികള്‍ കര്‍ക്കശമാക്കി അധികൃതര്‍. ട്രാഫിക് സിഗ്‌നലുകള്‍ ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുമെന്ന് അബുദാബി പോലിസ് മുന്നറിയിപ്പ് നല്‍കി. റെഡ് ലൈറ്റ് സിഗ്‌നല്‍ ലംഘിച്ച് വാഹനമോടിച്ചാല്‍ 51000 ദിര്‍ഹം (10 ലക്ഷത്തിലേറെ രൂപ) പിഴയും, 12 ട്രാഫിക് പോയിന്റുകളും ശിക്ഷയായി ലഭിക്കും. അതോടൊപ്പം വാഹനം പോലിസ് കണ്ടുകെട്ടുകയും ചെയ്യും.
ട്രാഫിക് സിഗ്‌നലുകളില്‍ റെഡ് ലൈറ്റ് ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ ട്രാഫിക് നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട 2020ലെ അഞ്ചാം നമ്പര്‍ നിയമപ്രകാരമാണ് നടപടികള്‍ കൈക്കൊള്ളുക. ഇതുപ്രകാരം റെഡ് സിഗ്നല്‍ ലംഘിച്ചാല്‍ 1000 ദിര്‍ഹമാണ് പിഴ. കൂടാതെ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെങ്കില്‍ 50,000 ദിര്‍ഹം കൂടി അടക്കണം.
30 ദിവസത്തേക്കാണ് നിയമലംഘനത്തിന് പിടികൂടിയ വാഹനം പോലിസ് കസ്റ്റഡിയില്‍ വയ്ക്കുകയെന്നും അബുദാബി പോലിസ് അറിയിച്ചു. അതിനു ശേഷം മാത്രമേ വാഹനം വിട്ടുനല്‍കുകയുള്ളൂ. അതും പിഴ അടച്ച ശേഷം മാത്രം. പരമാവധി മൂന്ന് മാസത്തിനുള്ളില്‍ ഈ തുക അടച്ച് തിരികെ കൈപ്പറ്റാത്ത വാഹനങ്ങള്‍ ലേലം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. അതിനു പുറമെ, നിയമ ലംഘനം നടത്തിയ വാഹനം ഓടിച്ച വ്യക്തിയുടെ ലൈസന്‍സ് ആറ് മാസത്തേക്ക് റദ്ദാക്കുകയും ചെയ്യും.
വാഹനോടിക്കുന്നതിനിടയില്‍ മൊബൈലില്‍ സംസാരിക്കുക, വാട്ട്‌സ്ആപ്പോ മറ്റോ നോക്കുക തുടങ്ങിയ, റോഡിലല്ലാതെ മറ്റിടങ്ങളില്‍ ശ്രദ്ധിക്കുക തുടങ്ങിയ കാര്യങ്ങളാണ് റെഡ് സിഗ്നല്‍ ലംഘനം ഉള്‍പ്പെടെയുള്ള നിയമ ലംഘനങ്ങള്‍ക്ക് കാരണമാവുന്നതെന്ന് പോലിസ് വിലിയിരുത്തി. ഇതിനെതിരേ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണം. വലിയ പ്രത്യാഘാതങ്ങളാവും ഇതുവഴി ഉണ്ടാവുക.
സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണം. വാഹനം ഓടിക്കുന്ന സമയം മുഴുവന്‍ റോഡില്‍ നിന്ന് ശ്രദ്ധ തെറ്റാതെ നോക്കണമെന്നും പോലിസ് അറിയിച്ചു. കാല്‍നട യാത്രക്കാരെയും റോഡിലെ സിഗ്നലുകള്‍, സൈന്‍ ബോര്‍ഡുകള്‍ തുടങ്ങിയവയും ശ്രദ്ധിക്കുകയും അതുവഴി അപകടങ്ങള്‍ ഒഴിവാക്കുകയും ചെയ്യണമെന്നും പോലിസ് നിര്‍ദ്ദേശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല