1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2022

സ്വന്തം ലേഖകൻ: ഗരപ്രാന്തത്തിലുള്ള ഖാലിദിയയിലെ മലയാളി റസ്റ്ററന്റ് ഫൂഡ് കെയറിൽ പാചകവാതക സംഭരണി പൊട്ടിത്തെറിച്ചുള്ള അപകടത്തിൽ 100ലേറെ ഇന്ത്യക്കാർക്കു പരുക്കേറ്റതായി ഇന്ത്യൻ എംബസി പറഞ്ഞു. ഇവരിൽ സാരമായി പരുക്കേറ്റ 56 പേർ വിവിധ ആശുപത്രികളിൽ സുഖം പ്രാപിച്ചുവരുന്നു. ഇവരെ അബുദാബി ആരോഗ്യവിഭാഗം, ഇന്ത്യൻ അധികൃതർ സന്ദർശിച്ചു. മരിച്ച 2 പേരിൽ ഒരാൾ മലയാളിയായ ശ്രീകുമാർ രാമകൃഷ്ണൻ നായരാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാൽ ഇദ്ദേഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരം പുറത്തുവിട്ടിട്ടില്ല. ഇദ്ദേഹം റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാനെത്തിയതാണെന്നു കരുതുന്നു. പാക്കിസ്ഥാനിയാണു മരിച്ച രണ്ടാമത്തെയാൾ. അബുദാബി ആരോഗ്യ വിഭാഗം ചെയർമാൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹാമിദ്, അണ്ടർ സെക്രട്ടറി ഡോ.ജമാൽ മുഹമ്മദ് കഅബി എന്നിവർ പരുക്കേറ്റവരുടെ ആരോഗ്യത്തെക്കുറിച്ച് ആശുപത്രിയധികൃതരുമായി ചർച്ച നടത്തി.

കണ്ണൂർ സ്വദേശി അബ്ദുൽ ഖാദർ, കോഴിക്കോട് സ്വദേശി ബഷീർ എന്നിവർ ചേർന്ന് നടത്തുന്ന ഖാലിദിയ്യ മാളിനടുത്തെ തിരക്കേറിയ ഫൂഡ് കെയർ റസ്റ്ററൻ്റിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് കേന്ദ്രീകൃത പാചകവാതക സംഭരണിയിൽ വാതകം നിറയ്ക്കുന്നതിനിടെയുണ്ടായ ചോർച്ചയെ തുടർന്നായിരുന്നു സ്ഫോടനവും തീപിടിത്തവും. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ തീ പിടിത്തം നിയന്ത്രിക്കുന്നതിനിടെ രണ്ടാമത്തെ സ്ഫോടനവുമുണ്ടായി. റസ്റ്ററൻ്റ് ജീവനക്കാർക്കും സ്ഥലത്തു തടിച്ചു കൂടിയവർക്കുമാണു പരുക്കേറ്റത്.

അഞ്ചു നില കെട്ടിടത്തിലെ ഗ്രൗണ്ട് ഫ്ലോറിലായിരുന്നു റസ്റ്ററന്റ് പ്രവർത്തിച്ചിരുന്നത്. ഒട്ടേറെ റസിഡൻഷ്യൽ കെട്ടിടങ്ങളും റസ്റ്ററന്റുകളും ഉള്ള പ്രദേശത്തായിരുന്നു അപകടം. ഇന്ത്യക്കാർ കൂടുതൽ താമസിക്കുന്ന ഇവിടെ ബാക്കിയുള്ളവർ അറബ് രാജ്യങ്ങളിൽ നിന്നും ഫിലിപ്പീൻസിൽ നിന്നുമുള്ളവരുമാണ്.

സംഭവം നടന്നയുടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയ അബുദാബി പൊലീസ്, സിവിൽ ഡിഫൻസ് എന്നിവയുടെ തക്കസമയത്തെ ഇടപെടൽ അപകടത്തിന്റെ തീവ്രത കുറയ്ക്കുന്നതിനു കാരണമായി.സ്‌ഫോടനങ്ങളിൽ ആറു കെട്ടിടങ്ങൾക്കും ഒട്ടേറെ കടകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. തകർന്ന കെട്ടിടങ്ങളിൽ സുരക്ഷിതമായി ഒഴിപ്പിച്ച കെട്ടിടത്തിലേക്ക് ഇന്നലെ മുതൽ താമസക്കാർ മടങ്ങിയെത്തിത്തുടങ്ങി.ഇവർക്ക് അധികൃതർ താൽക്കാലിക പാർപ്പിടം അനുവദിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.