
സ്വന്തം ലേഖകൻ: യുഎഇയ്ക്കു പുറത്തുള്ള വിദ്യാർഥികൾ സ്കൂൾ തുറക്കുന്നതിന് 14 ദിവസം മുൻപ് തിരിച്ചെത്തണമെന്ന് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് അറിയിച്ചു. 14 ദിവസത്തെ ക്വാറന്റീൻ കഴിഞ്ഞ ശേഷമേ ഇവർക്ക് സ്കൂളിൽ പ്രവേശിക്കാനാവൂ. രണ്ടാഴ്ച മുന്നേ എത്തിയില്ലെങ്കിൽ ആഴ്ചകളോളം പഠനം നഷ്ടപ്പെടും.
രക്ഷിതാക്കളിൽനിന്ന് ഓൺലൈൻ സർവേയിലൂടെ അഭിപ്രായം അറിഞ്ഞ ശേഷമാണ് സെപ്റ്റംബറിൽ സ്കൂൾ തുറക്കാൻ തീരുമാനിച്ചത്. സർവേയിൽ പങ്കെടുത്ത 63% രക്ഷിതാക്കളും സ്കൂൾ തുറക്കുന്നതിന് അനുകൂലമായിരുന്നു. സ്കൂൾ തുറക്കുമ്പോൾ 5 തരത്തിലായിരിക്കും അബുദാബിയിലെ 201 സ്കൂളുകളും പ്രവർത്തിക്കുക. മുഴുസമയം, പകുതി സമയം, ഒന്നിടവിട്ട ദിവസങ്ങളിൽ, ആഴ്ചകളുടെ ഇടവേളകളിൽ, ഇ–ലേണിങ് എന്നിങ്ങനെ ഓരോ സ്കൂളിനും തീരുമാനിക്കാം. ഇക്കാര്യം വിശദമായി അഡെകിനെ ബോധിപ്പിച്ച് അംഗീകാരം നേടണം.
കുട്ടികളെ സ്കൂളിലേക്കു വിടണോ ഓൺലൈൻ പഠനം തുടരണോ എന്ന കാര്യത്തിൽ രക്ഷിതാക്കൾക്കും തീരുമാനമെടുക്കാം. എന്നാൽ എന്തെങ്കിലും കാരണവശാൽ കുട്ടികളെ ഈ വർഷം പഠനത്തിൽനിന്നു വിട്ടുനിൽക്കുകയാണെങ്കിൽ അടുത്ത വർഷം ഇതേ ക്ലാസിൽ തന്നെ പഠനം തുടരേണ്ടിവരും.
സ്കൂൾ തുറക്കുന്ന വാർത്ത രക്ഷിതാക്കളിൽ ആശ്വാസത്തിനൊപ്പം ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്. ജോലിക്കാരായ മാതാപിതാക്കൾക്കാണ് ആശ്വാസം. സ്കൂൾ ഇല്ലാത്തതിനാൽ മക്കളെ വീട്ടിൽ തനിച്ചാക്കിയാണ് പലരും ജോലിക്കു പോയിരുന്നത്. ചെറിയ കുട്ടികളെ ബേബി സിറ്റിൽ വിടുകയും ചെയ്തിരുന്നു. എന്നാൽ സ്കൂൾ തുറന്നാൽ ഇതൊഴിവാക്കാം.
ഇതേസമയം കുട്ടികളുടെ ആരോഗ്യ സുരക്ഷയെക്കുറിച്ച് ആകുലപ്പെടുന്ന രക്ഷിതാക്കൾ ഈ വർഷം ഇ–ലേണിങ് മതിയെന്ന നിലപാടിലാണ്. ചെറിയ ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്കാണ് ഈ അഭിപ്രായം. രോഗപ്പകർച്ചയ്ക്ക് ഏറെ സാധ്യതയുള്ള ചെറിയ കുട്ടികളെ സ്കൂളിലേക്കു വിടാൻ പലരും താൽപര്യം കാട്ടുന്നില്ല.
അബൂദബി വിദ്യാഭ്യാസ വൈജ്ഞാന വകുപ്പ് (അഡെക്) പുറത്തുവിട്ട മാർഗനിർദേശങ്ങളിലാണ് രക്ഷിതാക്കൾ മുഴുവൻ ട്യൂഷൻ ഫീസും നൽകേണ്ടിവരുമെന്ന് വ്യക്തമാക്കുന്നത്. സ്കൂളുകളുടെ പ്രവർത്തന രീതി പരിഗണിക്കാതെ വിദ്യാർഥികൾക്ക് മുഴുവൻ ട്യൂഷൻ ഫീസും ബാധകമാകുമെന്ന് അഡെക് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല