
സ്വന്തം ലേഖകൻ: അബുദാബിയിലെ സ്കൂളുകൾ ഇന്നലെ തുറന്നത് പരീക്ഷാ ചൂടിലേക്ക്. 5 ആഴ്ചത്തെ ഇ–ലേണിങിനു ശേഷം 9, 10, 11, 12 ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികളും ഇന്നലെ സ്കൂളിലെത്തി പരീക്ഷ എഴുതി. കെജി–8 വരെയുള്ള ഗ്രേഡുകളിൽ ഫെയ്സ് ടു ഫെയ്സ് (നേരിട്ടു പഠനം) തിരഞ്ഞെടുത്ത വിദ്യാർഥികൾ മാത്രമാണ് ഇന്നലെ എത്തിയത്. ഏതാനും ദിവസമായി അബുദാബിയിൽ തുടരുന്ന കനത്ത മൂടൽമഞ്ഞ് ഹാജർ നിലയും കുറച്ചു. 500ൽ താഴെ വിദ്യാർഥികളാണ് പല സ്കൂളുകളിലും എത്തിയത്.
മൂടൽമഞ്ഞിൽ സ്കൂളിലെത്താനും പലരും വൈകി. ഈ അധ്യയന വർഷത്തിൽ ആദ്യമായി എത്തിയ 6–9 ഗ്രേഡ് വിദ്യാർഥികൾ സ്കൂളിലെ പുതിയ നിയന്ത്രണങ്ങളോടു പൊരുത്തപ്പെടാൻ ഏറെ സമയമെടുത്തു. സാനിറ്റൈസർ നൽകി സ്വാഗതം ചെയ്ത വിദ്യാർഥികളെ തെർമൽസ്കാനറും കഴിഞ്ഞ് ഓരോരുത്തരെയായി ക്ലാസിലേക്കു ആനയിച്ചു. വർഷത്തിനുശേഷം കൂട്ടുകാരെ കണ്ടെങ്കിലും കൊവിഡ് തീർത്ത അകൽച്ച മിക്ക കുട്ടികളിലും പ്രകടമായിരുന്നു.
സ്കൂളുകൾ തുറക്കുന്നതിനും വിദ്യാർഥികളെ സ്വീകരിക്കുന്നതിനും വലിയ ആവേശത്തോടെയാണ് അബൂദബി വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പും (അഡെക്) സ്കൂളുകളും മുന്നൊരുക്കങ്ങൾ നടത്തിയത്. 12 വയസ്സ് പൂർത്തിയായ വിദ്യാർഥികൾ പി.സി.ആർ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുമായാണ് സ്കൂളുകളിൽ എത്തിയത്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് മാസ്കും സാനിറ്റൈസറും ഉപയോഗിക്കുന്നതോടൊപ്പം കൃത്യമായ അകലവും പാലിച്ച് വിദ്യാർഥികൾ ക്ലാസ് മുറികളിൽ ഇരുന്നു.
മധ്യവേനൽ അവധിക്ക് ശേഷം സ്കൂളുകൾ ആഗസ്റ്റ് 30ന് തുറന്നപ്പോൾ കെ.ജി ക്ലാസുകൾ മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികളും ബോർഡ് പരീക്ഷകൾ എഴുതുന്ന പത്താം തരത്തിലെയും 12ാം ക്ലാസിലെയും കുട്ടികളുമാണ് സ്കൂളുകളിൽ എത്തിയിരുന്നത്. അപ്പോഴും രക്ഷിതാക്കൾക്ക് വിദ്യാർഥികൾ സ്കൂളുകളിൽ എത്തിയുള്ള പഠനമോ ഓൺലൈൻ പഠനമോ തെരഞ്ഞെടുക്കാനുള്ള അവസരമുണ്ടായിരുന്നു.
ശൈത്യകാല അവധിക്ക് ശേഷം 2021 ജനുവരി മൂന്നിന് മുഴുവൻ ക്ലാസുകളിലെ വിദ്യാർഥികൾക്കും സ്കൂളിലെത്തിയുള്ള പഠനത്തിന് അവസരമൊരുക്കി സ്കൂളുകൾ തുറക്കാൻ അബൂദബി വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പ് തീരുമാനിച്ചിരുെന്നങ്കിലും കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിെൻറ ഭാഗമായി ഫെബ്രുവരി 14ലേക്ക് നീട്ടുകയായിരുന്നു.
അബൂദബി വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പിെൻറ കർശന പരിശോധനകൾ തുടർന്നും സ്കൂളുകളിൽ ഉണ്ടാകും. ഓരോ ദിവസത്തെയും വിദ്യാർഥികളുടെ ഹാജർനില പരിശോധിക്കുന്നുണ്ട്. അധ്യാപകർക്കും ജീവനക്കാർക്കും കൊവിഡ് വാക്സിൻ നൽകുന്ന പ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. രണ്ടാഴ്ച തോറും അധ്യാപകരും ഇതര ജീവനക്കാരും 12 വയസ്സിന് മുകളിലുള്ള വിദ്യാർഥികളും കോവിഡ് പരിശോധന നടത്തണം.
മാർച്ചിൽ സ്കൂളുകളിൽ വാർഷിക പരീക്ഷ നടത്താനുള്ള ഒരുക്കത്തിലാണ് സ്കൂളുകളും അധ്യാപകരും. മാർച്ച് അവസാനത്തോടെ ഏഷ്യൻ പാഠ്യപദ്ധതിയിലുള്ള സ്കൂളുകളുടെ അക്കാദമിക് വർഷം അവസാനിക്കും. മൂന്ന് ആഴ്ച നീളുന്ന വസന്തകാല അവധിക്ക് ശേഷം ഏപ്രിൽ മൂന്നാം വാരത്തിൽ അടുത്ത അക്കാദമിക് വർഷം ആരംഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല