1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2020

സ്വന്തം ലേഖകൻ: അബുദാബിയിലെ 205 സ്കൂളുകൾ 30ന് തുറക്കും. കെജി 1 മുതൽ 5ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾ ആദ്യഘട്ടത്തിൽ സ്കൂളിലെത്തണം. 6 മുതൽ 12 വരെയുള്ള കുട്ടികൾക്ക് 4 ആഴ്ചയ്ക്കു ശേഷം സ്കൂളിൽ പോയാൽ മതി. 12 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് കൊവിഡ് ടെസ്റ്റ് വേണമെന്നതിനാണ് ഈ തീരുമാനം.

അതുവരെ ഇ–ലേണിങ് തുടരും. അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്) മുന്നോട്ടുവയ്ക്കുന്ന 5 മാർഗങ്ങളിൽ ഒന്ന് തിരഞ്ഞെടുക്കാൻ രക്ഷിതാക്കൾക്ക് അനുമതി നൽകി. ഇ–ലേണിങ് തുടരുക, മുഴുസമയം സ്കൂളിൽ എത്തി പഠിക്കുക, പകുതി സമയം സ്കൂളിൽ എത്തി പഠനം, ഒന്നിടവിട്ട ദിവസങ്ങളിൽ സ്കൂളിൽ എത്തിയും അല്ലാത്ത ദിവസങ്ങളിൽ ഇ–ലേണിങും, ആഴ്ചകളുടെ ഇടവേളകളിൽ സ്കൂളിലെത്തിയും ഇ–ലേണിങിലൂടെയും പഠനം എന്നിവയിൽ ഒന്ന് തിരഞ്ഞെടുക്കാം.

അഡെകിന്റെ കൊവി‍ഡ് മാർഗ നിർദേശം പാലിക്കുന്നുണ്ടോ എന്നറിയാൻ അടുത്ത ആഴ്ച മുതൽ 205 സ്കൂളുകളിലും പരിശോധന നടത്തും. തെർമൽ സ്കാനർ സ്ഥാപിക്കുക, ഐസലേഷൻ മുറി ഒരുക്കുക, അകലം പാലിച്ച് ക്ലാസുകളിൽ സീറ്റ് ക്രമീകരിക്കുക, സമയബന്ധിതമായി അണുവിമുക്തമാക്കുക, സാനിറ്റൈസർ ലഭ്യമാക്കുക, വരാനും പോകാനും പ്രത്യേക കവാടം തുടങ്ങിയവ പരിശോധിക്കും. സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ചവരുത്തുന്ന സ്കൂളുകൾക്ക് അനുമതി നിഷേധിക്കും. കൂടാതെ മിന്നൽ പരിശോധനയും ഉണ്ടാകും.

12 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾക്കും അധ്യാപകർക്കും മറ്റു ജീവനക്കാർക്കും കൊവിഡ് ടെസ്റ്റ് നിർബന്ധമാക്കിയിട്ടുണ്ട്. അധ്യാപകരുടെ പരിശോധന സ്കൂളുകളിൽ നടക്കുന്നു. വിദ്യാർഥികളുടെ പരിശോധന സംബന്ധിച്ച കാര്യം അഡെക് വ്യക്തമാക്കിയിട്ടില്ല.

ശരീരോഷ്മാവ് പരിശോധിക്കുക, മാസ്ക് ധരിക്കുക, 1.5 മീറ്റർ അകലം പാലിക്കുക, ഒരു ക്ലാസിൽ 15 കുട്ടികളായി ക്രമീകരിക്കുക, ഓരോ ക്ലാസിലെ വിദ്യാർഥികൾക്കും ഇടവേളയ്ക്ക് വ്യത്യസ്ത സമയം നൽകി കൂട്ടംകൂടുന്നത് ഒഴിവാക്കുക എന്നിവയാണ് മറ്റു നിർദേശങ്ങൾ. സംശയനിവാരണത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹോട്ട് ലൈനിൽ (800 2335) സൗകര്യമുണ്ട്.

ദുബായിലാകട്ടെ ഈ മാസം 30ന് സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാലയങ്ങൾ അധ്യാപകരടക്കമുള്ള ജീവനക്കാർ, വിദ്യാർഥികൾ എന്നിവരിൽനിന്ന് യാത്രാരേഖകൾ, ആരോഗ്യ സത്യവാങ്മൂലം എന്നിവ വാങ്ങിത്തുടങ്ങി. ഇവ പരിശോധിച്ച ശേഷമാവും വിദ്യാർഥി പ്രവേശനം. വിദ്യാർഥികൾ കഴിഞ്ഞദിവസങ്ങളിൽ നടത്തിയ യാത്രയുടെ വിവരങ്ങളടക്കം ശേഖരിക്കണമെന്ന് കെഎച്ച്ഡിഎ(നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി) സ്കൂൾ അധികൃതർക്ക് നിർദ്ദേശം നൽകിയിരുന്നു.

ഇതിനൊപ്പം കുട്ടികൾക്കുള്ള അസുഖങ്ങളുടെ വിവരങ്ങളും നൽകണം. ഇവ കൂടി പരിശോധിച്ച ശേഷമാവും അനുമതി. ദുബായിലെ സ്കൂളുകളിൽ വിദ്യാർഥികളുടെ സമ്പർക്ക വിവരങ്ങളും രേഖപ്പെടുത്തും. വിദ്യാർഥികളും അധ്യാപരും ക്യാംപസിൽ എത്തിയ സമയം, അവർ പോകുന്ന നേരം,ശരീരോഷ്മാവ്, സാമൂഹിക അകലം പാലിച്ചോ തുടങ്ങിയ വിവരങ്ങളെല്ലാം ഇതിൽ രേഖപ്പെടുത്തും.

ഓൺലൈൻ പഠനം തുടരാൻ ആഗ്രഹിക്കുന്നവർക്ക് അവസരം നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്. അതേസമയം യുഎഇയിലെ 60% മാതാപിതാക്കളും കുട്ടികളെ സ്കൂളുകളിൽ വിടാൻ ആഗ്രഹിക്കുന്നതായി സർവേ ഫലം വെളിപ്പെടുത്തുന്നതായി അധികൃതർ അറിയിച്ചു.

കർശന നിയന്ത്രണങ്ങളോടെ അബൂദബി വാണിജ്യ കേന്ദ്രങ്ങളിലെ സിനിമ തിയറ്ററുകൾ തുറക്കാൻ നീക്കം. മുൻകരുതൽ നടപടികൾ പാലിച്ചാൽ ഷോപ്പിങ് മാളുകളിലെ സിനിമ തിയറ്ററുകളുടെ പ്രവർത്തനം പുനരാരംഭിക്കാൻ അംഗീകാരം നൽകുമെന്ന് അബൂദബി ഡിപ്പാർട്​മൻെറ്​ ഓഫ് ഇക്കണോമിക് ഡെവലപ്മൻെറ്​ അറിയിച്ചു.

30 ശതമാനം ശേഷിയിൽ ജനങ്ങളെ പ്രവേശിപ്പിച്ച് പ്രവർത്തനം പുനരാരംഭിക്കാമെന്നും സർക്കുലർ നിർദേശിക്കുന്നു. അബൂദബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്​റ്റർ കമ്മിറ്റിയുമായി ഏകോപിച്ചാണ് തിയറ്ററുകളുടെ പ്രവർത്തനം പുനരാരംഭിക്കുക. നിയമലംഘനം കണ്ടെത്തിയാൽ പിഴ ചുമത്തും. അബൂദബി എമിറേറ്റിൽ 19 സിനിമ തിയറ്ററുകളാണുള്ളത്​. 12 എണ്ണം അബൂദബി നഗരത്തിലും ആറെണ്ണം അൽഐൻ നഗരത്തിലും ഒരെണ്ണം അൽദഫ്ര മേഖലയിലുമാണ്.

തിയറ്ററുകളിൽ ഭക്ഷണ പാനീയങ്ങൾ വിൽക്കുന്ന പൊതു സ്ഥലങ്ങൾ തുടർച്ചയായി ശുചീകരിക്കണം. തിയറ്ററുകളിലെ പൊതുസ്ഥലങ്ങൾ, പ്രവേശന ഇടങ്ങൾ, എക്‌സിറ്റുകൾ, വാഷ്റൂമുകൾ, മറ്റ് പൊതു പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഹാൻഡ് സാനിറ്റൈസറുകൾ ലഭ്യമാക്കണം. ഒരു പ്രാവശ്യം ഉപയോഗിച്ചു കളയാവുന്ന ഡിസ്‌പോസിബിൾ പാത്രങ്ങൾ, കപ്പുകൾ എന്നിവയിൽ മാത്രമേ ഭക്ഷണ ഉൽപന്നങ്ങൾ നൽകാവൂ. ഇലക്ട്രോണിക് പേമൻെറ്​ രീതികൾ ഉപയോഗിക്കാൻ സന്ദർശകരെ പ്രോത്സാഹിപ്പിക്കണം. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ മുൻകൂട്ടി ടിക്കറ്റ് വാങ്ങാൻ സിനിമ ആസ്വാദകർ ശ്രദ്ധിക്കണം. ഓരോ സന്ദർശകരുടെയും രണ്ടുവശത്തെയും സീറ്റുകൾ ഒഴിച്ചിടണം.

ഓരോ രണ്ട് വരികൾക്കിടയിൽ ഒരുവരി പൂർണമായും കാലിയാക്കിയിടണം. എൻട്രി, എക്‌സിറ്റ്​, ടിക്കറ്റ് വിൻഡോ, റിഫ്രഷ്‌മൻെറ് ഏരിയ എന്നിവയിൽ സാമൂഹിക അകലം അടയാളപ്പെടുത്തണം. ടച്ച് സ്‌ക്രീനുകൾ അനുവദിക്കില്ല. സിനിമ പ്രമോഷനൽ ലഘുലേഖകൾ വിതരണം ചെയ്യരുത്​. ജീവനക്കാരും സന്ദർശകരും ​ൈകയ്യുറകളും മാസ്‌ക്കുകളും ധരിക്കണം. സിനിമ ഹാളിലെ പ്രധാന സ്ഥലങ്ങളിൽ ബ്ലാങ്കറ്റുകൾ, കവറുകൾ, മസാജ് സീറ്റുകൾ എന്നിവ സന്ദർശകർക്ക് നൽകരുത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.