1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2022

സ്വന്തം ലേഖകൻ: ഭാവി സാധ്യതകൾക്കൊപ്പം മുന്നേറാൻ പരമ്പരാഗത വിദ്യാഭ്യാസ രീതികളിൽ സമഗ്രമാറ്റം വരുത്താനുള്ള സ്മാർട് പദ്ധതിയുടെ അടുത്ത ഘട്ടത്തിലേക്ക് യുഎഇ. ബഹിരാകാശം, നിർമിതബുദ്ധി, റോബട്ടിക്സ്, ഊർജം, സൈബർ സുരക്ഷ, ആരോഗ്യം തുടങ്ങിയ മേഖലകൾക്ക് ഊന്നൽ നൽകി പഠന-പരിശീലന പരിപാടികൾ സ്കൂളുകളിലും സർവകലാശാലകളിലും വ്യാപകമാക്കും.

ഖലീഫ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി 10 മുതൽ 12ാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകും. സ്മാർട് പരിശീലനത്തിൽ വിദ്യാർഥികളുടെ അഭിരുചികൾ മനസ്സിലാക്കി അതത് മേഖലകളിൽ അവസരമൊരുക്കും. ഇതര സർവകലാശാലകളുമായി സഹകരിച്ച് തുടർപരിശീലന പരിപാടികളും സംഘടിപ്പിക്കും.

10 വർഷം കൊണ്ട് സാങ്കേതിക വിദ്യകൾ പൂർണമായും മാറുമെന്നതിനാൽ അതിനകം പുതിയ തലമുറയെ പൂർണ സജ്ജമാക്കുകയാണ് ലക്ഷ്യം. ഓരോ മേഖലയിലും ശാസ്ത്രീയ പരിശീലനം ലഭിച്ചവർക്കു മാത്രമാകും അവസരം. അതിനായി പാഠ്യപദ്ധതികളിൽ സമഗ്ര പരിഷ്കരണം വരുത്തും. മികച്ച യോഗ്യതയും പരിശീലനവും നേടിയ അധ്യാപകർ, നൂതന പാഠ്യപദ്ധതികൾ, വിദ്യാർഥികളുടെ അഭിരുചി കണ്ടെത്തി വിദഗ്ധ പരിശീലനം, സമർഥരായ വിദേശ വിദ്യാർഥികൾക്ക് അവസരങ്ങൾ എന്നിങ്ങനെ വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റങ്ങൾക്കാണു തുടക്കമായത്.

സ്കൂളുകളിൽ പ്രാഥമിക തലം മുതൽ സ്മാർട് സാങ്കേതിക വിദ്യകളിൽ പ്രത്യേക പരിശീലനം നൽകുന്നുണ്ടെന്ന് ദുബായ് ഗൾഫ് ഇന്ത്യൻ ഹൈസ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് അലി കോട്ടക്കുളം പറഞ്ഞു. വിദഗ്ധരുടെ നേതൃത്വത്തിൽ ഇതിനുള്ള പരിശീലനം അധ്യാപകർക്കും നൽകുന്നു. സ്കൂളുകളിൽ സ്റ്റെം ക്ലബ്ബുകളുണ്ട്. സിബിഎസ്ഇ സിലബസിലടക്കം വരുത്തിയ മാറ്റങ്ങൾക്കു പുറമേ യുഎഇ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങളും പാലിക്കുന്നു. സങ്കീർണതകൾ അതിവേഗം പരിഹരിക്കാനും പ്രായോഗിക തീരുമാനങ്ങളെടുക്കാനും വിദ്യാർഥികളെ പ്രാപ്തമാക്കുന്നതായും വ്യക്തമാക്കി.

നിർമാണം, ഇലക്ട്രോണിക്സ്, എയ്റോസ്പേസ്, ഡിസൈൻ എൻജിനീയറിങ്, ഐടി തുടങ്ങിയ മേഖലകളിലെല്ലാം വൻ മാറ്റങ്ങളും അവസരങ്ങളുമുണ്ടാകുമെന്ന് ഖലീഫ യൂണിവേഴ്സിറ്റി സീനിയർ വൈസ് പ്രസിഡന്റ് ഡോ. അഹമ്മദ് അൽ ഷൊയ്ബി പറഞ്ഞു. ആണവോർജം, പാരമ്പര്യേതര ഊർജം, ഉപഗ്രഹ സാങ്കേതിക വിദ്യകൾ, ഡിജിറ്റൽ സാങ്കേതിക വിദ്യ തുടങ്ങിയവയിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ വിദ്യാർഥികൾക്കു മനസ്സിലാക്കാനും ഇഷ്ടമുള്ള മേഖല തിരഞ്ഞെടുക്കാനും യുവതലമുറയെ പ്രാപ്തമാക്കുമെന്നും വ്യക്തമാക്കി.

വിവിധ ക്ലാസുകളിലെ 1,800 വിദ്യാർഥികളെ പങ്കെടുപ്പിച്ച് കോഡിങ് പരിശീലനത്തിന്റെ രണ്ടാം ഘട്ടം പൂർത്തിയായി. യുഎഇയെ കോഡിങ് വിദഗ്ധരുടെ രാജ്യാന്തര ആസ്ഥാനമാക്കാനുള്ള കോഡേഴ്സ് എച്ച്ക്യു പദ്ധതിയുടെ ഭാഗമായാണിത്. കോഡിങ് അംബാസഡർമാർ എന്നറിയപ്പെടുന്ന ഇവർക്ക് ദുബായ് എമിറേറ്റ്സ് ടവേഴ്സിൽ പ്രത്യേക കേന്ദ്രമുണ്ട്. 10 കർമ്മപരിപാടികളിലൂടെ സമീപഭാവിയിൽ ചുരുങ്ങിയത് 15,000 കോഡിങ് വിദഗ്ധരെ സജ്ജമാക്കി വിവിധ മേഖലകളിൽ തൊഴിലവസരമൊരുക്കും. നിർമിതബുദ്ധിക്ക് പ്രത്യേക മന്ത്രാലയമുള്ള രാജ്യമാണ് യുഎഇ.

റോബട്ടിക്സ്, നിർമിത ബുദ്ധി ലാബുകൾ എന്നിവ ഉൾപ്പെടെ ന്യൂജെൻ സ്കൂളുകൾ വ്യാപകമാക്കാനുള്ള പദ്ധതിയും പുരോഗമിക്കുന്നു. നഴ്സറികളിലടക്കം മാറ്റമുണ്ടാകും. സ്മാർട് സാങ്കേതിക വിദ്യകൾ പരിശീലിപ്പിക്കുന്ന എമിറേറ്റ്സ് യൂത്ത് പ്രഫഷനൽ സ്കൂൾ 2019ൽ രാജ്യത്തു പ്രവർത്തനമാരംഭിച്ചിരുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയിൽ 15 മുതൽ 35 വയസ്സുവരെയുള്ളവർക്കാണ് പ്രവേശനം. രാജ്യാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ വിദഗ്ധർ, പ്രഫഷനലുകൾ എന്നിവരുടെയും പങ്കാളിത്തത്തോടെയാണിത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.