1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 2, 2021

സ്വന്തം ലേഖകൻ: ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി അബുദാബി നിരത്തുകളിൽ ശനിയാഴ്ചമുതൽ ടോൾ ഈടാക്കും. ശൈഖ് സായിദ്, ശൈഖ് ഖലീഫ, അൽ മഖ്ത, മുസഫ പാലങ്ങളിലാണ് ടോൾ ഗേറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. നിരത്തുകളിൽ തിരക്കേറുന്ന രാവിലെ ഏഴുമണി മുതൽ ഒൻപത് വരെയും വൈകീട്ട് അഞ്ച് മണി മുതൽ ഏഴ് വരെയുമാണ് പ്രാരംഭ ഘട്ടത്തിൽ ടോൾ ഈടാക്കുക.

ദിവസത്തിൽ 16 ദിർഹമാണ് ഒരു വാഹനത്തിൽ നിന്ന് പരമാവധി ഈടാക്കുന്ന ടോൾ നിരക്ക്. ഒരുതവണ ടോൾ ഗേറ്റ് കടക്കുന്നതിന് നാല് ദിർഹമാണ് നിരക്ക്. വെള്ളിയാഴ്ചയും പൊതു അവധിദിനങ്ങളിലും ടോൾ ഈടാക്കില്ല. ആംബുലൻസുകൾ, സായുധ സേനയുടെയും അഗ്നി ശമന സേനയുടെയും വാഹനങ്ങൾ, പൊതു ബസുകൾ, മോട്ടോർ സൈക്കിളുകൾ, അംഗീകൃത ടാക്സികൾ, അംഗീകൃത സ്കൂൾ ബസുകൾ, പോലീസിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും വാഹനങ്ങൾ, ഇലക്‌ട്രിക് വാഹനങ്ങൾ, ട്രെയിലറുകൾ തുടങ്ങിയ വാഹനങ്ങളെ ടോളിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഡാർബ് വെബ്‌സൈറ്റ് വഴിയോ https://darb.itc.gov.ae ആപ്പ് വഴിയോ അബുദാബി ടോൾ രജിസ്‌ട്രേഷൻ നടത്താം. മുഴുവൻ വാഹന ഉപയോക്താക്കളും ഇതിൽ രജിസ്റ്റർ ചെയ്യണം. 100 ദിർഹമാണ് രജിസ്‌ട്രേഷൻ നിരക്ക്. ഇതിൽ 50 ദിർഹം ഫീസും 50 ദിർഹം ടോൾ നിരക്കിലേക്കും ഉപയോഗിക്കാം. സ്വകാര്യ വാഹനങ്ങൾക്ക് പ്രതിമാസം 200 ദിർഹം നൽകി എത്ര തവണ വേണമെങ്കിലും ടോൾ ഗേറ്റിലൂടെ സഞ്ചരിക്കാനുള്ള സൗകര്യമുണ്ട്.

ഒന്നിലേറെ വാഹനമുള്ളവർക്ക് രജിസ്റ്റർ ചെയ്ത ആദ്യവാഹനത്തിന് മാസം 200 ദിർഹവും രണ്ടാമത്തെ വാഹനത്തിന് 150 ദിർഹവും മൂന്നാമത്തെ വാഹനത്തിന് 100 ദിർഹവും ടോൾ നിരക്ക് നൽകിയാൽ മതിയാകും. രജിസ്റ്റർചെയ്യാത്ത വാഹനം ടോൾ ഗേറ്റ് കടന്നാൽ 400 ദിർഹമാണ് പിഴ. അക്കൗണ്ടിൽ ആവശ്യത്തിന് പണം ചാർജ് ചെയ്യാത്തവർക്ക് 50 ദിർഹവും പിഴ ചുമത്തും. ടോൾ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ നമ്പർ പ്ലേറ്റ് മറച്ചാൽ 10,000 ദിർഹമാണ് പിഴ. ടോൾ ഗേറ്റ് സംവിധാനങ്ങൾക്ക് കേടുപാടുകൾ വരുത്തിയാലും 10,000 ദിർഹം പിഴ ചുമത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.