1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 18, 2020

സ്വന്തം ലേഖകൻ: ഒരാൾക്ക് മൂന്ന് വാഹനങ്ങളുണ്ടെങ്കിൽ ടോൾ നിരക്ക് 450 ദിർഹമായിരിക്കുമെന്ന് അധികൃതർ. ഒരോ വാഹനങ്ങൾക്കും നിരക്കിൽ വ്യത്യാസമുണ്ടെന്ന് അബുദാബിയിലെ പുതിയ ടോൾ ഗേറ്റുകളുടെ ചുമതലയുള്ള ഏകീകൃത ഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു.

ഒരാളുടെ ഉടമസ്ഥതയിൽ മൂന്ന് വാഹനമുണ്ടെങ്കിൽ റജിസ്റ്റർ ചെയ്യുന്ന ആദ്യ വാഹനത്തിനു പ്രതിമാസ ടോൾ നിരക്ക് 200 ദിർഹമായിരിക്കും. രണ്ടാമത്തെ വാഹനത്തിനു 150 ഉം മൂന്നാമത്തെ വാഹനത്തിനു 100 ദിർഹമും നൽകിയാൽ മതി. ഒരാളുടെ പേരിലുള്ള വാഹനം ഒരു ദിവസം പല തവണ ടോൾഗേറ്റ് കടന്നാലും 16 ദിർഹമായിരിക്കും ഈടാക്കുന്ന കൂടിയ നിരക്കെന്നും അധികൃതർ വ്യക്തമാക്കി.

അടുത്ത മാസം രണ്ട് മുതൽ ടോൾ പ്രാബല്യത്തിലാകും. തിരക്കുള്ള സമയങ്ങളിലും ഒദ്യോഗിക അവധിദിന യാത്രകൾക്കും മാത്രമാണ് ടോൾ നൽകേണ്ടത്. ഷെയ്ഖ് സായിദ്, ഷെയ്ഖ് ഖലീഫ ബ്ൻ സായിദ്, മഖ്ത്ത, മുസഫ പാലങ്ങളിൽ പ്രവേശിക്കുമ്പോഴാണ് വാഹനങ്ങൾക്ക് ടോൾ നൽകേണ്ടത്. തലസ്ഥാന എമിറേറ്റിനെ സമഗ്രമായി ബന്ധിപ്പിച്ച പൊതുഗതാഗത ശൃംഖല പ്രയോജനപ്പെടുത്താൻ പൊതു ജനങ്ങളെ പ്രാപ്തമാക്കുന്നതിനു കൂടിയാണ് ടോൾ ഏർപ്പെടുത്തിയതെന്ന് അധികൃതർ വിശദീകരിച്ചു.

ടോൾ റജിസ്റ്റർ ചെയ്യാതെ പാലങ്ങൾ കടന്നാൽ 100 ദിർഹമാണ് ആദ്യഘട്ട പിഴ. എന്നാൽ പിഴ രേഖപ്പെടുത്തിയാലും വാഹനം റജിസ്റ്റർ ചെയ്യാൻ പത്ത് ദിവസത്തെ സമയപരിധി നൽകും. ഇതിനകം ടോൾ നടപടികൾ പൂർത്തിയാക്കിയാൽ മതി. പത്ത് ദിവസം പിന്നിട്ടിട്ടും റജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾക്കാണ് പിഴ ലഭിക്കുക.

രണ്ടാം ഘട്ടത്തിൽ 200, തുടർന്ന് 400 എന്നിങ്ങനെയാണ് പിഴക്രമം. ടോൾ അക്കൗണ്ടിൽ പണമില്ലാതെ നിശ്ചിത പാലങ്ങൾ കടന്നാൽ 50 ദിർഹമാണ് പിഴ. ഇതുരേഖപ്പെടുത്തിയാലും അഞ്ചു ദിവസം കഴിയുന്നതിനു മതിയായ തുക അക്കൗണ്ടിലെത്തിയാൽ പിഴ ഒഴിവാകും.

ടോൾ നിരക്കിൽ നിന്ന് രക്ഷപ്പെടാൻ വാഹനങ്ങളുടെ നമ്പർ പ്ലേറ്റിൽ തിരിമറിയോ കൃത്രിമമോ നടത്തിയാൽ പതിനായിരം ദിർഹം പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ടോൾ മെഷീൻ, ടോൾഗേറ്റ് എന്നിവയ്ക്ക് ഏതെങ്കിലും തരത്തിലുള്ള പോറലേൽപ്പിച്ചാലും പിഴ പതിനായിരം ദിർഹമായിരിക്കും. സ്മാർട് ഫോണുകളിൽ ‘ദർബ്’ ആപ് ഡൗൺലോഡ് ചെയ്തു ടോൾ പ്രക്രിയകൾ പൂർത്തിയാക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.