1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2022

സ്വന്തം ലേഖകൻ: ട്രാഫിക് പിഴകള്‍ നേരത്തേ അടയ്ക്കുന്നവര്‍ക്ക് ഡിസ്‌കൗണ്ട് ഓഫറുമായി അബൂദാബി ട്രാഫിക് പോലിസ്. 35 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കുമെന്നാണ് അബൂദാബി പോലിസ് ട്വിറ്റര്‍ അക്കൗണ്ട് വഴി പ്രഖ്യാപിച്ചിരിക്കുന്നത്. ട്രാഫിക് ലംഘനം നടത്തി 60 ദിവസത്തിനകം പിഴ ഒടുക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

അതേസമയം, ഗുരുതരമായ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് ലഭിക്കുന്ന പിഴകള്‍ക്ക് ഈ ഇളവ് ബാധകമാവില്ലെന്നും പോലിസ് അറിയിച്ചു. അതേപോലെ ട്രാഫിക് നിയമ ലംഘനം നടത്തി ഒരു വര്‍ഷത്തിനകം പിഴത്തുക അടയ്ക്കുന്നവര്‍ക്ക് തുകയുടെ 25 ശതമാനം ഡിസ്‌കൗണ്ട് നല്‍കുമെന്നും അബൂദാബി ട്രാഫിക് പോലിസ് അറിയിച്ചു.

രാജ്യത്തെ ഡ്രൈവര്‍മാരെ ട്രാഫിക് നിയമങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കാന്‍ പ്രോല്‍സാഹിപ്പിക്കുന്നതോടൊപ്പം പിഴ അടയ്ക്കുന്ന വിഷയത്തില്‍ അവര്‍ക്ക് കൂടുതല്‍ പ്രേരണ നല്‍കുക കൂടിയാണ് ഡിസ്‌കൗണ്ട് ഓഫറിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പിഴ അടക്കുന്നതോടെ ട്രാഫിക് നിയമങ്ങളെ കുറിച്ച് വാഹനമോടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുമെന്നും പോലിസ് അഭിപ്രായപ്പെട്ടു. ട്രാഫിക് പിഴകള്‍ അടയ്ക്കാതെ കൂട്ടിവയ്ക്കുന്നത് പിന്നീട് വലിയ ഭാരമാകുമെന്നതിനാലാണ് സമയ ബന്ധിതമായി അവ അടച്ചുതീര്‍ക്കാന്‍ അവസരം നല്‍കുന്നതെന്ന് അബൂദാബി ട്രാഫിക് പോലിസ് അറിയിച്ചു.

നേരത്തേ പിഴത്തുക തവണകളായി അടയ്ക്കാനുള്ള സംവിധാവും അബൂദാബി പോലിസ് ഒരുക്കിയിരുന്നു. അബൂദാബി കൊമേഴ്‌സ്യല്‍ ബാങ്ക്, അബൂദാബി ഇസ്ലാമിക് ബാങ്ക്, ഫസ്റ്റ് അബൂദാബി ബാങ്ക്, മശ്‌റഖ് അല്‍ ഇസ്ലാമി ബാങ്ക്, എമിറേറ്റ്‌സ് ഇസ്ലാമിക് ബാങ്ക് എന്നിവയുമായി സഹകരിച്ചാണ് ഇന്‍സ്റ്റാള്‍മെന്റുകളായി ഫൈന്‍ അടക്കാനുള്ള സംവിധാനം അധികൃതര്‍ ഒരുക്കിയിരിക്കുന്നത്.

പലിശയില്ലാത്ത ഇന്‍സ്റ്റാള്‍മെന്റുകളായി ഒരു വര്‍ഷം കൊണ്ട് തുക അടച്ചു തീര്‍ത്താല്‍ മതി എന്നതാണ് ഇതിന്റെ സവിശേഷത. ഈ ബാങ്കുകളില്‍ ഏതെങ്കിലും ഒന്നിന്റെ ക്രെഡിറ്റ് കാര്‍ഡ് കൈവശമുള്ളവര്‍ക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ട്രാഫിക് ലംഘനം നടന്ന് രണ്ടാഴ്ചയ്ക്കകം ബാങ്കുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റാള്‍മെന്റ് സൗകര്യത്തിന് അപേക്ഷ നല്‍കുകയാണ് ഇതിനായി ചെയ്യേണ്ടത്.

ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ക്കു പുറമെ, ട്രാഫിക് ലംഘനങ്ങളെ തുടര്‍ന്ന് കണ്ടുകെട്ടിയ വാഹനങ്ങള്‍ തിരികെ ലഭിക്കുന്നതിനുള്ള തുകയുടെ കാര്യത്തിലും ഈ ഇളവുകള്‍ ബാധകമാണ്. www.adpolice.gov.ae എന്ന വെബ്‌സൈറ്റ് വഴിയോ അബൂദാബി പോലിസിന്റെ മൊബൈല്‍ ആപ്പ് വഴിയോ പിഴത്തുക അടയ്ക്കാന്‍ സംവിധാനമുണ്ട്. നിശ്ചിത സമയ പരിധിക്കുള്ളില്‍ ട്രാഫിക് പിഴ അടച്ചില്ലെങ്കില്‍ വാഹനം കണ്ടുകെട്ടുമെന്നാണ് അബൂദാബിയിലെ നിയമം. ട്രാഫിക് ഫൈന്‍ തുക അടക്കാതെ 7000 ദിര്‍ഹം വരെ എത്തിയാലാണ് വാഹനം കണ്ടുകെട്ടുക. ഇത് ഒഴിവാക്കുന്നതിന് എത്രയും വേഗത്തില്‍ പിഴ അടച്ചുതീര്‍ക്കണമെന്നും അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.