1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 23, 2021

സ്വന്തം ലേഖകൻ: യുഎഇയിൽ തൊഴിൽ പരിശീലന കാലത്തും സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കു ജോലി മാറാമെന്ന് അധികൃതർ. പുതിയ ഫെഡറൽ തൊഴിൽ നിയമത്തിലാണ് വീസ മാറ്റം ഉദാരമാക്കിയത്. തൊഴിൽപരമായ സൗകര്യത്തിനും മാനുഷികതയ്ക്കും പ്രാധാന്യം നൽകി 17 ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതാണു പുതിയ നിയമം.

ഒരാൾ ജോലിയിൽ പ്രവേശിച്ച അന്നു മുതൽ ആറു മാസം വരെ തൊഴിൽ പരിശീലന കാലമാണ്. ജീവനക്കാരന്റെ തൊഴിൽ തൃപ്തികരമല്ലെങ്കിൽ 14 ദിവസം മുൻപ് നോട്ടിസ് നൽകി പിരിച്ചുവിടാനാകും. എന്നാൽ ഈ പ്രൊബേഷൻ കാലത്തും തൊഴിലാളികൾക്ക് വീസ മാറ്റം അനുവദിക്കുന്നതാണു പുതിയ നിയമം. തൊഴിൽ അവസാനിപ്പിക്കുന്നതിന്റെ ഒരു മാസം മുൻപ് രേഖാമൂലം തൊഴിലുടമയെ അറിയിക്കണം.

പഴയ സ്പോൺസർക്ക് തൊഴിലാളിയെ കൊണ്ടുവരുന്നതിനുണ്ടായ നഷ്ടം പുതിയ തൊഴിലുടമ നൽകണം. ഒരു സ്ഥാപനത്തിനു കീഴിൽ ഒരാളെ ഒന്നിലധികം തവണ പ്രൊബേഷൻ കാലവധി നിശ്ചയിച്ച് നിയമിക്കാനാകില്ല.

പുതിയ ജോലി കണ്ടെത്താൻ തൊഴിലാളികളെ സഹായിക്കുന്നതാണു പുതിയ തൊഴിൽ നിയമം.തൊഴിൽ മേഖലയ്ക്ക് സ്ഥാപനങ്ങൾ തമ്മിലുള്ള വീസ മാറ്റം ഗുണകരമാവുമെന്നാണ് വിലയിരുത്തൽ. തൊഴിൽ കരാർ റദ്ദാക്കിയാലും ഒരു തൊഴിലാളിയുടെ ഫയൽ രണ്ട് വർഷമെങ്കിലും സ്ഥാപനങ്ങൾ സൂക്ഷിക്കണം. തൊഴിലാളിയുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകൾ തൊഴിലാളിക്ക് നൽകാതെ പിടിച്ചു വയ്ക്കാനും പാടില്ല.

സേവന കാലത്ത് രോഗബാധിതനാവുകയോ പരുക്കേൽക്കുകയോ ചെയ്താൽ തൊഴിലുടമ എല്ലാ പരിരക്ഷയും നൽകണം. പരുക്കേൽക്കാതെ ജോലി ചെയ്യാൻ പ്രാപ്തമാക്കുന്നതിനു പരിശീലനം നൽകണം. തൊഴിലാളികൾക്ക് വാസയോഗ്യമായ പാർപ്പിടവും ഉറപ്പാക്കണ. ഇതിനു സാധ്യമല്ലെങ്കിൽ വേതനത്തോടൊപ്പം താമസ അലവൻസ് പണമായി നൽകണം. പെർമിറ്റുള്ള കെട്ടിടത്തിലായിരിക്കണം തൊഴിലാളികളെ പാർപ്പിക്കേണ്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.