1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2023

സ്വന്തം ലേഖകൻ: സൗദി അറേബ്യയുമായുള്ള ഖത്തറിന്റെ കര അതിർത്തിയായ അബു സമ്ര ക്രോസിങ്ങിൽ യാത്രക്കാർക്കുള്ള പ്രവേശന-എക്‌സിറ്റ് നടപടികൾ പൂർണമായും ഇലക്ട്രോണിക് ആക്കുന്നതിനുള്ള നടപടികൾ ഊർജിതം.

രാജ്യത്തിന്റെ ഏക കര അതിർത്തിയായ അബു സമ്ര മുഖേന സൗദി ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിൽ നിന്ന് റോഡു മാർഗം ഖത്തറിലേക്കും തിരിച്ചും ആയിരക്കണക്കിന് സന്ദർശകരാണ് ദിവസേന എത്തുന്നത്. യാത്ര മാത്രമല്ല ചരക്കു ഗതാഗതവും ഇതുവഴി സജീവമാണ്.

ഈ സാഹചര്യത്തിൽ ഇമിഗ്രേഷൻ നടപടികൾ ഇലക്ട്രോണിക് ആക്കുന്നത് യാത്രക്കാരുടെ വരവുപോക്കുകൾ സുഗമമാക്കും. അബു സമ്ര ചെക്ക് പോസ്റ്റിലെ നിലവിലെ പ്രവേശന, എക്‌സിറ്റ് നടപടികളുടെ നവീകരണത്തെ തുടർന്ന് ഇതുവരെ 1,07,000 വാഹനങ്ങൾക്കാണ് പ്രയോജനം ലഭിച്ചതെന്ന് കസ്റ്റംസ് അതോറിറ്റിയിലെ പാസഞ്ചർ, ലാൻഡ് പോർട്ട് വിഭാഗം മേധാവി അബ്ദുല്ല അൽ ജാബർ വ്യക്തമാക്കി.

നടപടികൾ 100 ശതമാനം ഇലക്ട്രോണിക് ആക്കുന്നതിനുള്ള ജോലികളാണ് പുരോഗമിക്കുന്നത്. സൗദിയുമായി ബന്ധിപ്പിച്ചുള്ള ഘട്ടം ഘട്ടമായുള്ള നടപടികൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. ഖത്തറിലേക്കെത്തുന്ന വാഹനങ്ങളുടെ വിവര കൈമാറ്റത്തിനായി സൗദി അധികൃതരുമായി ചർച്ച നടക്കുന്നുണ്ട്.

സൗദി അല്ലെങ്കിൽ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ അബു സമ്ര എത്തുമ്പോൾ തന്നെ അവരുടെ പൂർണ വിവരങ്ങൾ ലഭ്യമാകുന്നതിനു വേണ്ടിയാണിത്. ഇതിനു പുറമേ ഇൻഷുറൻസ് വിവരങ്ങൾ കൈമാറുന്നതു സംബന്ധിച്ചും ചർച്ച പുരോഗമിക്കുന്നുണ്ട്.

ജിസിസിയിൽ നിന്നുള്ള വാഹനത്തിന്റെ ഡേറ്റകൾ റജിസ്റ്റർ ചെയ്യുമ്പോൾ തന്നെ ഇൻഷുറൻസ് വിവരങ്ങളും കൈമാറാൻ കഴിഞ്ഞാൽ ഗതാഗതം കൂടുതൽ എളുപ്പമാകുകയും ചെയ്യും. മെട്രാഷ് 2 വിലൂടെ യാത്രക്കാരൻ വാഹനത്തിന്റേത് ഉൾപ്പെടെ എല്ലാ വിവരങ്ങളും റജിസ്റ്റർ ചെയ്യുമ്പോൾ അബു സമ്ര അതിർത്തിയിലെത്തുമ്പോൾ തന്നെ അധികൃതർക്ക് വിവരങ്ങൾ വേഗത്തിൽ പരിശോധിക്കുകയും ചെയ്യാം.

കഴിഞ്ഞ മാസം ഈദുൽ ഫിത്തറിന് മുൻപാണ് പ്രീ-റജിസ്‌ട്രേഷൻ ചെയ്യുന്നവർക്കായി അബു സമ്രയിൽ പ്രത്യേക ലൈൻ തുടങ്ങിയത്. ജിസിസിയിൽ നിന്നെത്തുന്നവർ മെട്രാഷ് 2 മൊബൈൽ ആപ്പിൽ പ്രവേശിച്ച് യാത്രാ സേവനം എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് അബു സമ്ര ബോർഡർ ക്രോസിങ്ങിനുള്ള പ്രീ-റജിസ്‌ട്രേഷൻ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് എല്ലാ വിവരങ്ങളും സമർപ്പിച്ചാൽ മാത്രം മതി.

പ്രീ-റജിസ്‌ട്രേഷൻ സൗജന്യമാണ്. ഈദ് നാളുകളിലായി അബു സമ്ര അതിർത്തിയിലൂടെ കടന്നു പോയത് 3,76,500 യാത്രക്കാരും 1,07,300 വാഹനങ്ങളുമാണ്. കഴിഞ്ഞ വർഷത്തെ ഫിഫ ലോകകപ്പിനിടെ 8,44,737 പേരാണ് അബു സമ്രയിലൂടെ രാജ്യത്തിനകത്തേക്കും പുറത്തേക്കും സഞ്ചരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.