1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 26, 2017

സ്വന്തം ലേഖകന്‍: ഇന്ത്യയും യുഎഇയും തമ്മില്‍ സുപ്രധാനമായ 14 കരാറുകളില്‍ ഒപ്പുവച്ചു, യുഎഇ ഇന്ത്യയുടെ വികസന പങ്കാളിയെന്ന് മോഡി. ഊര്‍ജം, മനുഷ്യക്കടത്തു തടയല്‍, സൈബര്‍ സുരക്ഷ, സമുദ്രഗതാഗതം, കൃഷി, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും തമ്മിലുള്ള ചര്‍ച്ചകളില്‍ തീരുമാനമായി.

ഇന്ത്യയുടെ വളര്‍ച്ചയുടെ പാതയില്‍ യു.എ.ഇയ്ക്ക് നിര്‍ണായ പങ്കുണ്ടെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഭീകരവാദത്തിനെതിരെ ഇരുരാജ്യങ്ങളും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുമെന്നും പ്രസ്താവിച്ചു. യു.എ.ഇ ഇന്ത്യയെ മികച്ച വ്യാപാര പങ്കാളിയായി കാണുന്നതായും മോഡി പറഞ്ഞു. യു.എ.ഇയിലെ 25 ലക്ഷം വരുന്ന ഇന്ത്യക്കാര്‍ക്ക് ക്ഷേമം ഉറപ്പ് വരുത്തുന്നതില്‍ യു.എ.ഇ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നെഹ്യാനന് മോഡി നന്ദി അറിയിച്ചു.

പ്രതിരോധം, കൃഷി, മനുഷ്യക്കടത്ത് തടയല്‍, അടിസ്ഥാന സൗകര്യ വികസനം, സൈബര്‍ സുരക്ഷ, കടല്‍ വഴിയുള്ള വ്യാപാരം, മറ്റ് അനുബന്ധ മേഖലകളിലുമാണ് കരാറുകള്‍ ഒപ്പുവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യു.എ.ഇ കിരീടാവകാശിയും ഹൈദരാബാദ് ഹൗസില്‍ നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് കരാറുകളില്‍ ഒപ്പുവച്ചത്.

പ്രസാര്‍ ഭാരതിയും യു.എ.ഇ ദേശീയ ന്യുസ് ഏജന്‍സിയായ വാമുമായി ചേര്‍ന്ന് പരിപാടികള്‍ പങ്കിടാന്‍ ധാരണയായതായും കൂടിക്കാഴ്ചയ്ക്കു ശേഷം പ്രധാനമന്ത്രി വ്യക്തമാക്കി. അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്ക്)യുമായി എണ്ണ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട കരാറിലും ഒപ്പുവച്ചു.

നിര്‍മ്മാണം, വാണിജ്യം, ഊര്‍ജ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടിക്കാഴ്ചയില്‍ മോഡി ചൂണ്ടിക്കാട്ടി. നേരത്തെ രാഷ്ട്രപതി ഭവനിലും യുഎഇ കിടരീടവകാശിക്ക് ഊഷ്മളമായ സ്വീകരണം ലഭിച്ചിരുന്നു. മഹാത്മ ഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന രാജ്ഘട്ടിലും അല്‍ നെഹ്യാന്‍ പുഷ്പചക്രം സമര്‍പ്പിച്ചു.

റിപ്പബ്ലിക് ദിനത്തില്‍ വിശിഷ്ടാതിഥിയായ അല്‍ നെഹ്യാന്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനാണ് ഇന്ത്യയില്‍ എത്തിയത്. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരും അടങ്ങുന്ന സംഘം അല്‍ നെഹ്യാനെ അനുഗമിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.