അബുദാബിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കടയ്ക്കല്‍ സ്വദേശി സന്തോഷിനെ രക്ഷിക്കാന്‍ 50 ലക്ഷം രൂപ വേണം. കൊലപാതക കേസിലാണ് സന്തോഷിന് അബുദാബി കോടതി വധശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ട ആളുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നല്‍കുകയാണെങ്കില്‍ സന്തോഷിന് മാപ്പ് ലഭിക്കും. ഈ വലിയ തുക സംഘടിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്
തിരുവന്തപുരത്തെ കടയ്ക്കല്‍ ഗ്രാമം. കടക്കെണിയിലായ കുടുംബത്തെ രക്ഷിക്കുവാനാണ് സന്തോഷ് അബുദാബിയിലെത്തിയത്. 2011 ജൂലൈ 29ന് സന്തോഷും മറ്റ് സുഹൃത്തുക്കളും കൂടീ താമസിക്കുന്ന സ്ഥലത്തുണ്ടായ വാക്കേറ്റത്തിനിടയില്‍ കോട്ടയം സ്വദേശിയായ സുബിനെന്ന യുവാവ് കുത്തേറ്റു മരിച്ചതോടെയാണ് സന്തോഷിന്റെ ജീവിതം ആകെ മാറിമറിയുന്നത്.
തന്റെ മുറിക്കു സമീപത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയവരെ ചോദ്യംചെയ്ത് പുറത്തിറങ്ങിയ സന്തോഷ് യാദൃശ്ചികമായി വാക്കേറ്റത്തിനിടയില്‍ പെട്ടുപോവുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റിലായ സന്തോഷിന് നല്ല അഭിഭാഷകന്‍ ഇല്ലാതിരുന്നതിനാല്‍ നിരപരാധിത്വം തെളിയിക്കുവാന്‍ സാധിച്ചില്ലെന്ന് അദ്ദേഹത്തിന്റ കുടുംബാംഗങ്ങള്‍ പറയുന്നു. അതിനിടെ കഴിഞ്ഞാഴ്ച സന്തോഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അബുദാബി കോടതി വധശിക്ഷ വിധിച്ചു. ശിക്ഷ ഒഴിവായി കിട്ടണമെങ്കില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബം സന്തോഷിനോട് ക്ഷമിക്കുകയും, ആ കുടുംബത്തിന് അന്‍പത് ലക്ഷം രൂപ നല്‍കുകയും വേണം.
കടബാധ്യത കൊണ്ട് വലയുന്ന കുടുംബം എങ്ങനെ ഇത്രയും വലിയ തുക സംഘടിപ്പിച്ചുനല്‍കണമെന്ന് അറിയാതെ വിഷമിക്കുകയാണ് സന്തോഷിന്റെ ഭാര്യ ഷീനയും, ഏഴു വയസുളള മകള്‍ പ്രകൃതിയും. ഷീന ട്യൂഷനെടുത്ത് കിട്ടുന്ന വരുമാനം കൊണ്ടാണ് ഇപ്പോള്‍ വീട് കഴിഞ്ഞുകൂടുന്നത്. ആകെയുളള പത്തുസെന്റ് സ്ഥലവും വീടും വിറ്റാല്‍ പോലും ആവശ്യമുളള പണത്തിന്റെ നാലിലൊന്ന് ലഭിക്കില്ല. ഈ അവസരത്തിലാണ് കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ലതയുടെ നേതൃത്വത്തില്‍ 16 വാര്‍ഡ് മെംബര്‍മാരോളം അടങ്ങുന്നവരുടെ സ്‌ക്വാഡുകള്‍ രൂപീകരിച്ച് വീടുകള്‍ കയറിയിറങ്ങുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി പഞ്ചായത്ത് പ്രസിഡന്റിന്റെയും സന്തോഷിന്റെ ഭാര്യ ഷീന നകുലന്റെയും പേരില്‍ 10570100232974 എന്ന ഫെഡറല്‍ ബാങ്ക് കടയ്ക്കല്‍ ശാഖയില്‍ അക്കൗണ്ട് തുറക്കുകയും ചെയ്തിട്ടുണ്ട്. ഒരു മാസത്തിനുളളില്‍ അപ്പീല്‍ വിചാരണ ഉണ്ടാകും അതിനുള്ളില്‍ പണം കണ്ടെത്തിയാലെ സന്തോഷിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുകയുള്ളു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല