സ്വന്തം ലേഖകൻ: രാജ്യത്ത് ഡെങ്കിപ്പനി വ്യാപിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് പ്രതിരോധ നടപടികള്‍ ശക്തമാക്കി യുഎഇ. കഴിഞ്ഞ മാസമുണ്ടായ ശക്തമായ മഴയെത്തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ടുകളില്‍ കൊതുക് പ്രജനനം വ്യാപിച്ച സാഹചര്യത്തിലാണ് കൊതുകുജന്യ രോഗമായ ഡെങ്കിപ്പനിക്കെതിരേ പ്രതിരോധം തീര്‍ക്കുന്നതിനുള്ള നടപടികളുമായി അധികൃതര്‍ രംഗത്തിറങ്ങിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 409 കൊതുക് പ്രജനന കേന്ദ്രങ്ങള്‍ കണ്ടെത്തിയതായും അവയെ നശിപ്പിക്കുന്നതിനായി പ്രത്യേക ടീമുകള്‍ക്ക് രൂപം നല്‍കിയതായും മന്ത്രാലയം വ്യക്തമാക്കി.
പരിശോധനയ്ക്കായി ഒരു ഇന്‍സെക്റ്റ് ലബോറട്ടറി സ്ഥാപിക്കാനും എമിറേറ്റുകളിലെ ബന്ധപ്പെട്ട ഏജന്‍സികളുമായി സഹകരിച്ച് യോഗ്യതയുള്ള അധികാരികളുമായി സഹകരിച്ച് കൊതുക് വ്യാപനത്തെ കുറിച്ച് പഠിക്കാന്‍ 1,200 സര്‍വേകള്‍ നടത്താനും തീരുമാനിച്ചതായും ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിന് നല്‍കിയ കത്തില്‍ മന്ത്രാലയം അറിയിച്ചു.
ഡെങ്കിപ്പനി തടയുന്നതിനും അതിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനും രോഗബാധിതര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനുമായി വിവിധ എമിറേറ്റുകളിലെ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിച്ച് സമഗ്ര പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഡെങ്കിപ്പനിക്ക് കാരണമാകുന്ന കൊതുകുകളെ ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകരുടെ പരിശോധനയും പകര്‍ച്ചവ്യാധി നിരീക്ഷണവും ശക്തമാക്കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡെങ്കിപ്പനി കേസുകള്‍ അപ്പപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആരോഗ്യ ഏജന്‍സികളിലെ പ്രിവന്റീവ് മെഡിസിന്‍ യൂണിറ്റുകള്‍ക്കും പൊതുജനാരോഗ്യ യൂണിറ്റുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഡെങ്കിപ്പനി പ്രതിരോധത്തിനായി ഏറ്റവും പുതിയ പരിശോധനാ, ചികിത്സാ രീതികള്‍ ഉപയോഗപ്പെടുത്താന്‍ എമിറേറ്റ്‌സ് ഹെല്‍ത്ത് സര്‍വീസസ് കോര്‍പ്പറേഷന്‍ സംവിധാനം ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു. രോഗ നിര്‍ണയം വേഗത്തിലും കാര്യക്ഷമവുമാക്കുന്നതിനായി ലബോറട്ടറികളെ സജ്ജമാക്കുകയും പരിശോധനാ ഫലം 24 മുതല്‍ 48 മണിക്കൂറിനുള്ളില്‍ ലഭ്യമാക്കാന്‍ സംവിധാനം ഒരുക്കുക്കയും ചെയ്തിട്ടുണ്ട്.
ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശകള്‍ അനുസരിച്ച്, ഡെങ്കിപ്പനി പടരുന്നത് തടയുന്നതിനും രോഗവാഹക കൊതുകുകളെ നിയന്ത്രിക്കുന്നതിനുമുള്ള സംയോജിത പദ്ധതി നടപ്പാക്കുന്നതിന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയവും മുനിസിപ്പാലിറ്റികളുമായി ഏകോപനം സാധ്യമാക്കിയതായും മന്ത്രാലയം വ്യക്തമാക്കി.
കൊതുകില്‍ നിന്ന് ആളുകളിലേക്ക് പടരുന്ന ഒരു വൈറല്‍ അണുബാധയാണ് ഡെങ്കിപ്പനി. ഉഷ്ണമേഖലാ കാലാവസ്ഥകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ഡെങ്കിപ്പനി പിടിപെടുന്ന മിക്കവര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടാകില്ല. കടുത്ത പനി, തലവേദന, ശരീരവേദന, ഓക്കാനം, ചുണങ്ങ് എന്നിവയാണ് ഏറ്റവും സാധാരണമായ ലക്ഷണങ്ങള്‍. മിക്ക രോഗികളും ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ സുഖം പ്രാപിക്കും. ചിലര്‍ക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സ ആവശ്യമാണ്. അണുബാധയുണ്ടായി 4 മുതല്‍ 10 ദിവസത്തിനിടയിലാണ് രോഗ ലക്ഷണങ്ങള്‍ ആരംഭിക്കുക. രണ്ട് മുതല്‍ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കുകയും ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല