
സ്വന്തം ലേഖകൻ: കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രം മലയാള സിനിമയിൽ നായകനോളം തലയെടുപ്പുള്ള വില്ലനാണ്. കിരീടം എന്ന മോഹൻലാൽ ചിത്രത്തിൽ കീരിക്കാടനെ അവതരിപ്പിച്ച് പ്രേക്ഷക മനസിൽ സ്ഥിരപ്രതിഷ്ട നേടിയ മോഹൻരാജ് വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്.
കഴിഞ്ഞ ഒരു മാസമായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് ഉച്ചയോടെയാണ് അദ്ദേഹത്തെ ഡിസ്‌ചാർജ് ചെയ്‌തതെന്ന് ആശുപത്രി അധികൃതർ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് മലയാളം റിപ്പോർട്ട് ചെയ്യുന്നു.
വെരിക്കോസ് വെയിനിന്റെ ഏറ്റവും മൂര്‍ദ്ധന്യാവസ്ഥയിലാണ് മോഹൻരാജ് എന്ന കീരിക്കാടന്‍ ജോസ്. കിരീടം, ചെങ്കോല്‍ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ വില്ലനായി എത്തിയ മോഹന്‍രാജിന്റെ കഥാപാത്രത്തിന്റെ പേരായ കീരിക്കാടന്‍ ജോസായാണ് ഈ നടൻ പിന്നീട് അറിയപ്പെട്ടത്.
കാലിന് നല്ല വേദനയുണ്ട്. ഇക്കാരണത്താലാണ് ചികിത്സ തേടിയത്. താരസംഘടനയായ അമ്മയുടെ ഭാഗത്തുനിന്ന് എല്ലാവിധ സഹായങ്ങളും ലഭിക്കുന്നുണ്ടെന്നാണ് കീരിക്കാടന്‍ ജോസിന്റെ കുടുംബാംഗങ്ങള്‍ പറയുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ കീരിക്കാടന്‍ ജോസിനൊപ്പമുണ്ട്.
അതേസമയം, കീരിക്കാടന്‍ ജോസ് അത്യാസന്ന നിലയിലാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ നേരത്തെ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇത് കുടുംബാംഗങ്ങള്‍ തള്ളി കളഞ്ഞു. പേടിക്കേണ്ട അവസ്ഥയില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. എല്ലാ സഹായങ്ങളുമായി അമ്മ സംഘടന ഒപ്പമുണ്ടെന്നും സമൂഹമാധ്യമങ്ങളിൽ വന്ന വാർത്ത വസ്‌തുതാപരമല്ലെന്നും ഇടവേള ബാബു പറഞ്ഞു.
കീരിക്കാടൻ ജോസിനെ ആരും തിരിഞ്ഞ് നോക്കുന്നില്ലെന്നും സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്നുമുള്ള രീതിയിലായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാജ വാർത്തകൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല