1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 22, 2018

സ്വന്തം ലേഖകന്‍: മഹേഷിന്റെ പ്രതികാരത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ നാടക, സിനിമാ നടന്‍ കെ.എല്‍.ആന്റണി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഫോര്‍ട്ട് കൊച്ചി സ്വദേശിയാണ് കെ.എല്‍.ആന്റണി. മഹേഷിന്റെ പ്രതികാരം എന്ന സിനിമയില്‍ പ്രധാന വേഷം ചെയ്തിരുന്നു. ഭാര്യ: ലീന, അമ്പിളി, എഴുത്തുകാരന്‍ ലാസര്‍ഷൈന്‍, നാന്‍സി എന്നിവര്‍ മക്കളാണ്.

പി.ജെ. ആന്റണിയുടെ നേതൃത്വത്തില്‍ കൊച്ചി കേന്ദ്രമായി അമച്വര്‍ നാടകവേദി തഴച്ചുവളര്‍ന്ന കാലത്താണു കമ്യൂണിസ്റ്റ് നാടകങ്ങള്‍ മാത്രമേ എഴുതൂ എന്ന വാശിയോടെ കെ.എല്‍. ആന്റണി അവരിലൊരാളായത്. സ്വന്തം ആശയങ്ങള്‍ ആവിഷ്‌കരിക്കാന്‍ കൊച്ചിന്‍ കലാകേന്ദ്രം എന്ന നാടക സമിതിയും രൂപീകരിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ആന്റണി രചിച്ച ഇരുട്ടറ എന്ന നാടകം വിവാദമായിരുന്നു.

രാജന്‍ സംഭവമായിരുന്നു വിഷയം. പ്രമുഖ പ്രസാധകരൊന്നും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനും വില്‍ക്കാനും തയ്യാറാകാത്ത സാഹചര്യത്തിലാണ് ആന്റണി സ്വന്തം പുസ്തകങ്ങള്‍ സ്വയം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്. പ്രസിദ്ധീകരിക്കുന്നവ കിലോമീറ്ററുകളോളം നടന്നു വീടുകള്‍ തോറും കയറി വില്‍ക്കുകയായിരുന്നു ചെയ്തിരുന്നത്. പ്രസാധകരെ കണ്ടെത്താന്‍ പ്രയാസപ്പെടുന്ന പുതിയ എഴുത്തുകാരുടെ രചനകളും ആന്റണി പ്രസിദ്ധീകരിച്ചു നടന്നു വില്‍ക്കും.

അക്കൂട്ടത്തില്‍ സ്വന്തം മകന്‍ ലാസര്‍ ഷൈനിന്റെ കഥയും കവിതയും ഉള്‍പ്പെടുന്ന രണ്ടു പുസ്തകങ്ങളുടെ പത്താം പതിപ്പു കഴിഞ്ഞു. വിറ്റുകിട്ടുന്ന പണം സ്വന്തം നാടക സമിതിയുടെ നാടകങ്ങള്‍ക്ക് വേണ്ടിയാണ് വിനിയോഗിച്ചത്.
1979 ല്‍ ആന്റണിയുടെ കൊച്ചിന്‍ കലാകേന്ദ്രത്തില്‍ അഭിനയിക്കാനെത്തിയ പൂച്ചാക്കല്‍ സ്വദേശിനി ലീനയെ ആണ് ആന്റണി ജീവിത പങ്കാളിയാക്കിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായതോടെ പൂച്ചാക്കലില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു.

ആന്റണി എഴുതി സംവിധാനം ചെയ്ത കലാപം, കുരുതി, ഇരുട്ടറ, മനുഷ്യപുത്രന്‍, തെരുവുഗീതം തുടങ്ങിയ നാടകങ്ങളില്‍ ലീന അഭിനയിച്ചിട്ടുണ്ട്. പതിറ്റാണ്ടുകള്‍ക്കുശേഷം, എഴുപത്തിമൂന്നുകാരനായ ആന്റണിയും അറുപതുകാരിയായ ലീനയും വീണ്ടും വേദിയില്‍ ഒന്നിച്ച, രണ്ടു കഥാപാത്രങ്ങള്‍ മാത്രമുള്ള നാടകമായിരുന്നു 2013ല്‍ അവതരിപ്പിച്ച അമ്മയും തൊമ്മനും. അതില്‍ ആന്റണിയുടെ അമ്മ വേഷമാണു ലീന ചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.