സ്വന്തം ലേഖകന്‍: പ്രമുഖ ചലച്ചിത്ര താരം കൊല്ലം അജിത് അന്തരിച്ചു. 56 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു വില്ലന്‍ വേഷങ്ങളിലൂടെ മലയാളി മനസു കീഴടക്കിയ അജിത്.
തൊണ്ണൂറുകളില്‍ വില്ലന്‍ വേഷങ്ങളിലൂടെ എത്തി ശ്രദ്ധേയനായ അജിത്ത് 500ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. 1984ല്‍ പി. പദ്മരാജന്‍ സംവിധാനം ചെയ്ത ‘പറന്ന്! പറന്ന്! പറന്ന്!’ എന്ന സിനിമയില്‍ ചെറിയ വേഷത്തിലാണു തുടക്കം. പിന്നീട് പദ്മരാജന്റെ സിനിമകളിലെ സ്ഥിര സാന്നിധ്യമായി അദ്ദേഹം.1989 ല്‍ പുറത്തിറങ്ങിയ അഗ്‌നിപ്രവേശം എന്ന ചിത്രത്തില്‍ നായകനുമായി അജിത്ത്. പക്ഷേ പിന്നീട് അഭിനയിച്ചത് ഏറെയും വില്ലന്‍ വേഷങ്ങളാണ്.
ദൂരദര്‍ശനിലെ ആദ്യകാല പരമ്പരകളിലൊന്നായ ‘കൈരളി വിലാസം ലോഡ്ജ്’ അടക്കം നിരവധി ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. പാവക്കൂത്ത്, വജ്രം, കടമറ്റത്ത് കത്തനാര്‍, സ്വാമി അയ്യപ്പന്‍, തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു.
മൂന്നുപതിറ്റാണ്ടിലേറെയായി അഭിനയരംഗത്ത് തിളങ്ങിയ അജിത്ത് ‘കോളിംഗ് ബെല്‍’ എന്ന ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. പത്ഭനാഭന്‍സരസ്വതി ദമ്പതികളുടെ മകനായി ജനിച്ച അജിത്ത് കൊല്ലത്ത് കാമ്പിശ്ശേരി കരുണാകരന്‍ അധികാരിയായിട്ടുള്ള ക്ലബ്ബിലൂടെയാണ് കലാജീവിതത്തിന് തുടക്കം കുറിച്ചത്. പ്രമീളയാണ് ഭാര്യ. മക്കള്‍: ശ്രീക്കുട്ടി, ശ്രീഹരി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല