സ്വന്തം ലേഖകന്‍: തമിഴ് രാഷ്ട്രീയത്തിലേക്ക് സിനിമാ സ്‌റ്റൈല്‍ പ്രവേശവുമായി നടന്‍ വിശാല്‍, ജയലളിതയുടെ മണ്ഡലമായ ആര്‍.കെ നഗറില്‍ മത്സരിക്കും. തമിഴ് സിനിമാ ലോകത്ത് നിന്ന് രജനികാന്തോ കമല്‍ഹാസനോ ആദ്യം രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയെന്ന് ഉറ്റു നോക്കി ക്കൊണ്ടിരികക്കേയാണ് വിശാല്‍ അപ്രതീക്ഷിതമായി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. നിലവില്‍ അഭിനേതാക്കളുടെയും നിര്‍മാതാക്കളുടെയും സംഘടനകളുടെ ഭാരവാഹിയാണ് വിശാല്‍.
ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് വിശാല്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതെന്നാണ് സൂചന. പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റും നടികര്‍ സംഘം സെക്രട്ടറി ജനറലുമായ വിശാല്‍ തിങ്കളാഴ്ച തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി.
മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തെ തുടര്‍ന്നാണ് ആര്‍.കെ. നഗര്‍ എന്ന രാധാകൃഷ്ണ നഗര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഡിസംബര്‍ പതിനേഴിനാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ടി.ടി.വി. ദിനകരനെയാണ് ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍, പാര്‍ട്ടികള്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായി വന്‍ തോതില്‍ പണമൊഴുക്കുന്നുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല