സ്വന്തം ലേഖകൻ: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല. ജാമ്യം റദ്ദാക്കേണ്ടെന്ന വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. കേസില്‍ കോടതിയുടെ പരാമര്‍ശങ്ങള്‍ വിചാരണയെ ബാധിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് സോഫി തോമസ് അധ്യക്ഷയായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്.
നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. കേസിലെ സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകള്‍ നശിപ്പിച്ചതിനും തുടരന്വേഷണത്തില്‍ തെളിവു ലഭിച്ചെന്നും അതിനാല്‍ ജാമ്യം റദ്ദാക്കണമെന്നുമായിരുന്നു ആവശ്യം.
തെളിവുകള്‍ നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നുമുള്ള ജാമ്യ വ്യവസ്ഥ ലംഘിച്ചെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. കേസില്‍ സാക്ഷികളായ വിപിന്‍ലാല്‍, ദാസന്‍, സാഗര്‍ വിന്‍സെന്റ്, ഡോ. ഹൈദരാലി, ശരത്, ജിന്‍സന്‍ തുടങ്ങിയ പത്തോളം സാക്ഷികളെ കേസിലെ പ്രതിയായ ദിലീപ് സ്വാധീനിച്ചതായും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
നേരത്തെ, ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വിചാരണ കോടതിയെയും സമീപിച്ചിരുന്നു. ഇത് കോടതി തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. തെളിവുകള്‍ പരിശോധിക്കാതെയാണ് നേരത്തെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം വിചാരണ കോടതി തള്ളിയതെന്നും സാക്ഷികളെ സ്വാധീനിച്ചതിന് തെളിവായ ശബ്ദസന്ദേശങ്ങള്‍ക്ക് ആധികാരികതയില്ലെന്ന പരാമര്‍ശം തെറ്റാണെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വാദമുന്നയിച്ചു.
ഹര്‍ജി പരിഗണിക്കവെ കേസിന്റെ വിചാരണ ഏത് ഘട്ടത്തിലാണെന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ എതിര്‍ വിസ്താരം നടക്കുന്നതായി പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ എട്ടാംപ്രതിയാണ് നടന്‍ ദിലീപ്.
അതേസമയം, തന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും മുന്‍പ് പലതവണ കോടതി തള്ളിയതുമാണെന്ന് ദിലീപ് ഹൈക്കോടതിയില്‍ മറുപടി സത്യവാങ്മൂലത്തില്‍ അറിയിച്ചിരുന്നു. ഇനി വിസ്തരിക്കാനുള്ള അന്വേഷണ ഉദ്യോഗസ്ഥനെയടക്കം താന്‍ സ്വാധീനിക്കുമെന്ന് കരുതുന്നതില്‍ ശരിയില്ലെന്നും ദിലീപ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല