സ്വന്തം ലേഖകൻ: നടിയെ ക്വട്ടേഷൻ സംഘം ആക്രമിച്ചു ദൃശ്യങ്ങൾ പകർത്തിയ കേസിൽ കുറ്റവിമുക്തനാക്കണമെന്ന നടൻ ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതി വ്യാഴാഴ്ച വിധി പറയും. കേസിന്റെ വിചാരണ വ്യാഴാഴ്ച ആരംഭിക്കുന്ന സാഹചര്യത്തിൽ രാവിലെ പത്തേകാലിന് കോടതി വിധി പ്രസ്താവിക്കും. കേസിൽ കുറ്റങ്ങൾ ചുമത്തിയതിൽ കീഴ്‌ക്കോടതിക്ക് പിഴവു പറ്റിയിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
ദിലീപിനെ പൾസർ സുനി അടക്കമുള്ള പ്രതികൾ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതായി പ്രോസിക്യൂഷന് കേസില്ലെന്നും എന്നാൽ കുറ്റപത്രത്തിൽ കോടതിയാണ് ഈ ഭാഗം ചുമത്തിയതെന്നും പ്രോസിക്യൂഷൻ അറിയിച്ചു. കേസ് രേഖകൾ പരിശോധിച്ച വിചാരണ കോടതിയുടെ നടപടിയായിരുന്നു അത്. കോടതി കൂട്ടിച്ചേർത്ത ഭാഗം നീക്കം ചെയ്യാൻ വിചാരണ കോടതിയിൽ അപേക്ഷ നൽകുമെന്ന് പ്രോസിക്യൂഷന് വേണ്ടി സീനിയർ ഗവൺമെന്റ് പ്ലീഡർ സുമൻ ചക്രവർത്തി അറിയിച്ചു.
പ്രതികൾ ജയിലിൽ ഗുഢാലോചന നടത്തി ദിലീപിനോട് പണം ആവശ്യപ്പെട്ടുവെന്ന ഭാഗം കുറ്റപത്രത്തിൽ നിലനിർത്തുമെന്നും എന്നാൽ പ്രതികൾ ദിലീപിനെ ഭീഷണിപ്പെടുത്തി എന്ന ഭാഗം മാത്രം ഒഴിവാക്കുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. കേസിൽ 2017 ഏപ്രിൽ 17ന് പൊലീസ് ആദ്യ റിപ്പോർട്ട് സമർപ്പിച്ചെന്നും അതുവരെ കാത്തിരുന്ന ദിലീപ് തനിക്കനുകൂലമായി തെളിവുണ്ടാക്കാൻ ഇ-മെയിൽ വഴി 20 ന് ഡിജിപിക്ക് പരാതി നൽകുകയായിരുന്നുവെന്നും പ്രോസിക്യൂഷൻ ചുണ്ടിക്കാട്ടി.
ദിലീപ് ഡിജിപിക്ക് നൽകിയ പരാതിയിൽ എന്തന്വേഷണമാണ് നടന്നതെന്ന് കോടതി ആരാഞ്ഞപ്പോൾ, പ്രതി പേരിന് ഒരു പരാതി നൽകുകയായിരുന്നുവെന്നും ഈ പരാതി ഐജി തലത്തിൽ അന്വേഷിച്ചു തീർപ്പാക്കിയതാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
പൾസർ സുനിയും സംഘവും പണം തട്ടാനാണ് നടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങൾ പകർത്തിയതെന്നും തനിക്ക് ഒരു പങ്കുമില്ലെന്നുമാണ് ദിലീപിന്റെ വാദം. പ്രതികൾ ഭിഷണിപ്പെട്ടുത്തിയതിന് ഡിജിപിക്ക് നൽകിയ പരാതിയിൽ താൻ ഇരയാണെന്നും പ്രതികളെയും ഇരയെയും ഒന്നിച്ചു വിചാരണ ചെയ്യാൻ ക്രിമിനൽ നടപടി നിയമത്തിൽ വ്യവസ്ഥയില്ലെന്നും ദിലീപിന്റെ അഭിഭാഷകൻ ബോധിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല