1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2022

സ്വന്തം ലേഖകൻ: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കേസില്‍ കാവ്യാ മാധവന് നോട്ടീസ്. അന്വേഷണ സംഘത്തിന് മുന്നില്‍ തിങ്കളാഴ്ച ഹാജരാവണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ആലുവ പോലീസ് ക്ലബ്ബില്‍ ഹാജരാവാനാണ് നോട്ടീസ്. നേരത്തെ കാവ്യയെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും കാവ്യ സ്ഥലത്തില്ല എന്ന മറുപടിയാണ് നല്‍കിയിരുന്നത്. തുടര്‍ന്നാണ് ഇപ്പോള്‍ തിങ്കളാഴ്ച ഹാജരാവാന്‍ നോട്ടീസ് നല്‍കിയത്.

കാവ്യയുമായി ബന്ധപ്പെട്ട ചില ഓഡിയോ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഈ ചോദ്യം ചെയ്യല്‍. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ടി.എന്‍ സുരാജിന്റെ ഉള്‍പ്പടെയുള്ളവരുടെ ഫോണുകള്‍ ശാസ്ത്രീയ പരിശോധന നടത്തിയതില്‍ നിന്ന് ചില സുപ്രധാനമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.

ദിലീപിന്റെ സുഹൃത്തായ ശരത്തും സഹോദരി ഭര്‍ത്താവ് ടി.എന്‍. സുരാജും തമ്മിലുള്ള ഫോണ്‍ സംഭാഷണവും പോലീസിന് ലഭിച്ചിരുന്നു. ഈ സംഭാഷണത്തില്‍ കാവ്യയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. കാവ്യയും സുഹൃത്തുക്കളും തമ്മില്‍ തര്‍ക്കമുണ്ടായെന്നും അതിന് പണികൊടുക്കാനാണ് ഈ സംഭവങ്ങളെല്ലാം ഉണ്ടായതെന്നുമാണ് ഫോണ്‍ സംഭാഷണത്തിലെ സൂചന. ഇത് പിന്നീട് ദിലീപ് ഏറ്റെടുക്കേണ്ടി വന്നതാണെന്നുമാണ് സുരാജ് സംഭാഷണത്തില്‍ പറയുന്നത്. ഈ ശബ്ദരേഖ ഉള്‍പ്പടെയുള്ള തെളിവുകള്‍ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു.

അതിനിടെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള ദിലീപിന്റെ പുതിയ ശബ്ദരേഖ പുറത്ത്. അടുത്ത സുഹൃത്ത് ബൈജുവുമായി ദിലീപ് സംസാരിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. ഇത് വേറെ പെണ്ണ് അനുഭവിക്കേണ്ട ശിക്ഷയാണെന്നും അവരെ രക്ഷിച്ചതിന് താന്‍ ശിക്ഷിക്കപ്പെട്ടെന്നുമാണ് സംഭാഷണത്തില്‍ ദിലീപ് പറയുന്നത്. അതേസമയം, ഈ ശബ്ദരേഖ തന്റേതല്ലെന്നാണ് ദിലീപ് ക്രൈംബ്രാഞ്ചിന് നല്‍കിയ മറുപടി.

‘ഈ ശിക്ഷ ഞാന്‍ അനുഭവിക്കേണ്ടതല്ല, വേറെ പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു. അവരെ നമ്മള്‍ രക്ഷിച്ച് രക്ഷിച്ച് കൊണ്ടുപോയിട്ട് ഞാന്‍ ശിക്ഷിക്കപ്പെട്ടു’ എന്നാണ് പത്ത് സെക്കന്റ് ദൈര്‍ഘ്യമുള്ള ശബ്ദരേഖയില്‍ പറയുന്നത്.

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ റെക്കോഡ് ചെയ്ത ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇത് അന്വേഷണസംഘം കോടതിയിലും സമര്‍പ്പിച്ചിരുന്നു. ഇതേ ശബ്ദരേഖ ദിലീപിന്റെ ഫോണില്‍നിന്നും കണ്ടെടുത്തിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ച് സംഘം പറയുന്നത്. അതേസമയം, ശബ്ദരേഖ തന്റേതല്ലെന്നാണ് ചോദ്യംചെയ്യലില്‍ ദിലീപ് നല്‍കിയ മറുപടി. എന്നാല്‍ ദിലീപിന്റെ ശബ്ദം സാക്ഷികള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ച് സംഘം പറയുന്നത്. മാത്രമല്ല, ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുമുണ്ട്.

അതേസമയം, കാവ്യയെ കേസിലേക്ക് കൊണ്ടുവന്ന് ദിലീപില്‍നിന്ന് ശ്രദ്ധമാറ്റാനുള്ള ശ്രമമാണോ ഇതിനെല്ലാം പിന്നിലെന്നും അന്വേഷണസംഘം സംശയിക്കുന്നുണ്ട്. മറ്റൊരാള്‍ ചെയ്തത് അവരെ രക്ഷിക്കാന്‍ വേണ്ടി താന്‍ ഏറ്റെടുത്തെന്നരീതിയിലാണ് ദിലീപിന്റെയും മറ്റുള്ളവരുടെയും സംഭാഷണങ്ങള്‍. അതിനാല്‍ തന്നെ ഇത് തന്ത്രപൂര്‍വമുള്ള നീക്കങ്ങളാണോയെന്നും അന്വേഷണസംഘം സംശയിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.