1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 10, 2024

സ്വന്തം ലേഖകൻ: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയതിലെ റിപ്പോര്‍ട്ട് പുറത്ത്. മെമ്മറി കാര്‍ഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അങ്കമാലി മജിസ്‌ട്രേറ്റും ജില്ലാ ജഡ്ജിയുടെ ഓഫിസിലെ സ്റ്റാഫും മെമ്മറി കാര്‍ഡ് പരിശോധിച്ചു. അതേസമയം, ജില്ലാ ജഡ്ജിയുടെ അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് അതിജീവിത രംഗത്തെത്തി. ഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍ അന്വേഷിക്കണമെന്നാണ് അതിജീവിത ആവശ്യപ്പെട്ടിരിക്കുന്നത്.

ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍ അന്വേഷണം നടത്തിയത്. അസമയത്തടക്കം മെമ്മറി കാര്‍ഡ് പരിശോധിച്ചിട്ടുണ്ടെന്ന് ഹൈക്കോടതിക്ക് ബോധ്യപ്പെട്ടതിനാലാണ് ഇതില്‍ അന്വേഷണം ആവശ്യപ്പെട്ടത്. അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതി നേരത്തേ അതിജീവിതയ്ക്ക് കൈമാറിയിരുന്നു. ആ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

നേരത്തെ ഈ കേസ് പരിഗണിച്ചിരുന്ന അങ്കമാലി മജിസ്‌ട്രേറ്റ് ഒരു വര്‍ഷത്തോളം സ്വകാര്യമായി മെമ്മറി കാര്‍ഡ് കൈവശംവെച്ച് പല ഘട്ടങ്ങളിലായി പരിശോധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2018-ല്‍ ജില്ലാ ജഡ്ജിയുടെ പി.എയും സ്വന്തം ഫോണില്‍ മെമ്മറി കാര്‍ഡ് ഇട്ട് ഈ മെമ്മറി കാര്‍ഡ് പരിശോധിച്ചിട്ടുണ്ട്. പക്ഷേ ഈ ഫോണ്‍ 2022-ല്‍ നഷ്ടപ്പെട്ടുവെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ഫോണില്‍ ഇട്ടാണോ പരിശോധിച്ചതെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

വിചാരണ കോടതിയിലെ ശിരസ്തദാറും ഈ മെമ്മറി കാര്‍ഡ് പരിശോധിച്ചിട്ടുണ്ട്. ഈ വിഷയത്തിലൊന്നും തന്നെ തുടരന്വേഷണം നടത്താനോ നടപടിയെടുക്കാനോ അന്വേഷണ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയില്ല. പരിശോധനയുടെ ഭാഗമായി മെമ്മറി കാര്‍ഡിലെ വിവരങ്ങള്‍ ദുരുപയോഗം ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

എന്നാല്‍, മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ കേസെടുത്ത് അന്വേഷണം വേണമെന്നാണ് അതിജീവിതയുടെ ആവശ്യം. ഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് ചുമതല നല്‍കണമെന്നാണ് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.