1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 21, 2023

സ്വന്തം ലേഖകൻ: കുവൈത്തിലെ പ്രവാസി ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി അധികൃതര്‍. ജനസംഖ്യാ ഘടനയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കുമുള്ള എക്സിക്യൂട്ടീവ് നിയന്ത്രണങ്ങള്‍ ഔദ്യോഗിക പത്രമായ ‘കുവൈത്ത് അല്‍ യൗം’ പ്രസിദ്ധീകരിച്ചതിനു പിന്നാലെ ജനസംഖ്യാ ഘടനയുമായി ബന്ധപ്പെട്ട നിയമത്തിലെ ഭേദഗതി പ്രാബല്യത്തില്‍ വന്നതായി അല്‍ റായി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

ഓരോ രാജ്യക്കാരുടെയും ജനസംഖ്യയ്ക്ക് അനുസരിച്ച് പുതിയ പ്രവാസി റിക്രൂട്ട്മന്റ് നയം നടപ്പിലാക്കുന്നത് ഉള്‍പ്പെടെയുള്ള ഭേദഗതികളാണ് പുതുതായി അധികൃതര്‍ കൊണ്ടുവന്നിരിക്കുന്നത്. ഇത് ഇന്ത്യയില്‍ നിന്നും ഈജിപ്തില്‍ നിന്നുമുള്ളവര്‍ക്ക് തിരിച്ചടിയാവും.

രാജ്യത്തിന്റെ സുരക്ഷ മേഖലകളുമായി ബന്ധപ്പെട്ട ജോലികള്‍ രാജ്യത്തെ പൗരന്മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനും പുതിയ ഭേദഗതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നേരിട്ടുള്ള നിയമനത്തിലൂടെയോ കരാറുകളിലൂടെയോ മാത്രം സ്വദേശികളെ സുരക്ഷാ സ്ഥാപനങ്ങളിലേക്ക് നിയമിക്കണമെന്നും നിയമം അനുശാസിക്കുന്നു. സെക്യൂരിറ്റി, ജുഡീഷ്യല്‍ മേഖലകളില്‍ നിന്ന് നേരത്തേ ഒഴിവാക്കപ്പെട്ട ജിവനക്കാരെ വീണ്ടും റിക്രൂട്ട് ചെയ്യുന്നത് നിരോധിക്കുക, പബ്ലിക് അതോറിറ്റിയിലെ പ്രവാസി രജിസ്ട്രിയില്‍ പോയിന്റ് സംവിധാനം ഏര്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും പുതിയ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നതുമായി ബന്ധപ്പെട്ടാണ് രജിസ്ട്രീയില്‍ പോയിന്റ് സംവിധാനം നടപ്പിലാക്കുക. ഇതുപ്രകാരം നിയമ ലംഘനങ്ങളുടെ പേരില്‍ നിശ്ചത പോയിന്റ് ലഭിച്ചാല്‍ ആ പ്രവാസിക്ക് രാജ്യത്ത് പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്ത് ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട നിയമം നടപ്പിലാക്കുമ്പോള്‍ പ്രവാസികളായ തൊഴിലാളികളുടെ ദേശീയത കൂടി പരിഗണിച്ചുവേണം തീരുമാനങ്ങള്‍ എടുക്കേണ്ടതെന്നും നിയമം അനുശാസിക്കുന്നു. ഒരു രാജ്യത്തു നിന്നുള്ള കൂടുതല്‍ പ്രവാസികള്‍ നിലവില്‍ കുവൈത്തില്‍ ഉണ്ടെങ്കില്‍ ആ രാജ്യങ്ങളില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇപ്രകാരം ഒരോ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും റിക്രൂട്ട്‌മെന്റ് പരിധി നിശ്ചയിക്കണം. വിദ്യാഭ്യാസം, പ്രായം, തൊഴിലുകളുടെ സ്വഭാവം, തൊഴില്‍ വിപണിയുടെ ആവശ്യകത മുതലായവ ഘടകങ്ങള്‍ കൂടി പരിഗണിച്ചാവും ഇത്തരമൊരു റിക്രൂട്ടിംഗ് നയം രൂപീകരിക്കുക.

ചില മേഖലകളിലേക്കുള്ള തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്ന രീതിയില്‍ ആവശ്യമായ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും കൊണ്ടുവരണമെന്നും പുതിയ ഭേദഗതി അനുശാസിക്കുന്നുണ്ട്. ദേശീയ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് വിപുലീകരിക്കുന്നതിന് ഊന്നല്‍ നല്‍കിക്കൊണ്ട് ഇതുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ സ്വകാര്യ മേഖലയുമായുള്ള സംയുക്ത ധാരണാപത്രങ്ങള്‍ ഉണ്ടാക്കണം.

രാജ്യത്തെ തൊഴില്‍ വിപണിയുടെ ആവശ്യകതകളുമായി വിദ്യാഭ്യാസ സമ്പ്രദായത്തെ ബന്ധിപ്പിക്കുകയും സ്വദേശികള്‍ക്കിടയില്‍ തൊഴിലിനാവശ്യമായ പരിശീലന പരിപാടികള്‍ വിപുലീകരിക്കുകയും ചെയ്യണമെന്നും നിപര്‍ദ്ദേശമുണ്ട്.

പ്രവാസി ജനസംഖ്യ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് സര്‍ക്കാര്‍ ഏജന്‍സികള്‍ തമ്മിലുള്ള മികച്ച ഏകോപനം സാധ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നതാണ് മറ്റൊരു തീരുമാനം. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിന് ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകള്‍ വഴി മന്ത്രാലയങ്ങളെ പരസ്പരം ബന്ധിപ്പിക്കണം. പ്രവാസി തൊഴിലാളികള്‍ക്ക് ആവശ്യമായ യോഗ്യതകള്‍ ഉണ്ടോ എന്ന കാര്യം പരീക്ഷകളിലൂടെ പരിശോധിക്കണമെന്നും നിയമം അനുശാസിക്കുന്നു.

അതേസമയം വിദഗ്ദ്ധരായ പ്രവാസി തൊഴിലാളികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കൊണ്ടുവരാനും നിര്‍ദ്ദേശമുണ്ട്. സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധപ്പെട്ട കരാര്‍ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് കാര്യത്തിലും ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവരും. ഇക്കാര്യത്തില്‍ വിവിധ വകുപ്പുകള്‍ തമ്മില്‍ നല്ല ഏകോപനം ആവശ്യമാണ്. സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധപ്പെട്ട കരാര്‍ ജോലികളില്‍ സ്വദേശി തൊഴിലാളികളെ കൂടുതലായി നിയമിക്കുന്നതിനും സംവിധാനമൊരുക്കണമെന്നും പുതിയ ഭേദഗതി നിര്‍ദ്ദേശം നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.