1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2017

സ്വന്തം ലേഖകന്‍: സര്‍വത്ര ആശയക്കുഴപ്പവുമായി സംസ്ഥാന സ്വാശ്രയ മെഡിക്കല്‍ പ്രവേശനം, ബാങ്ക് ഗ്യാരന്റി പ്രശ്‌നത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അവസാന നിമിഷം സര്‍ക്കാര്‍ സഹായം. സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഫീസിലെ അനിശ്ചിതത്വവും വിദ്യാര്‍ഥികള്‍ സീറ്റ് ഉപേക്ഷിച്ചു പോകുന്നതും തുടരുന്നതിനിടെ പ്രവേശന നടപടികള്‍ 31 ന് വ്യാഴാഴ്ച പൂര്‍ത്തിയാകും. ആറു ലക്ഷം രൂപയുടെ ബാങ്ക് ഗാരന്റി നല്കണമെന്ന സ്ഥിതി വന്നതോടെ കഴിഞ്ഞ ദിവസം ഒട്ടേറെ വിദ്യാര്‍ഥികള്‍ പ്രവേശനത്തില്‍നിന്നു പിന്‍മാറിയിരുന്നു.

തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ബാങ്ക് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ബാങ്ക് ഗാരന്റി നല്കുന്നതു സംബന്ധിച്ചു തീരുമാനമുണ്ടായത്. ദേശസാത്കൃത ബാങ്കുകളും ഷെഡ്യൂള്‍ഡ് ബാങ്കുകളും കൊളാറ്ററല്‍ സെക്യൂരിറ്റി ഇല്ലാതെ മൂന്നാംകക്ഷിയുടെ വ്യക്തിഗത ഗാരന്റിയുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്കു ബാങ്ക് ഗാരന്റി നല്‍കും. ബാങ്ക് ഗാരന്റിയുടെ പ്രശ്‌നം പരിഹരിക്കപ്പെട്ടാലും ഉയര്‍ന്ന വാര്‍ഷിക ഫീസ് താങ്ങാനാവാത്തതിനാലാണ് വിദ്യാര്‍ഥികളില്‍ പലരും വൈദ്യപഠന മോഹം ഉപേക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

വ്യക്തിഗത ഗാരന്റിക്കു പുറമെ സര്‍ക്കാരും ഗാരന്റി നല്‍കും. ബാങ്ക് ഗാരന്റിയുടെ കാലാവധി ആറുമാസമായിരിക്കും. സെപ്റ്റംബര്‍ അഞ്ചു മുതല്‍ ബാങ്ക് ഗാരന്റി കൊടുത്തുതുടങ്ങും. പ്രവേശനം ലഭിച്ചുവെന്നു കോളജ് അധികാരികളോ പരീക്ഷാ കമ്മീഷണറോ സാക്ഷ്യപ്പെടുത്തുന്ന രേഖ സഹിതം ബാങ്ക് ബ്രാഞ്ചിനു വിദ്യാര്‍ഥി അപേക്ഷ നല്‍കണം. സ്വാശ്രയ മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പലി നായിരിക്കും ഗാരന്റി നല്‍കുക. ദാരിദ്ര്യരേഖയ്ക്കു താഴെയുളളവര്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍, മത്സ്യബന്ധനം, കയര്‍, കശുവണ്ടി, കൈത്തറി തുടങ്ങിയ പരമ്പരാഗത തൊഴിലാളി കുടുംബങ്ങളിലുളളവര്‍ എന്നിവരില്‍നിന്നു ബാങ്കുകള്‍ ഗാരന്റി കമ്മീഷന്‍ ഈടാക്കുന്നതല്ല.

അവസാന ദിനമായ വ്യാഴാഴ്ച രാവിലെ ഒമ്പതിന് കേരള റാങ്കിലെ 8001 മുതല്‍ 25600 വരെയും (എല്ലാകാറ്റഗറിയും) ഉച്ചക്ക് രണ്ടിന് 25600 മുതല്‍ മുകളിലേക്കുള്ളവര്‍ക്കും (എല്ലാ കാറ്റഗറിയും) സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. ബുധനാഴ്ച രാവിലെ ബാങ്ക് ഗാരന്റി ആവശ്യമില്ലെന്നറിയിച്ച ഏഴ് കോളജുകളിലേക്കാണ് ആദ്യം സ്‌പോട്ട് അഡ്മിഷന്‍ നടന്നത്. അതില്‍ 1966 റാങ്കിന് അകത്തുള്ളവരെ പരിഗണിച്ചു. പിന്നീടുള്ള സീറ്റുകളിലേക്ക് 11 ലക്ഷമെന്ന താല്‍ക്കാലിക വാര്‍ഷിക ഫീസിനാണ് പ്രവേശനം നടന്നത്. കഴിഞ്ഞ ദിവസം സീറ്റുപേക്ഷിച്ച ശേഷം മടങ്ങി വന്ന ചില വിദ്യാര്‍ഥികള്‍ക്കും സ്‌പോട്ട് അഡ്മിഷനിലൂടെ പ്രവേശനം ലഭിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.