
സ്വന്തം ലേഖകൻ: കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ഇന്ന് രാവിലെ തടഞ്ഞുവെച്ച 150 ഓളം ഇന്ത്യക്കാരെ വിട്ടയച്ചു. നിലവില്‍ ഇവര്‍ സുരക്ഷിതരായി കാബൂള്‍ വിമാനത്താവളത്തിനുള്ളില്‍ പ്രവേശിച്ചെന്നും ഇവിടെ നിന്ന് ഉടന്‍ ഒഴിപ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ വിമാനത്താവളത്തിന്റെ ഗേറ്റിന് സമീപത്ത് നിന്ന് തടഞ്ഞ ഇന്ത്യക്കാരെ താലിബാന്‍ ട്രക്കുകളില്‍ പുറത്തേക്ക് കൊണ്ടുപോയിരുന്നു.
രേഖകളും മറ്റും പരിശോധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കാബൂള്‍ വിമാനത്താവളത്തിലേക്ക് കഴിയാവുന്നത്ര ഇന്ത്യക്കാരെ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. താലിബാന്‍ അഫ്ഗാന്‍ പിടിച്ചതിന് പിന്നാലെ എല്ലാ എംബസി ഉദ്യോഗസ്ഥരേയു ഇന്ത്യ ഒഴിപ്പിച്ചിരുന്നു.
എന്നാല്‍ ആയിരത്തോളം ഇന്ത്യക്കാര്‍ വിവിധയിടങ്ങളിലായി കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. ഇവരില്‍ പലരും എംബസികളില്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ കണ്ടെത്തുക ദുഷ്‌കരമാണെന്നും അധികൃതര്‍ പറയുന്നു. 85 ഇന്ത്യക്കാരെ കാബൂളില്‍ നിന്ന് വ്യോമസേനാ വിമാനം താജികിസ്താനിലേക്ക് ഒഴിപ്പിച്ചിരുന്നു. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് 150 ഓളം ഇന്ത്യക്കാരെ തടഞ്ഞുവെച്ചത്. വ്യോമസേനയുടെ നേതൃത്വത്തില്‍ മറ്റൊരു വിമാനം ഒഴിപ്പിക്കിലിന് തയ്യാറെടുത്ത് വരികയാണ്.
അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 85 ഇന്ത്യക്കാരുമായി വിമാനം പുറപ്പെട്ടു. വ്യോമസേനയുടെ സി-130ജെ വിമാനമാണ് കാബൂളിൽനിന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചത്. താജിക്കിസ്ഥാനിൽ ഇറങ്ങി വിമാനം ഇന്ധനം നിറച്ചു. അതേസമയം, പുറത്തുവന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് താലിബാൻ വ്യക്തമാക്കി.
“വിമാനത്താവളത്തിന് പുറത്തെ സ്ഥിതി നിയന്ത്രിക്കാനാണ് ശ്രമം നടത്തിയത്. ഇന്ത്യക്കാരെ തട്ടിക്കൊണ്ട് പോയിട്ടില്ല,“ താലിബാൻ വക്താവ് പറഞ്ഞു.
ഇരുന്നൂറിലധികം ഇന്ത്യക്കാർ വിമാനത്താവളത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്ന വാർത്തകൾ മുൻപ് പുറത്തുവന്നിരുന്നു. വാഹനങ്ങളിലും ഹോട്ടലുകളിലുമായിട്ടാണ് ആളുകൾ കഴിയുന്നത്. കാബൂളിലെ വിവിധ ഹോട്ടലുകളിൽ താമസിച്ചിരുന്ന ഇന്ത്യക്കാരെ കഴിഞ്ഞ ദിവസം രാത്രി വാഹനങ്ങളിൽ വിമാനത്താവളത്തിന് സമീപം എത്തിച്ചിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യത്തിൽ ഇടപെടൽ നടത്തിയത്.
കാബൂൾ വിമാനത്താവളം ഇപ്പോഴും അമേരിക്കൻ സൈന്യത്തിൻ്റെ നിയന്ത്രണത്തിലാണ്. ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒഴിപ്പിക്കൻ ദൗത്യമാണ് അഫ്ഗാനിസ്ഥാനിൽ അമേരിക്ക നടത്തുന്നതെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ വ്യക്തമാക്കി. ഒരു അമേരിക്കൻ പൗരൻ പോലും അഫ്ഗാനിസ്ഥാനിൽ ഇല്ലെന്ന് ഉറപ്പ് വരുത്തും. താലിബാൻ നിയന്ത്രണം ഏറ്റെടുത്തതോടെ അഫ്ഗാനിലെ കാബൂൾ നഗരത്തിൽ നിന്നുള്ള രക്ഷാദൗത്യം ദുഷ്കരവും അപകടം നിറഞ്ഞതുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല