
സ്വന്തം ലേഖകൻ: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം ദോഹയിലെത്തി. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനൊപ്പമാണ് ബ്ലിങ്കന്‍റെ ഖത്തര്‍ പര്യടനം. വിമാനത്താവളത്തിലെ ഊഷ്മള സ്വീകരണത്തിന് ശേഷ പേള്‍ പാലസിലെത്തിയ ഇരുവരും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന‍് ഹമദ് അല്‍ത്താനിയുമായി കൂടിക്കാഴ്ച്ച നടത്തി.
യുഎസ് പൌരന്മാര്‍, ഉദ്യോഗസ്ഥരുള്‍പ്പെടെ കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്താന്‍ ഖത്തര്‍ നടത്തിയ ഇടപെടലുകള്‍ക്ക് പ്രസിഡന്‍റ് ജോ ബൈഡന്‍റെ പേരില്‍ ബ്ലിങ്കന്‍ അമീറിന് നന്ദിയര്‍പ്പിച്ചു. തുടര്‍ന്ന് അഫ്ഗാനിലെ ഏറ്റവും പുതിയ സ്ഥിതിഗതികള്‍ നേതാക്കള്‍ ചര്‍ച്ച ചെയ്തു. അഫ്ഗാനില്‍ എത്രയും വേഗം സമാധാനവും സുരക്ഷയും പുനസ്ഥാപിക്കുക എന്നതായിരുന്നു മുഖ്യ വിഷയം.
അന്താരാഷ്ട്ര തലത്തിലും മേഖലയിലും സമാധാനം നിലനിര്‍ത്താന്‍ ഖത്തര്‍ നടത്തിവരുന്ന മധ്യസ്ഥ നീക്കങ്ങളെ ബ്ലിങ്കന്‍ പ്രശംസിച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സൌഹൃദ നയതന്ത്ര ബന്ധം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും കൂടിക്കാഴ്ചയിലുണ്ടായി.
പര്യടനത്തിന്‍റെ ഭാഗമായി ദോഹയിലെ അഫ്ഗാന്‍ അഭയാര്‍ത്ഥി കേമ്പ് ബ്ലിങ്കന്‍ സന്ദര്‍ശിച്ചേക്കും. തുടര്‍ന്ന് നാളെ ബ്ലിങ്കന്‍ ജര്‍മ്മനിയിലേക്ക് തിരിക്കും. അതെ സമയം പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ കൂടുതല്‍ ഗള‍്ഫ് രാജ്യങ്ങളില്‍ പര്യടനം നടത്താൻ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. അഫ്ഗാൻ പിന്മാറ്റത്തിലൂടെ ഇടിഞ്ഞ യുഎസ് പ്രതിഛായ മിനുക്കുക എന്നതും ഈ സന്ദർശനങ്ങളുടെ ലക്ഷ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല