1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2021

സ്വന്തം ലേഖകൻ: ഔദ്യോഗിക സന്ദർശനാർഥം യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ന് ദോഹയിലെത്തും. ഖത്തർ, ജർമനി രാജ്യങ്ങൾ സന്ദർശിക്കുന്നതായി ആന്റണി ബ്ലിങ്കൻ ട്വീറ്റ് ചെയ്തിരുന്നു. അഫ്ഗാനിസ്ഥാൻ വിഷയമാണ് സന്ദർശനത്തിന്റെ പ്രധാന അജൻഡ. അഫ്ഗാനുമായുള്ള സഹകരണത്തിന്റെ പ്രാധാന്യം ചർച്ച ചെയ്യുന്നതിനൊപ്പം ചരിത്രത്തിലെ ഏറ്റവും വലിയ എയർ ലിഫ്റ്റിങ്ങിന് പിന്തുണ നൽകിയ ഖത്തർ, ജർമനി അധികൃതർക്ക് നന്ദി അറിയിക്കുകയുമാണ് സന്ദർശന ലക്ഷ്യം.

അഫ്ഗാനിൽ നിന്ന് യുഎസിന്റെ നേതൃത്വത്തിലുള്ള എയർ ലിഫ്റ്റിങ്ങിന് പിന്തുണയും സഹായങ്ങളും നൽകിയ മിഡിൽ ഈസ്റ്റിലെ സഖ്യകക്ഷികളെ നേരിട്ട് നന്ദി അറിയിക്കാൻ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും അടുത്ത ആഴ്ച ഖത്തർ, സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈത്ത് രാജ്യങ്ങൾ സന്ദർശിക്കുമെന്ന് പെന്റഗൺ വക്താവ് ജോൺ കിർബി പ്രസ്താവനയിൽ അറിയിച്ചതായും റിപ്പോർട്ടുണ്ട്.

ഗൾഫ് സന്ദർശനത്തിനായി ലോയ്ഡ് ഇന്ന് വാഷിങ്ടണിൽ നിന്ന് യാത്ര തിരിക്കും. അഫ്ഗാനിൽ നിന്ന് 1,20,000 ത്തിലധികം അമേരിക്കൻ, അഫ്ഗാൻ ഉൾപ്പെടെ വിവിധ രാജ്യങ്ങളുടെ പൗരന്മാരെയാണ് യുഎസിന്റെ നേതൃത്വത്തിൽ സുരക്ഷിതമായി ഒഴിപ്പിച്ചത്. ഖത്തർ മുഖേനയാണ് ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾ നടന്നത്. 40,000ത്തിലധികം പേരാണ് ഖത്തർ മുഖേന സ്വദേശങ്ങളിലേയ്ക്ക് മടങ്ങിയത്.

അഫ്ഗാന്‍ പ്രതിസന്ധിയോടെ മിഡിലീസ്റ്റിലെ ജനീവയെന്നാണ് ദോഹയെ ലോകം വിശേഷിപ്പിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബറാക് ഒബാമയുടെ പിന്തുണയോടെ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ താലിബാന്റെ രാഷ്ട്രീയകാര്യ ഓഫീസ് തുടങ്ങാനായതാണ് ഖത്തറിനെ ആഗോള മധ്യസ്ഥനെന്ന പദവിയിലേക്ക് ഉയര്‍ത്തിയത്. താലിബാനും അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈനികരും തമ്മില്‍ അഫ്ഗാനില്‍ നടന്ന പോരാട്ടം അതിന്റെ മൂര്‍ധന്യത്തില്‍ എത്തിനിന്ന 2013ലായിരുന്നു ഇത്.

ആദ്യം താലിബാന്‍ നേതാക്കളും യുഎസ് പ്രതിനിധികളും തമ്മിലായിരുന്നു ദോഹ ഓഫീസില്‍ വച്ച് ചര്‍ച്ചകള്‍ നടന്നത്. പിന്നീട് താലിബാനും അഫ്ഗാന്‍ സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചകളുടെ വേദിയായി അത് മാറി. പിന്നീട് ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരിക്കെയും ദോഹ ചര്‍ച്ചകള്‍ തുടര്‍ന്നു. വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ 2020ലാണ് അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്‍വാങ്ങാമെന്ന ധാരണയില്‍ അമേരിക്കയും താലിബാനും എത്തിച്ചേര്‍ന്നത്. അമേരിക്കയും താലിബാനുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവെ തന്നെ, താലിബാനും അഫ്ഗാന്‍ സര്‍ക്കാരും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ക്കും ദോഹ വേദിയായി.

ദോഹ ചര്‍ച്ചകളിലൂടെ താലിബാന്‍ നേതാക്കളുമായി ഖത്തറിന് കൈവന്ന അടുത്ത ബന്ധമാണ് താലിബാന്‍ അഫ്ഗാനില്‍ അധികാരം പിടിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ ഖത്തറിനെ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമാക്കി മാറ്റിയത്. അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ താലിബാന്റെ പെട്ടെന്നുള്ള മുന്നേറ്റത്തില്‍ പകച്ചു നിന്നപ്പോള്‍ അഫ്ഗാനില്‍ നിന്ന് വിദേശ നയതതന്ത്ര പ്രതിനിധികളെ ഉള്‍പ്പെടെ പുറത്തെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ ഖത്തറിന് സാധിച്ചു.

നയതന്ത്ര പ്രതിനിധികളെ മാത്രമല്ല, താലിബാന്‍ ഭീതിയില്‍ രാജ്യത്തു നിന്ന് പുറത്തു കടക്കാന്‍ ആയിരക്കണക്കിന് അഫ്ഗാന്‍ പൗരന്‍മാരെ സുരക്ഷിതമായി പുറത്തെത്തിക്കാനും ഖത്തറിന് സാധിച്ചു. അഫ്ഗാനിലെ ഖത്തര്‍ അംബാസഡര്‍ നേരിട്ടാണ് പലരെയും കാബൂള്‍ വിമാനത്താവളത്തില്‍ എത്തിച്ചത്. ലോകത്തിന്റെയാകെ പ്രശംസ പിടിച്ചുപറ്റാന്‍ ഇതിലൂടെ ഖത്തറിന് സാധിച്ചു.

അഫ്ഗാന്‍ പ്രതിസന്ധിക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ ഖത്തര്‍ ആരംഭിച്ച മധ്യസ്ഥ ശ്രമങ്ങളില്‍ താലിബാന്റെയും അമേരിക്കയുടെയും അഫ്ഗാന്‍ ഭരണകൂടത്തിന്റെയും വിശ്വാസം ഒരു പോലെ ആര്‍ജിക്കാന്‍ ഖത്തറിന് സാധിച്ചതാണ് ഏറ്റവും നിര്‍ണായകമായത്. ഇതോടെ ലോകത്തെ ഏറ്റവും മികച്ച മധ്യസ്ഥ രാജ്യമായി ഈ കൊച്ചുരാജ്യം വളര്‍ന്നു കഴിഞ്ഞു. ഇന്ന് പരസ്പരം പോരടിക്കുന്ന രാജ്യങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും പ്രശ്‌ന പരിഹാരത്തിനായി ധൈര്യ സമേതം ആശ്രയിക്കാവുന്ന രാജ്യമായി ഖത്തര്‍ മാറി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.