1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2021

സ്വന്തം ലേഖകൻ: ഹലോ മിസ്റ്റര്‍ പ്രസിഡന്റ്, എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണം. എന്നെ ഇവിടെ മറന്നുകളയരുത്- അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോടുള്ള അഫ്ഗാന്‍ സ്വദേശി മുഹമ്മദിന്റെ അഭ്യര്‍ഥനയാണിത്. 13 കൊല്ലം മുന്‍പ്, ബൈഡനും സംഘവും സഞ്ചരിച്ചിരുന്ന ഹെലിക്കോപ്ടര്‍ ശക്തമായ മഞ്ഞുകാറ്റിനെ തുടര്‍ന്ന് അഫ്ഗാനിസ്താനിലെ ഉള്‍പ്രദേശത്ത് അടിയന്തരമായി നിലത്തിറക്കിയപ്പോള്‍ രക്ഷാപ്രവര്‍ത്തക സംഘത്തിലുണ്ടായിരുന്ന ആളായിരുന്നു മുഹമ്മദ്.

വാള്‍സ്ട്രീറ്റ് ജേണലിനോടായിരുന്നു മുഹമ്മദിന്റെ പ്രതികരണം. ദ്വിഭാഷിയായി പ്രവര്‍ത്തിച്ചിരുന്ന മുഹമ്മദ്, സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി തന്റെ പേര് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍നിന്ന് പൂര്‍ണമായി പിന്‍വാങ്ങിയ പശ്ചാത്തലത്തില്‍ അവസാന ആശ്രയം എന്ന നിലയിലാണ് മുഹമ്മദ് ബൈഡനോട് സഹായം അഭ്യര്‍ഥിച്ചത്. ഓഗസ്റ്റ് 31-നാണ് അമേരിക്ക അഫ്ഗാനില്‍നിന്ന് പൂര്‍ണമായി പിന്മാറിയത്. ഇതിനു പിന്നാലെ അമേരിക്കയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച നിരവധി അഫ്ഗാനികളാണ് രാജ്യത്ത് പെട്ടുപോയിരിക്കുന്നത്.

നാലുമക്കള്‍ക്കും ഭാര്യയ്ക്കുമൊപ്പം ഒളിവിലാണ് മുഹമ്മദ് ഇപ്പോള്‍. 2008-ല്‍ അന്ന് സെനറ്ററായിരുന്ന ബൈഡനെയും മുന്‍ സെനറ്റര്‍മാരായിരുന്ന ചക്ക് ഹേഗല്‍, ജോണ്‍ കെറി തുടങ്ങിയവരെ രക്ഷപ്പെടുത്തിയ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് മുഹമ്മദ്. അന്ന് യുഎസ്. സൈന്യത്തിനു വേണ്ടി ദ്വിഭാഷിയായി പ്രവര്‍ത്തിക്കുകയായിരുന്നു മുഹമ്മദെന്ന് അക്കാലത്ത് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നു.

അതേസമയം മുഹമ്മദിന്റെ അഭ്യര്‍ഥന ബൈഡനിലേക്ക് എത്തിയെന്നാണ് സൂചന. മുഹമ്മദിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അഫ്ഗാനില്‍നിന്ന് പുറത്തുകൊണ്ടുവരാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി പറഞ്ഞു.

“ഞങ്ങള്‍ നിങ്ങളെ അവിടെനിന്ന് കൊണ്ടുവരും. നിങ്ങളുടെ സേവനത്തെ ഞങ്ങള്‍ ബഹുമാനിക്കും,“ സാക്കി കൂട്ടിച്ചേര്‍ത്തു. ഭരണം താലിബാന്‍ പിടിച്ചതിനു പിന്നാലെ മുഹമ്മദിനെ പോലെ അമേരിക്കയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച നിരവധിപ്പേരാണ് ഭയന്നുകഴിയുന്നത്. നിരവധി അഫ്ഗാൻ സ്വദേശികൾ ഇതിനകം രാജ്യം വിട്ടുകഴിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.