സ്വന്തം ലേഖകന്‍: ട്രംപിനോടുള്ള ആരാധനമൂത്ത് മകന് ട്രംപ് എന്ന് പേരിട്ടു; പുലിവാല് പിടിച്ച് അഫ്ഗാന് സ്വദേശി. മകന് ഡൊണാള്‍ഡ് ട്രംപ് എന്ന് പേരിട്ട സയദ് അസദുള്ളയ്ക്കാണ് ആ പേര് കാരണം കുടുംബവീടും ബന്ധുക്കളെയുമെല്ലാം നഷ്ടമായത്. 2016 ല്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പായിരുന്നു അഫ്ഗാനിലെ ‘ട്രംപിന്റെ’ ജനനം. തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ചൂടുപിടിക്കുന്നതിനുമുമ്പേ ഡൊണാള്‍ഡ് ട്രംപ് എന്ന ബിസിനസുകാരന്റെ പ്രവര്‍ത്തനങ്ങളില്‍ സയദ് ആകൃഷ്ടനായിരുന്നു.
ട്രംപ് എഴുതിയ ‘ഹൗ ടു ഗെറ്റ് റിച്ച്’ എന്ന പുസ്തകത്തിന്റെ പേര്‍ഷ്യന്‍ പരിഭാഷ വായിച്ചതില്‍ നിന്നുള്ള പ്രചോദനം കൂടിയാതോടെ സയദ് ഉറപ്പിച്ചു, മകന് ജനിക്കുകയാണെങ്കില്‍ അവന് ഡൊണാള്‍ഡ് ട്രംപ് എന്നുതന്നെ പേരിടുമെന്ന്. പ്രദേശത്തെ ലൈബ്രറിയില്‍നിന്ന് എടുത്ത ട്രംപിന്റെ പുസ്തകമാണ് സയദ് വായിച്ചത്.
കുഞ്ഞ് പിറന്നതുമുതല്‍ അവനെ ട്രംപ് എന്ന് വിളിക്കാന്‍ തുടങ്ങിയ സയദിന്റെയും ഭാര്യയുടെയും നടപടിയെ ആദ്യം തമാശയായാണ് മാതാപിതാക്കള്‍ കണ്ടത്. എന്നാല്‍ കളി കാര്യമാണെന്ന് മനസ്സിലായതോടെ അവര്‍ സയദിനോട് അഭിപ്രായ വ്യത്യാസം തുറന്നുപറഞ്ഞു. കാര്യങ്ങള്‍ അറിഞ്ഞതോടെ ബന്ധുക്കളും സയദിനെതിരായി. ഒടുവില്‍ അദ്ദേഹത്തിന് സ്വന്തം വീടുവിട്ട് ഇറങ്ങേണ്ടിയും വന്നു.
ഇപ്പോള്‍ ഭാര്യയ്ക്കും മൂന്നു മക്കള്‍ക്കുമൊപ്പം വാടകവീട്ടിലാണ് സയദിന്റെ താമസം. മകന് ഡൊണാള്‍ഡ് ട്രംപ് എന്ന് പേരിട്ടെന്ന ഒറ്റക്കാരണത്താല്‍ സമൂഹം ഈ കുടുംബത്തെ ഒറ്റപ്പെടുത്തിയിരിക്കുകയാണ്. ഫെയ്സ്ബുക്കിലൂടെയുള്ള അക്രമണം അസഹ്യമായതോടെ തന്റ പേരിലുള്ള അക്കൗണ്ട് സയദ് നിര്‍ത്തി. പുറത്തിറങ്ങുമ്പോഴൊക്കെ മറ്റുള്ളവരില്‍ നിന്ന് വിവേചനം നേരിടുന്നുണ്ടെന്നാണ് സയദിന്റെ പരാതി.
മുസ്ലീം നിയമപ്രകാരം സയദ് തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മതപണ്ഡിതര്‍ പറയുന്നുണ്ടെങ്കിലും അത് സമ്മതിക്കാന്‍ സമൂഹം തയ്യാറല്ല. അഫ്ഗാന് ജനത ഒരു പേരിന്റെ കാര്യത്തില്‍ ഇത്രയധികം വികാരാധീനരാകുമെന്ന് തനിക്കറിയില്ലായിരുന്നെന്ന് സയദ് പറയുന്നു. ഭാവിയില്‍ തന്റെ കുഞ്ഞിന് പേരിനെച്ചൊല്ലി സ്കൂളിലും മറ്റും പ്രയാസങ്ങള്‍ നേരിടേണ്ടി വരുമോയെന്ന ആശങ്കയിലാണ് സയദ്. എങ്കിലും, മറ്റുള്ളവരുടെ ഭീഷണിക്ക് വഴങ്ങി മകന്റെ പേര് മാറ്റാനൊന്നും ഉദ്ദേശ്യമില്ലെന്നാണ് സയദിന്റെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല