
സ്വന്തം ലേഖകൻ: അഫ്ഗാനിസ്താനിൽ തോക്കുധാരികളുടെ സംഘം നടത്തിയ ആക്രമണത്തിൽ 100 സിവിലിയൻമാർ കൊല്ലപ്പെട്ടു. കാണ്ഡഹാർ പ്രവിശ്യയിലെ സ്പിൻ ബോൾഡാക് ജില്ലയിലാണ് ആക്രമണമുണ്ടായത്. ടോളോ ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അഫ്ഗാൻ ഇന്‍റീരിയർ മിനിസ്റ്ററി വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.
താലിബാനാണ് ആക്രമണം നടത്തിയതെന്ന് അവർ ആരോപിച്ചു. ഭീകരവാദികൾ സ്പിൻ ബോൾഡാക് ജില്ലയിലെ നിരപരാധികൾക്ക് നേരെ ആക്രമണം നടത്തി. വെടിവെപ്പിൽ 100 പേർ രക്തസാക്ഷിത്വം വഹിച്ചു. ഇവർ ആളുകളുടെ വീടുകൾ കൊള്ളയടിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇന്‍റീരിയർ മന്ത്രാലയം വക്താവ് പറഞ്ഞു.
കഴിഞ്ഞയാഴ്ച ജില്ലയിലെ അധികാരം താലിബാൻ പിടിച്ചിരുന്നു. ഇതിന് ശേഷം ഭീകരവാദികൾ നഗരത്തിലെ കടകളും വീടുകളും കൊള്ളയടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. അതിനിടെ യുഎസ് സൈന്യം അഫ്ഗാനിസ്ഥാൻ വിട്ടതിനു പിന്നാലെ വളരെവേഗത്തിൽ രാജ്യത്തു പിടിമുറുക്കുകയാണു താലിബാൻ.
സെപ്റ്റംബർ 11നു മുൻപു മുഴുവൻ അമേരിക്കൻ സൈനികരെയും പിൻവലിക്കാമെന്നായിരുന്നു യുഎസ്– താലിബാൻ കരാർ. എന്നാൽ സെപ്റ്റംബർവരെ കാത്തുനിൽക്കാതെ യുഎസ് സേന സ്ഥലം വിട്ടു. യുഎസ് സഖ്യസേനയുടെ അഫ്ഗാൻ അധിനിവേശത്തിന്റെ പ്രതീകമായിരുന്ന ബാഗ്രാം വ്യോമത്താവളം അവർ ഒഴിഞ്ഞത് അഫ്ഗാൻ സൈനിക നേതൃത്വത്തെപ്പോലും അറിയിക്കാതെയായിരുന്നു.
2020 ഫെബ്രുവരി 29നു ദോഹയിൽ യുഎസ്– താലിബാൻ പ്രതിനിധികൾ ഒപ്പുവച്ച കരാറിൽ അഫ്ഗാനിൽനിന്നുള്ള യുഎസ് സേനയുടെ പിന്മാറ്റത്തിനായിരുന്നു ഊന്നൽ. യുഎസ് സേനാ സാന്നിധ്യമില്ലാത്ത അഫ്ഗാനിസ്ഥാന്റെ ഭാവി സംബന്ധിച്ച് അഫ്ഗാൻ സർക്കാരും താലിബാനും തമ്മിൽ ചർച്ചനടത്തി തീരുമാനിക്കുക എന്നു മാത്രമാണ് ഉടമ്പടിയിൽ പ റയുന്നത്.
പാക്കിസ്ഥാൻ സേനയുടെ പിന്തുണയുള്ള താലിബാൻ, യുഎസ് പിന്മാറ്റം പൂർത്തിയായതോടെ വെടിനിർത്തൽ പ്രഖ്യാപിക്കാതെ, പരമാവധി പ്രദേശങ്ങൾ പിടിച്ചെടുക്കാനുള്ള നീക്കമാണു ശക്തമാക്കിയത്. പിന്നീട് അഷ്റഫ് ഗനി സർക്കാരുമായുള്ള സമാധാനചർച്ചയിൽ വിലപേശലിനു വേണ്ടിയാണിത്. അഫ്ഗാനിൽ ഏറ്റുമുട്ടൽ തുടരുന്നതിനിടെ കഴിഞ്ഞ വാരാന്ത്യത്തിലും ഖത്തറിൽ അഫ്ഗാൻ സർക്കാർ– താലിബാൻ പ്രതിനിധികൾ തമ്മിൽ സമാധാനചർച്ച നടന്നിരുന്നു.
താലിബാൻ പരമോന്നത നേതാവ് ഹിബാത്തുല്ല അഖുൻഡസാദാ ആവർത്തിക്കുന്നതു സമാധാനപരമായ രാഷ്ട്രീയ തീർപ്പിനാണു താൻ ആഗ്രഹിക്കുന്നതെന്നാണ്. പക്ഷേ, വെടിനിർത്തലിന് അവർ സന്നദ്ധരല്ല. അഫ്ഗാനിസ്ഥാനിലെ അടിസ്ഥാനസൗകര്യ വികസനത്തിലും നിർമാണമേഖലയിലും ഇന്ത്യയുടെ നിക്ഷേപം 200 കോടി ഡോളറാണ്. യുഎസ് പൊടുന്നനെ കളം വിട്ടതോടെ ഇന്ത്യ അഫ്ഗാനിൽ ഒറ്റപ്പെടുകയും ചെയ്തു.
വൈകിയ നേരത്ത് റഷ്യയുടെയും ഇറാന്റെയും സഹായം ഇന്ത്യ തേടിയെങ്കിലും റഷ്യയുടെയും ഇറാന്റെയും നയങ്ങൾ നിശ്ചയിക്കുന്നതിൽ നിലവിൽ ഇന്ത്യയ്ക്ക് ഒരു സ്ഥാനവുമില്ല. ഇന്ത്യയെക്കാൾ, ചൈനയുമായി നല്ല ബന്ധമുണ്ടാക്കാനാണ് ഇറാന്റെ ശ്രമം. അമേരിക്കയുടെ താൽപര്യങ്ങൾക്കു പിന്നാലെ പോയാതാണ് മേഖലയിൽ ഇന്ത്യ വെട്ടിലാവാൻ കാരണമെന്ന് ഇതിനകം വിമർശനം ഉയർന്നു കഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല