
സ്വന്തം ലേഖകൻ: അപകടകരമായ മുഖമുള്ള താലിബാനെ അംഗീകരിക്കാൻ കഴിയില്ലെന്ന് യൂറോപ്യൻ യൂണിയൻ. താലിബാൻ നേതൃത്വം നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കപ്പെടുമെന്ന് ഉറപ്പ് പറയാനാകില്ലെന്ന് യൂറോപ്യൻ യൂണിയൻ കമ്മീഷൻ ചീഫ് ഉർസുല വോൺ ഡെർ ലെയെൻ വ്യക്തമാക്കി.
റഷ്യ, ചൈന, ഇറാൻ, പാകിസ്ഥാൻ രാജ്യങ്ങൾ താലിബാനെ അംഗീകരിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് യൂറോപ്യൻ യൂണിയൻ നിലപാട് കടുപ്പിച്ചത്. താലിബാനുമായി ഒരു തരത്തിലുമുള്ള ചർച്ചകൾക്കും തയ്യാറല്ല. താലിബാൻ്റെ മുന്നേറ്റത്തോടെ അഫ്ഗാനിസ്ഥാനിൽ അഭയാർഥികളാകുന്നവരെ സഹായിക്കണം. അഭയാർഥികളെ പുനരധിവസിപ്പിക്കാൻ സഹായിക്കുന്ന യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് ധനസഹായം നൽകുമെന്നും ഉർസുല വോൺ ഡെർ ലെയെൻ പറഞ്ഞു.
അടുത്തയാഴ്ച നടക്കുന്ന ജി 7 മീറ്റിംഗിൽ അഫ്ഗാനിസ്ഥാനിലെ പുനരധിവാസ പ്രശ്നം ഉന്നയിക്കാൻ ആലോചനയുണ്ട്. താലിബാൻ്റെ നിലപാടുകൾ ശ്രദ്ധിക്കുകയും അവിടുത്തെ സാഹചര്യങ്ങൾ യൂറോപ്യൻ യൂണിയൻ വിലയിരുത്തുകയു ചെയ്യുകയാണിപ്പോൾ. അഫ്ഗാനിസ്ഥാനിലെ മനുഷ്യവകാശ പ്രവർത്തനങ്ങൾ ശക്തപ്പെടുത്താൻ 57 മില്യൺ യൂറോ (67 ദശലക്ഷം ഡോളർ) നൽകാൻ നിർദേശം നൽകും. പെൺകുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങളും സ്വാതന്ത്രങ്ങളും നിർണായകമാണെന്നും ലെയെൻ പറഞ്ഞു.
അതിനിടെ താലിബാനെ പിന്തുണച്ചും പുകഴ്ത്തിയും ചൈനീസ് വിദേശകാര്യ മന്ത്രാലയം വീണ്ടും രംഗത്ത്. വിദേശകാര്യ മന്ത്രാലയം വക്താവ് ഹ്യൂ ച്യുൻയിങ്ങാണ് ഔദ്യോഗിക പ്രസ്താവനയിലൂടെ നിലപാട് വ്യക്തമാക്കിയത്.അഫ്ഗാനിസ്താന്റെ പരമാധികാരം മാനിക്കുന്ന തങ്ങൾ താലിബാനുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്ന് ഹ്യൂ ച്യൻയിങ് പറഞ്ഞു.
”താലിബാൻ കഴിഞ്ഞ തവണ അധികാരത്തിലിരുന്നതിനേക്കാൾ സമചിത്തതയുള്ളവരും യുക്തിയുള്ളവരുമാണെന്ന് നിരവധി പേർ വിശ്വസിക്കുന്നുണ്ട്. താലിബാൻ ഗുണാത്മകമായ ഭരണം നടത്തുമെന്നും യോജിച്ച രാഷ്ട്രീയ അന്തരീക്ഷം ഉണ്ടാക്കുമെന്നും എല്ലാവരെയും ഉൾകൊള്ളുമെന്നും ചൈന പ്രതീക്ഷിക്കുന്നു”.
”തീവ്രവാദവും ക്രിമിനലിസത്തിനും തടയിട്ട് താലിബാൻ സമാധാനം സൃഷ്ടിക്കണം. യുദ്ധത്തെ അതിജീവിച്ച ജനങ്ങൾക്ക് സമാധാനപരമായി ജീവിക്കണം. അഫ്ഗാനിൽ ദ്രുതഗതിയിലുണ്ടായ പരിണാമങ്ങളെക്കുറിച്ചും പൊതുജനാഭിപ്രായങ്ങളെക്കുറിച്ചും ലോകത്തെ മറ്റുള്ളവർക്ക് വസ്തുനിഷ്ഠമായ വിധികളില്ല. ഇക്കാര്യത്തിൽ പശ്ചാത്യ രാജ്യങ്ങൾ പ്രത്യേകിച്ചും ഒരു പാഠം പഠിക്കണമെന്ന് ഞാൻ കരുതുന്നു,” ഹ്യൂ പറഞ്ഞു.
അഫ്ഗാൻ ജനതയുടെ സ്വയം നിർണയാധികാരത്തെ മാനിക്കുന്നുവെന്നും അവരുമായും സൗഹാർദപൂർണമായ ബന്ധം സ്ഥാപിക്കാൻ തയാറാണെന്നും ഹ്യൂ ച്യൻയിങ് നേരത്തേ അറിയിച്ചിരുന്നു. താലിബാന് കാബൂളിലെത്തുന്നതിന് മുമ്പ് തന്നെ ചൈനയുമായി ചർച്ചകൾ നടത്തിയതിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
അതേസമയം, കടുത്ത ഭീകര പ്രതിഛായയുള്ള താലിബാൻ ഒൗദ്യോഗികമായി അധികാരമേറുന്നതിന് മുമ്പ് തന്നെ ചൈന പിന്തുണ വാഗ്ദാനം ചെയ്തത് ലോകരാജ്യങ്ങളെ ഞെട്ടിച്ചിരുന്നു. അഫ്ഗാനുമായി 76 കിലോമീറ്ററോളം അതിർത്തി പങ്കിടുന്ന രാജ്യമാണ് ചൈന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല