1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2022

സ്വന്തം ലേഖകൻ: പത്ത് വര്‍ഷത്തിനിടയിലെ വലിയ ഭൂകമ്പത്തിന് സാക്ഷ്യം വഹിച്ച അഫ്ഗാനിസ്ഥാനില്‍ രക്ഷപ്രവര്‍ത്തനം എങ്ങനെ ഏകോപിപ്പിക്കണമെന്നറിയാതെ താലിബാന്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടുന്നു.മരണസംഖ്യ ഉയരുന്നതോടെ ലോകരാജ്യങ്ങളോട് സഹായം അഭ്യര്‍ത്ഥിക്കുകയാണ് താലിബാന്‍ സര്‍ക്കാര്‍. റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 1500 ലധികം പേര്‍ക്ക് പരിക്കുമേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. അഫ്ഗാനിലെ പാക് അതിര്‍ത്തിയ്‌ക്ക് സമീപമുള്ള പാക്തിക പ്രവിശ്യയില്‍ ഇന്നലെ പുലര്‍ച്ചെയോടെയാണ് ഭൂചലനം ഉണ്ടായത്.

ഇടുങ്ങിയ താഴ്വരകളില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടു തന്നെ മരണസംഖ്യ ഇനിയും ഉയരാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് വിദേശകാര്യ വക്താവ് അന്താരാഷ്‌ട്ര സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ എത്ര പേര്‍ കുടുങ്ങിയിട്ടുണ്ടെന്ന് വ്യക്തമല്ലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. നാട്ടുകാരുടെ സഹായത്തോടെ താലിബാന്‍ ഭരണകൂടം രക്ഷപ്രവര്‍ത്തനം നടത്തുന്നുണ്ട്. കനത്ത മഴയും മണ്ണിടിച്ചിലും രക്ഷപ്രവര്‍ത്തനം സങ്കീര്‍ണമാക്കുന്നു. കണ്ടെടുത്ത മൃതദേഹങ്ങളില്‍ പലതും പുതപ്പ് പുതച്ച നിലയിലായിരുന്നു. രാത്രിയായിരുന്നതിനാല്‍ പലരും ഉറക്കത്തില്‍ തന്നെ ദുരന്തത്തിന് ഇരയാകുകയായിരുന്നു.

താലിബാന്‍ പ്രതിരോധമന്ത്രാലയത്തിനാണ് രക്ഷപ്രവര്‍ത്തന ചുമതല. ഭൂപ്രകൃതി ഘടനയും പ്രതികൂല കാലവസ്ഥയും രക്ഷപ്രവര്‍ത്തനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് ഐക്യരാഷ്‌ട്ര സഭയുടെ ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ ഓഫീസ് പറഞ്ഞു. യുഎന്‍ മാനുഷിക കാര്യാലയം ആരോഗ്യ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. അപകടത്തില്‍ പെട്ടവരുടെ പട്ടിക തയ്യാറാക്കുകയാണെന്നും മരണസംഖ്യ ഉയരാനും സാധ്യതയുണ്ടെന്നും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

അഫ്ഗാനിസ്ഥാനില്‍ സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമാണ്. താലിബാന്‍ ഭരണം പിടിച്ചെടുത്തതോടെ ബാങ്കിംഗ് മേഖലയിലും വികസന മേഖലയിലുമായി സാമ്പത്തിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സാദ്ധ്യമായ എല്ലാ സഹായങ്ങളും ഉറപ്പ് നല്‍കുമെന്ന് പ്രധാനമന്ത്രി മോദി അറിയിച്ചിരുന്നു. യുഎസ് പ്രസിഡന്റ് അന്താരാഷ്‌ട്ര വികസന ഫെഡറല്‍ ഗവണ്‍മെന്റ് ഏജന്‍സിയോട് സഹായം എത്തിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.