
സ്വന്തം ലേഖകൻ: അഫ്ഗാനിൽ നിന്ന് 24 മണിക്കൂറിനിടെ 18 വിമാനങ്ങളിലായി രണ്ടായിരത്തോളം പേരെ ഒഴിപ്പിച്ചെന്ന് യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണിന്റെ വക്താവ് ജോൺ കെർബി അറിയിച്ചു. ഇവരിൽ 325 പേർ യുഎസ് പൗരന്മാരാണ്. ദിവസം 9000 പേരെ വരെ ഒഴിപ്പിക്കുകയാണ് യുഎസ് ലക്ഷ്യം. കാബൂൾ വിമാനത്താവളത്തിലേക്ക് അഫ്ഗാൻകാരുടെ യാത്ര തടയാതിരിക്കാൻ താലിബാനുമായി യുഎസ് സേന നിരന്തരം സമ്പർക്കത്തിലാണെന്നും അറിയിച്ചു.
വിമാനത്താവളത്തിൽ ഇപ്പോഴുള്ളത് 4500 സൈനികരാണ്. ഇനിയും സൈനികർ എത്തും. സ്പെഷൽ ഇമിഗ്രന്റ് വിസയ്ക്ക് അപേക്ഷിച്ച അഫ്ഗാൻകാരുടെ രേഖകൾ പൂർത്തീകരിക്കുന്ന നടപടിയും പുരോഗമിക്കുകയാണ്. ഇതിനിടെ, അഫ്ഗാനിൽ സ്ത്രീകളുടെ അവകാശങ്ങൾ മാനിക്കണമെന്നാവശ്യപ്പെട്ട് യുഎസും ബ്രിട്ടനും യൂറോപ്യൻ യൂണിയനും 18 മറ്റു രാജ്യങ്ങളും ഒപ്പിട്ട സംയുക്തത പ്രസ്താവനയും പുറത്തിറക്കി.
അതിനിടെ താലിബാൻ രാജ്യത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്തെങ്കിലും അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അമേരിക്കയുടെ സൈനിക പിന്മാറ്റം വൈകുമെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ. അമേരിക്കൻ പൗരന്മാരെ പൂർണമായും ഒഴിപ്പിക്കേണ്ട സാഹചര്യമുണ്ട്. അവരെ പൂർണമായി തിരികെ എത്തിക്കുന്നതുവരെ സൈന്യം അഫ്ഗാനിൽ തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ പല പ്രദേശങ്ങളിലായി പൗരന്മാർ കുടുങ്ങിയിട്ടുണ്ടെങ്കിൽ അവരെയും തിരികെ എത്തിക്കും. കാബൂൾ വിമാനത്താവളത്തിന് അപ്പുറമുള്ള പ്രദേശങ്ങളിലെത്തി ഒഴിപ്പിക്കൽ നടപടി പൂർത്തിയാക്കുന്നതിൽ സൈന്യത്തിന് പരിമിതികളുണ്ടെന്നും എ.ബി.സി ന്യൂസിന് നൽകിയ അഭിമുഖത്തിൽ ബൈഡൻ വ്യക്തമാക്കി. അമേരിക്കൻ സൈന്യത്തിൻ്റെ പിന്മാറ്റം അഫ്ഗാനിസ്ഥാനിൽ താലിബാൻ്റെ മുന്നേറ്റത്തിന് കാരണമായതോടെ ആരോപണങ്ങൾ തുടരുന്നതിനിടെയാണ് വിഷയത്തിൽ ബൈഡൻ പ്രതികരിച്ചത്. അതേസമയം, സൈനിക പിന്മാറ്റത്തിൽ മാറ്റം ഉണ്ടാകില്ലെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അമേരിക്കൻ സൈന്യത്തിനൊപ്പം പ്രവർത്തിച്ചിരുന്ന ആയിരക്കണക്കിന് അഫ്ഗാൻ പൗരന്മാരെ രക്ഷിക്കുമെന്ന് ബൈഡൻ കൂട്ടിച്ചേർത്തിരുന്നു. നിലവിലെ സ്വീകരിച്ച തീരുമാനത്തിൻ്റെ ഉത്തരവാദിത്തം പ്രസിഡൻ്റ് എന്ന നിലയിൽ ഏറ്റെടുക്കും. മറ്റൊരു രാജ്യത്തെ ആഭ്യന്തരപ്രശ്നങ്ങൾക്ക് നടവിൽ നിന്ന് പോരാടാൻ സ്വന്തം സൈന്യത്തോട് ഇനിയും പറയാൻ കഴിയില്ലെന്നും ബൈഡൻ തുറന്നടിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല