1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 21, 2020

സ്വന്തം ലേഖകൻ: അഫ്ഗാന്‍-സോവിയറ്റ് യൂണിയന്‍ യുദ്ധത്തിലെ ഏക വനിതായോദ്ധാവായിരുന്ന കമാന്‍ഡര്‍ കാഫ്തര്‍(ബീബി ആയിശ) താലിബാന് കീഴടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ബഗ്ലാന്‍ താഴ്‌വരയിലെ തിരിച്ചിലിനിടെ ബീബി ആയിശയെ കസ്റ്റഡിയിലെടുത്തതായി താലിബാന്‍ വക്താക്കളെ ഉദ്ധരിച്ച് പ്രദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ താലിബാന്‍ വാദം കമാന്‍ഡര്‍ കാഫ്റ്റര്‍ ടെലിഫോണിലൂടെ നിഷേധിച്ചതായി ജര്‍മാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, താലിബാന്‍ ബാഗ്ലാന്‍ താഴ്‌വരയില്‍ ചില ഗ്രാമങ്ങളില്‍ ആക്രമണം നടത്തിയതായി കമാന്‍ഡര്‍ കാഫ്റ്ററിന്റെ അടുത്തബന്ധുവായ ഖാസ് ഹവാസ് ഖാന്‍ ഏജന്‍സിയോട് പ്രതികരിച്ചു. കാഫ്റ്ററിന്റെ കൂട്ടാളികളായ ചിലര്‍ കീഴടങ്ങിയിട്ടുണ്ട്. സര്‍ക്കാരിന്റെ പിന്തുണ പോലുമില്ലാത്ത സാഹചര്യത്തില്‍ കീഴടങ്ങല്‍ മാത്രമായിരുന്നു വഴിയെന്നും അല്ലാത്തപക്ഷം അവര്‍ കൊല്ലപ്പെടുമായിരുന്നുവെന്നും ഖാസി പറഞ്ഞു. 120-ഓളം താലിബാന്‍ തീവ്രവാദികളാണ് താഴ്‌വരയിലേക്കെത്തിയത്. അവരെ പ്രതിരോധിക്കുന്നത് ശ്രമകരമായിരുന്നു. നിലവില്‍ മേഖല താലിബാന്റെ അധീനതയിലാണെന്നും ഖാസി വ്യക്തമാക്കി.

കാഫ്റ്ററിന്റെ മൂന്ന് മക്കളില്‍ ഒരാളും റിപ്പോര്‍ട്ടുകളെ തള്ളി രംഗത്തെത്തിയിട്ടുണ്ട്. ‘എന്റെ മാതാവ് രോഗശയ്യയിലാണ്. അവര്‍ താലിബാനു കീഴടങ്ങിയിട്ടില്ല. ഇനി ഞങ്ങള്‍ താലിബാനോട് പോരാടില്ല.’ സ്വയരക്ഷയ്ക്കുള്ള ആയുധങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും മകനായ റാസ് മുഹമ്മദ് പറഞ്ഞു.

ബീബി ആയിശ.. അഫ്ഗാന്‍-സോവിയറ്റ് യൂണിയന്‍ യുദ്ധചരിത്രത്തില്‍ ഉയര്‍ന്നു കേട്ട പേരായിരുന്നു അഫ്ഗാന്‍ പോരാളിയായ ബീബി ആയിശയുടേത്. യുദ്ധത്തിന് ശേഷവും വടക്കന്‍ അഫ്ഗാനിലെ നിയന്ത്രണമേഖലയില്‍ നിന്നുകൊണ്ട് താലിബാനെതിരേയും യു.എസ്. പിന്തുണയുള്ള കേന്ദ്രസര്‍ക്കാരിനെതിരേയും സ്വന്തം ബന്ധുക്കള്‍ക്കെതിരേയും കാലങ്ങളോളം പോരാട്ടം നയിച്ചവള്‍.

എന്നാല്‍, എഴുപതുകളിലെത്തിയ ബീബി കാല്‍മുട്ടിനെ ബാധിച്ചിരിക്കുന്ന പ്രശ്‌നങ്ങളാല്‍ കിടപ്പിലാണ്. എന്നാല്‍ സ്വന്തം പോരാട്ടത്തിന്റെ ചരിത്രത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ബീബിക്ക് അഭിമാനം മാത്രമാണ് ബാക്കിയുള്ളത്. കമാന്‍ഡര്‍ കാഫ്തര്‍ എന്ന പേരിലാണ് ബീബി ആയിശ അറിയപ്പെട്ടിരുന്നത്. ശത്രുക്കള്‍ക്കെതിരെ പക്ഷികള്‍ക്കൊത്ത വേഗതയും തീക്ഷ്ണതയുമുള്ള ബീബിയുടെ പോരാട്ടഭൂമിയിലെ നീക്കങ്ങള്‍ക്ക് ഉചിതമായിരുന്നു പ്രാവ് എന്ന അര്‍ഥം വരുന്ന കാഫ്തര്‍ എന്ന് വിളിപ്പേര്.

1979-ലെ അഫ്ഗാന്‍-സോവിയറ്റ് യൂണിയന്‍ യുദ്ധകാലം മുതല്‍ ബീബി അഫ്ഗാന്‍ സൈന്യത്തിന് വേണ്ടി യുദ്ധഭൂമിയിലുണ്ട്. യുദ്ധം അവസാനിച്ചെങ്കിലും താലിബാന്റെ അതിക്രമങ്ങള്‍ക്കെതിരേ ഔദ്യോഗികമായും അനൗദ്യോഗികമായും പട നയിച്ചു. താലിബാന്റെ നുഴഞ്ഞുകയറ്റങ്ങളെ ചെറുത്തുതോല്‍പ്പിച്ചു. എന്നാല്‍ താലിബാനെതിരെയുള്ള പോരാട്ടങ്ങളുടെ ഇടയില്‍ മൂന്ന് മക്കളെ യുദ്ധഭൂമിയില്‍ നഷ്ടപ്പെട്ടതോടെ ബീബി ആയിശ തളര്‍ന്നുതുടങ്ങി. സ്വന്തം വീട്ടില്‍ താമസിക്കുന്നത് പോലും ഭീഷണിയായതോടെ, ബന്ധുക്കള്‍ പോലും താലിബാന് വേണ്ടി വധഭീഷണി ഉയര്‍ത്തി രംഗത്തെത്തിയതോടെ അവള്‍ തകര്‍ന്നു. താഴ്‌വര വിട്ട് ദൂരേക്ക് പോവാന്‍ നിര്‍ബന്ധിതയായി.

അഫ്ഗാന് പുറത്ത് മറ്റൊരു ദേശത്ത് അഭയം തേടാന്‍ ആവര്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഭീകരശക്തികളുടെ സ്വാധീനമുള്ളപ്പോള്‍ ജീവിതം എവിടെയാണ് സുരക്ഷിതമാവുന്നതെന്ന് കണ്ടെത്താന്‍ അവര്‍ക്ക് സാധിച്ചില്ല. അതിനാല്‍ ഒരുഘട്ടത്തില്‍ സ്വന്തം താഴ്‌വരയിലേക്ക് തന്നെ അവര്‍ക്ക് തിരിച്ചുവരേണ്ടി വന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.