1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 19, 2021

സ്വന്തം ലേഖകൻ: അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ നിര്‍മിത വസ്തുവകകൾ ലക്ഷ്യമിടാന്‍ താലിബാനില്‍ ചേര്‍ന്ന പാകിസ്താനി പോരാളികളോട് പാക് ചാരസംഘടനയായ ഐ.എസ്.ഐ നിര്‍ദേശം നൽകിയതായി റിപ്പോർട്ട്. അഫ്ഗാനിസ്താനിലെ ഇന്ത്യൻ അടയാളങ്ങളെല്ലാം ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യന്‍ സര്‍ക്കാര്‍ അഫ്ഗാനിസ്താന്റെ പുനര്‍നിര്‍മാണത്തില്‍ മൂന്ന് ബില്യന്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്. ഡെലാറാമിനും സരഞ്ച് സല്‍മ ഡാമിനുമിടയിലെ 218 കിലോമീറ്റര്‍ റോഡിലടക്കം ഇന്ത്യ നിക്ഷേപം നടത്തിയിട്ടുണ്ട്. 2015-ല്‍ ഉദ്ഘാടനം ചെയ്ത പാര്‍ലമെന്റ് കെട്ടിടം അഫ്ഗാന്‍ ജനതയ്ക്കുള്ള ഇന്ത്യന്‍ സംഭാവനയുടെ ഏറ്റവും വലിയ പ്രതീകമാണ്.

അഷ്‌റഫ് ഗനിയുടെ നേതൃത്വത്തിലുള്ള അഫ്ഗാനിസ്താന്‍ സര്‍ക്കാരിനെതിരായ താലിബാന്‍ ആക്രമണത്തെ പിന്തുണക്കുന്നതിനായി പതിനായിരത്തിലധികം പാക് പൗരന്‍മാര്‍ അഫ്ഗാനില്‍ പ്രവേശിച്ചതായി കണക്കാക്കുന്നു. ഇന്ത്യന്‍ നിര്‍മിത സ്വത്തുക്കള്‍ ലക്ഷ്യമിടുന്നതിനും ഇന്ത്യന്‍ അടയാളങ്ങള്‍ നീക്കം ചെയ്യുന്നതിനും പ്രത്യക നിര്‍ദേശങ്ങളുമായിട്ടാണ് താലിബാന് വേണ്ടി പാകിസ്താന്‍ ആളുകളെ അയച്ചിട്ടുള്ളതെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ നിരീക്ഷക വൃത്തങ്ങള്‍ അറിയിച്ചു.

അഫ്ഗാനിസ്താന്റെ വിദ്യാഭ്യാസ മേഖലക്കും ഇന്ത്യ വളരെയധികം പിന്തുണ നല്‍കിയിട്ടുണ്ട്. ഇവിടെയുള്ള അധ്യാപകരേയും ജീവനക്കാരേയും പരിശീലിപ്പിക്കുന്നതില്‍ ഇന്ത്യ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അഫ്ഗാനിലെ പാകിസ്താന്‍ പിന്തുണയുള്ള ഹഖാനി ശൃംഖലയുള്‍പ്പടെയുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ വര്‍ഷങ്ങളായി ഇന്ത്യക്കെതിരെ പ്രവര്‍ത്തിച്ചുവരികയാണ്.

അഫ്ഗാനിസ്ഥാനില്‍ല്‍ അധികാരം തിരിച്ചു പിടിക്കാനുള്ള നീക്കങ്ങള്‍ താലിബാന്‍ കടുപ്പിക്കുന്നതിനിടെ പുതിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ദോഹയില്‍ തുടക്കമായി. രാഷ്ട്രീയ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്ക് അനുകൂലമാണെന്ന് ചര്‍ച്ചയില്‍ താലിബാന്‍ അറിയിച്ചതായാണ് വിവരം. ശനിയാഴ്ചയോടെയാണ് ഖത്തറിന്റെ മധ്യസ്ഥതയില്‍ താലിബാന്‍ അഫ്ഗാന്‍ സര്‍ക്കാര് സമാധാന ചര്‍ച്ചകൾക്ക് ദോഹയില്‍ തുടക്കമായത്.

താലിബാനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന നേതാക്കളും അഷ്‌റഫ് ഗനി സര്‍ക്കാര്‍ പ്രതിനിധികളുമാണ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. ചര്‍ച്ചയുടെ ആദ്യ ദിനം പ്രതീക്ഷാവഹമാണെന്നും എല്ലാ കാര്യങ്ങളിലും തുറന്ന ചര്‍ച്ചയ്ക്ക് ഇരുപക്ഷവും സന്നദ്ധത പ്രകടിപ്പിച്ചതായും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ അഫ്ഗാനിസ്ഥാനിലെ സംഘര്‍ഷത്തിന് അറുതി വരുത്താന്‍ ഒരു രാഷ്ട്രീയ ഒത്തുതീര്‍പ്പിനെ തങ്ങള്‍ ശക്തമായി അനുകൂലിക്കുന്നതായി താലിബാന്റെ പരമോന്നത നേതാവ് ഹൈബത്തുല്ല അഖുന്‍സദ പറഞ്ഞു.

വിദേശികളെ ആശ്രയിക്കുന്നതിനുപകരം, നമുക്കിടയിലുള്ള പ്രശ്നങ്ങള്‍ ആഭ്യന്തരമായി തന്നെ പരിഹരിച്ച് നമ്മുടെ മാതൃരാജ്യത്തെ രക്ഷിക്കാവുന്നതേയുള്ളൂ. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പരിഹാരം കാണുന്നതിന് താലിബാന്‍ പ്രതിജ്ഞാബദ്ധരാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ വെറുതെ സമയം കളയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കന്‍ സൈന്യത്തിന്റെ പിന്മാറ്റത്തിന് പിന്നാലെ അഫ്ഗാനിലെ പകുതിയിലേറെ ജില്ലകളും താലിബാന്‍ തിരിച്ചുപിടിച്ചിട്ടുണ്ട്. സംഘര്‍ഷം പുതിയ തലത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലുള്ള പുതിയ ചര്‍ച്ചകളെ ഏറെ പ്രതീക്ഷകളോടെയാണ് അഫ്ഗാന്‍ ജനത നോക്കിക്കാണുന്നതെന്നാണ് റിപ്പോർട്ടുകൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.