
സ്വന്തം ലേഖകൻ: താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാന്റെ പേര് ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നാക്കി. താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത പ്രസിഡന്റിന്റെ കൊട്ടാരത്തില്‍നിന്ന് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. മുമ്പ് താലിബാന്‍ ഭരണത്തില്‍ ആയിരുന്ന സമയത്ത് അഫ്ഗാനിസ്ഥാന്റെ പേരായിരുന്നു ഇത്.
സെപ്റ്റംബര്‍ 11 ആക്രമണത്തിന് പിന്നാലെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈന്യം താലിബാനെ ഭരണത്തില്‍നിന്ന് പുറത്താക്കി. അതിനിടെ, കാബൂള്‍ വിമാനത്താവളത്തില്‍നിന്ന് തീ ഉയര്‍ന്നതായി അമേരിക്കയിലെ യുഎസ് എംബസി വൃത്തങ്ങള്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍നിന്ന് നയതന്ത്ര പ്രതിനിധികളെ ഒഴിപ്പിക്കാനുള്ള നീക്കം വേഗത്തിലാക്കുമെന്ന് ഫ്രാന്‍സ് അറിയിച്ചു.
യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, യു.കെ, കാനഡ, ഓസ്‌ട്രേലിയ, യുഎസ്എ, ജര്‍മനി, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുന്നതിന് യുഎഇയിലെ വിമാനത്താവളങ്ങളില്‍ സൗകര്യം ഒരുക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. കാബൂളിലെ 11 പ്രധാന പ്രദേശങ്ങളുടെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തുവെന്നാണ് പുറത്തുവരുന്ന വിവരം.
താലിബാൻ്റെ നിയന്ത്രണത്തിലുള്ള ഭരണസംവിധാനം നിലവിൽ വരുന്നതോടെ മനുഷ്യവകാശ ലംഘനങ്ങളുടെ കേന്ദ്രമായി അഫ്ഗാനിസ്ഥാൻ മാറുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. ദക്ഷിണേഷ്യയിൽ ഏറ്റവും കൂടുതൽ വനിത പ്രാധാന്യം നൽകിയിരുന്ന പാർലമെൻ്റായിരുന്നു അഫ്ഗാനിസ്ഥാനിലേത്. 27 ശതമാനമായിരുന്നു സ്ത്രീകളുടെ പ്രാതിനിധ്യം. ആശുപത്രികളുടെയും സ്കൂളുകളുകളുടെയും പ്രവർത്തനം എത്രനാൾ ഉണ്ടാകുമെന്ന് സംശയമാണ്.
താലിബാൻ വിഭാവനം ചെയ്യുന്ന ഇസ്‌ലാമിക് ഇമാറത്തിലേക്ക് അഫ്ഗാനിസ്ഥാൻ എത്തുന്നതോടെ സ്ത്രീകളുടെ സ്വാതന്ത്രം പൂർണമായി തന്നെ ഇല്ലാതാകും. രണ്ട് കോടിയലധികം സ്ത്രീകളാണ് അഫ്ഗാനിസ്ഥാനിലുള്ളതെന്നാണ് റിപ്പോർട്ട്. ശരീഅത്ത് നിയമങ്ങൾ (ഇസ്ലാമിക നിയമം) അടിച്ചേൽപ്പിക്കുന്നതിൽ താലിബാൻ പഴയ കടുത്ത നടപടികളിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ട്. കല്ലെറിയൽ, ചാട്ടവാറടി, തൂക്കിക്കൊല്ലൽ തുടങ്ങിയ ശിക്ഷകൾ മടക്കിക്കൊണ്ടുവരാനുള്ള സാധ്യത കൂടുതലാണ്.
സ്ത്രീകളെ തട്ടിക്കൊണ്ട് പോകുന്നതും നിർബന്ധിത മതപരിവർത്തനവും വിവാഹവും സാധാരണ സംഭവമായി മാറിയേക്കും. സ്ത്രീകൾ വീടിന് പുറത്തിറങ്ങുന്നതിനും പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിനും ഇസ്ലാമിക നിയമങ്ങൾ പ്രകാരമുള്ള നിർദേശങ്ങൾ പ്രഖ്യാപിച്ചേക്കും. താലിബാൻ്റെ നിയന്ത്രണത്തിലുള്ള സർക്കാർ അധികാരത്തിൽ എത്തുന്നതോടെ അഫ്ഗാനിസ്ഥാൻ തീവ്രവാദികളുടെ സുരക്ഷിത താവളമായി മാറാനുള്ള സാധ്യതയും കൂടുതലാണ്.
താലിബാൻ്റെ നേതൃനിരയിലുള്ളവർ ഭീകരസംഘടനകളുമായി ബന്ധം പുലർത്തുന്നവരാണ്. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ ആസൂത്രകൻ ഒസാമ ബിൻ ലാദൻ താലിബാൻ സർക്കാരിന്റെ സംരക്ഷണതയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്ക അഫ്ഗാനിസ്ഥാൻ ലക്ഷ്യമാക്കി നീക്കം ആരംഭിച്ചത്. യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിൽ നിന്ന് പിന്മാറിയതോടെ തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രമാകും അഫ്ഗാൻ്റെ മണ്ണ്. വിവിധ സംഘങ്ങളുടെ സുരക്ഷിത താവളവും പ്രവർത്തിക്കാനുള്ള ഇടവുമായി മാറും.
പാകിസ്ഥാനുമായി ചേർന്നു കിടക്കുന്ന അഫ്ഗാൻ്റെ അതിർത്തി പ്രദേശങ്ങൾ നിർണായകമാകും. അഫ്ഗാനിസ്ഥാനിൽ താലിബാൻ്റെ നിയന്ത്രണത്തിലുള്ള ഭരണസംവിധാനം നിലവിൽ വരുന്നതോടെ പാകിസ്ഥാന് ഭീഷണി വർധിക്കും. അഫ്ഗാനിസ്ഥാനിലെ ഒരു വിഭാഗത്തെ ഇന്ത്യക്കെതിരെ ആയുധമാക്കാൻ പാകിസ്ഥാൻ എന്നും ശ്രമം നടത്തിയിരുന്നു. അതിർത്തി പ്രദേശങ്ങളിലുള്ളവർക്കും പിന്തുണ നൽകിയിരുന്നു. താലിബാൻ അധികാരത്തിലെത്തുന്നതോടെ ഈ സാഹചര്യം പാക് സർക്കാരിന് തിരിച്ചടിയാകും.
പാകിസ്ഥാൻ്റെ അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്ക് അഫ്ഗാനിസ്ഥാനിലെ നീക്കങ്ങൾ സഹായമാകും. താലിബാൻ്റെ മുന്നേറ്റം പാകിസ്ഥാനിലെ തീവ്രവാദത്തിന് കരുത്തും ധൈര്യവും പകരും. ഇതോടെ പാക് സർക്കാർ അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ കണ്ണിലെ കരടാകും. ഇസ്ലാമിക നിയയം അഫ്ഗാനിസ്ഥാനിൽ നിലവിൽ വരുന്നതോടെ മത സ്വാതന്ത്രങ്ങൾ ഇല്ലാതാകും.
ന്യൂനപക്ഷ വിഭാഗങ്ങൾ അടിച്ചമർത്തലുകൾക്ക് ഇരയാകാനുള്ള സാധ്യത കൂടുതലാണ്. ന്യൂനപക്ഷ വിഭാഗങ്ങളായ ഹിന്ദു, സിഖ് വിഭാഗങ്ങൾ കടുത്ത പ്രതിസന്ധികൾ നേരിടേണ്ടിവരും. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഒരു ഗുരുദ്വാരയിൽ നിന്ന് സിഖ് മത പതാകയായ നിഷാൻ സാഹിബ് നീക്കി വരാൻ പോകുന്ന സാഹചര്യത്തെക്കുറിച്ച് താലിബാൻ ദിവസങ്ങൾക്ക് മുൻപ് തന്നെ സൂചന നൽകി. ഈ സാഹചര്യത്തിൽ ഇന്ത്യയിലേക്ക് മടങ്ങാനാകും അഫ്ഗാനിസ്ഥാനിലെ ഹിന്ദു, സിഖ് വിഭാഗങ്ങൾ താൽപ്പര്യപ്പെടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല